International
ഫ്രാന്സ്, ഇറ്റലി, പോര്ച്ചുഗല്, യു എസ്...: പ്രതിഷേധാഗ്നിയിൽ എരിഞ്ഞ് രാജ്യങ്ങൾ
തുടര്ച്ചയായി ഉണ്ടാകുന്ന പ്രതിഷേധങ്ങള് കാട്ടുതീ പോലെ പടരാന് സാധ്യതയുള്ള സാഹചര്യമാണ് നിലവില്
ന്യൂഡല്ഹി | ഫ്രാന്സ്, ഇറ്റലി, പോര്ച്ചുഗല്, യു എസ് തുടങ്ങിയ പല രാജ്യങ്ങളും ഇപ്പോൾ പ്രതിഷേധച്ചൂടിലാണ്. ഭവന നിര്മ്മാണച്ചെലവ്, പണപ്പെരുപ്പം, പൊതു ഫണ്ടുകള്, ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തി തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളാണ് ഫ്രാന്സ് മുതല് അര്ജന്റീന വരെയുള്ള രാജ്യങ്ങളിലെ പ്രതിഷേധങ്ങളുടെ പ്രധാന കാരണങ്ങള്. തുടര്ച്ചയായി ഉണ്ടാകുന്ന പ്രതിഷേധങ്ങള് കാട്ടുതീ പോലെ പടരാന് സാധ്യതയുള്ള സാഹചര്യമാണ് നിലവിലുള്ളത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിലക്കയറ്റത്തിലുള്ള ജനങ്ങളുടെ രോഷവും വിദ്യാഭ്യാസ മേഖലക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതും സ്കൂളുകളിലെ മോശം സാഹചര്യങ്ങളുമാണ് ഫ്രാന്സിലെ പ്രതിഷേധങ്ങളുടെ കാരണങ്ങള്. നിലവിലെ നിയമമനുസരിച്ച് വീണ്ടും മത്സരിക്കാന് കഴിയാത്തതിനാല് ഈ തെരഞ്ഞെടുപ്പോടെ പ്രസിഡന്റ് ഇമാനുവല് മാക്രോണിന്റെ ഭരണകാലം അവസാനിക്കും. കഴിഞ്ഞ മാസം അധ്യാപകരും വിദ്യാര്ത്ഥികളും ചേര്ന്ന് വിദ്യാഭ്യാസ ഫണ്ടിംഗിനായി പാരീസില് നടത്തിയ പ്രാദേശിക പ്രതിഷേധമാണ് പിന്നീട് വലിയൊരു പ്രക്ഷോഭമായി മാറിയത്. പ്രതിഷേധം തുടങ്ങിയതുമുതല് പലയിടത്തും അക്രമാസക്തമായ ഏറ്റുമുട്ടലുകള് റിപ്പോര്ട്ട് ചെയ്തു. ഇന്ധനവില വര്ദ്ധനവിനും ജീവിതച്ചെലവ് വര്ദ്ധിക്കുന്നതിനുമെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില് 5.5 ലക്ഷം ആളുകള് പങ്കെടുത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു.

പൊതു ചെലവുകള് വെട്ടിക്കുറച്ചതും കുടുംബച്ചെലവുകള് വര്ദ്ധിച്ചതുമാണ് ബെല്ജിയത്തില് വിദ്യാര്ത്ഥികളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. ഉന്നത വിദ്യാഭ്യാസത്തിനോ സര്വകലാശാല രജിസ്ട്രേഷനോ ഉയര്ന്ന ഫീസ് നല്കാന് വിദ്യാര്ത്ഥികള് തയ്യാറയില്ല. കഴിഞ്ഞ ദിവസം ബ്രസ്സല്സിലും ലിയേജിലും പ്രതിഷേധക്കാരും പോലീസും തമ്മില് ഏറ്റുമുട്ടലുണ്ടായതിനെത്തുടര്ന്ന് പോലീസ് ജലപീരങ്കികള് പ്രയോഗിച്ചു.

