Connect with us

Kerala

വെന്തുരുകി കേരളം; ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത

കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍ മഴ എത്തിയേക്കും. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | കൊടും ചൂടില്‍ വെന്തുരുകി കേരളം. അസഹനീയമായ ഉഷ്ണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഓരോ ദിവസവും അന്തരീക്ഷ താപനില ഉയരുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്.

ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, ജില്ലകളില്‍ 37, തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മലയോര മേഖലയിലൊഴികെ ഇന്നും നാളെയും അസ്വാസ്ഥ്യം ഉളവാക്കുന്ന കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍ മഴ എത്തിയേക്കും. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഏപ്രില്‍ 29ന് ഈ നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രതയായിരിക്കും.

Latest