From the print
ജലാശയങ്ങൾ വരുമാന തീരങ്ങളാകും; കരട് തയ്യാറാക്കാൻ ജലസേചന വകുപ്പ്
ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടുന്നു, അണക്കെട്ടുകളും നദികളും കേന്ദ്രീകരിച്ച് പദ്ധതി
കണ്ണൂർ | നദീതീരങ്ങളെയും അണക്കെട്ടുകളെയും കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ സാധ്യതാ പഠനത്തിന് പ്രാഥമിക നടപടികളായി. കേന്ദ്ര സർക്കാറിന്റെ ഡാം പോളിസിക്ക് സമാനമായി സംസ്ഥാനതലത്തിൽ കരടുരേഖ തയ്യാറാക്കാൻ ജലസേചന വകുപ്പിന് വിനോദസഞ്ചാര വകുപ്പ് നിർദേശം നൽകി.
അണക്കെട്ടുകൾ ഉൾപ്പെടെയുള്ളവയുടെ വിനോദസഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാന വിനോദസഞ്ചാര ഭൂപടത്തിൽ ജലസേചന വിനോദ സഞ്ചാരം എന്ന പുതിയ മേഖല വളർത്താനുള്ള സമഗ്ര പദ്ധതിക്കാണ് ടൂറിസം വകുപ്പ് രൂപം നൽകുന്നത്. വകുപ്പിന് കീഴിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും സന്നാഹങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും.
ജലവിഭവ വകുപ്പിന് കീഴിലെ 16 അണക്കെട്ടുകൾക്ക് പുറമെ, റെഗുലേറ്ററുകളും കൃത്രിമ മണൽത്തിട്ടകളും ചിറകളുമടക്കം 18 എണ്ണം വേറെയുമുണ്ട്. ഇവയിൽ പലതും മികച്ച വരുമാനം നൽകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായി വളർന്നുവരുന്നവയാണ്. ഇവയെ കൂടുതൽ സൗകര്യങ്ങളോടെ വികസിപ്പിച്ചാൽ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക് വൻ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
ജലാശയ ടൂറിസം വികസിപ്പിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന് പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും പാലിക്കും. ജല മലിനീകരണം തടയുക, ജലാശയങ്ങളുടെയും തീരപ്രദേശങ്ങളുടെയും സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, മാലിന്യ സംസ്കരണം ഉറപ്പാക്കുക, ജൈവവൈവിധ്യത്തിന് ഹാനികരമാകാത്ത ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികൾക്ക് മുൻഗണന നൽകും.
മലയോര മേഖലയിലെ ജലസമൃദ്ധമായ പുഴകളും നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും പ്രകൃതി സൗന്ദര്യവും സംസ്ഥാനത്തെ ടൂറിസം വികസനത്തിന് വലിയ ആസ്തിയാണ്. പുഴയോരങ്ങൾ, മലനിരകൾ, വനമേഖലകൾ എന്നിവ സംരക്ഷിച്ച് ട്രക്കിംഗ്, പ്രകൃതി നടത്തം, പക്ഷി- ശലഭ നിരീക്ഷണം, വ്യൂ പോയിന്റുകൾ, ഹോംസ്റ്റേകൾ തുടങ്ങി പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.
ആഭ്യന്തര വിനോദസഞ്ചാരികളാണ് പ്രധാനമായും ഇത്തരം മേഖലകളിൽ എത്തുന്നത്. ആഭ്യന്തര സഞ്ചാരികളെത്തിയ പ്രധാന കേന്ദ്രങ്ങളുടെ പട്ടികയിൽ 15 ഇടങ്ങളാണുള്ളത്. മൂന്നാറിലാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. കൊച്ചി, തിരുവനന്തപുരം, ഗുരുവായൂർ, കോഴിക്കോട്, തേക്കടി, വർക്കല, കോവളം, ആലപ്പുഴ, വയനാട്, കുമരകം, കോട്ടക്കൽ, പറശ്ശിനിക്കടവ്, വാഗമൺ എന്നിവിടങ്ങളിലും കൂടുതൽ സഞ്ചാരികളെത്തി. കഴിഞ്ഞ വർഷം 8.5 ലക്ഷം വിദേശ വിനോദസഞ്ചാരികൾ സംസ്ഥാനത്ത് എത്തിയിരുന്നു. ഇവർ സന്ദർശിച്ച ഇടങ്ങളും തിരക്കൊഴിഞ്ഞ മലയോര സഞ്ചാര കേന്ദ്രങ്ങളാണ്. ഇതുവഴി 73,82.02 കോടി രൂപ ടൂറിസം വകുപ്പിന് ലഭിച്ചു. കഴിഞ്ഞ മാസം വരെയുള്ള കണക്ക് പ്രകാരം, ഒരുവർഷ കാലയളവിൽ 4,28,96,085 രൂപയാണ് ടൂറിസം മേഖലയിൽ നിന്ന് സർക്കാറിന് ലഭിച്ചത്.
Content Highlights:
The Kerala government has initiated a comprehensive plan to develop tourism centers around riverbanks and dams across the state. Following a directive to draft a policy similar to the central dam policy, the tourism department aims to boost state revenue through sustainable water tourism. Environmental safeguards will be prioritized while expanding infrastructure for visitors.