വര്ധിക്കുന്ന ജീവിതച്ചെലവിനും കുറഞ്ഞ വേതനത്തിനും വീടുകള്ക്കുള്ള വിലക്കയറ്റത്തിനുമെതിരെയാണ് പോര്ച്ചുഗലിലെ ലിസ്ബനില് ആയിരക്കണക്കിന് ആളുകളുടെ പ്രതിഷേധം. 2017ന് ശേഷം ലിസ്ബനടക്കമുള്ള പല നഗരങ്ങളിലും വസ്തുക്കളുടെ വില ഇരട്ടിയിലധികമായി വര്ധിച്ചു. ഈ വര്ദ്ധനവ് തൊഴിലാളികളെയും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വീട് വാങ്ങാന് കഴിയാത്ത അവസ്ഥക്ക് പുറമെ വാടകക്ക് താമസിക്കുന്നത് പോലും താങ്ങാനാവാത്തത്ര ചെലവേറിയതായിയെന്നതാണ് പലരുടേയും പ്രധാന പ്രശ്നം. ഫ്രാന്സിലെ പ്രതിഷേധങ്ങളില് നിന്ന് വ്യത്യസ്തമായി വേതനം, ഭവനം, ജീവിതച്ചെലവ് എന്നിവയാണ് പോര്ച്ചുഗലിലെ പ്രതിഷേധങ്ങള്.

യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ ഇറ്റലിയിലും സമാനമായ പ്രശ്നങ്ങള് ഉടലെടുത്തിരിക്കുകയാണ്. വേതന വര്ദ്ധനവില്ലായ്മ, പണപ്പെരുപ്പം, ദൈനംദിന ചെലവുകള് കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവക്കെതിരെയാണ് ഇറ്റലിയിലെ മിലാനില് പ്രതിഷേധങ്ങളും സംഘര്ഷങ്ങളും റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. ഫ്രാന്സിലുണ്ടായ പ്രതിഷേധങ്ങളെ അപേക്ഷിച്ച് ഇറ്റലിയിലെ പ്രതിഷേധങ്ങള് ചെറുതാണ്.

സര്വകലാശാലകളിലെ മോശം സാഹചര്യങ്ങളും ഉയര്ന്ന വിദ്യാഭ്യാസച്ചെലവും സാമ്പത്തിക സഹായമില്ലായ്മയും ബിരുദാനന്തര ബിരുദത്തിന് ശേഷമുള്ള തൊഴിലവസരങ്ങളുടെ കുറവുകളും ചൂണ്ടിക്കാട്ടിയാണ് അല്ബേനിയയിലെ വിദ്യാര്ത്ഥികള് പ്രതിഷേധവുമായി രംഗത്തെത്തിയത്. അല്ബേനിയയുടെ തലസ്ഥാന നഗരമായ ടിരാനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില് ഒക്ടോബര് 13ന് നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര് കെട്ടിടത്തിന് നേരെ ഇഷ്ടികകളും കോണ്ക്രീറ്റ് കട്ടകളും എറിഞ്ഞതിനെത്തുടര്ന്ന് കര്ശന നടപടികളുമായി പോലീസ് രംഗത്തെത്തി. അസമത്വം, തൊഴിലില്ലായ്മ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം തുടങ്ങിയ വിഷയങ്ങളും പ്രതിഷേധക്കാരുടെ ആവശ്യങ്ങളാണ്.

പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ എതിര്ക്കുന്ന നോ കിംഗ്സ് എന്ന ശൃംഖലയുടെ നേതൃത്വത്തില് അമേരിക്കയിലുടനീളം റാലികള് നടക്കുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പുകളില് ജനങ്ങളെ നേരത്തെ വോട്ട് ചെയ്യാന് പ്രേരിപ്പിക്കുക എന്നതായിരുന്നു റാലികളുടെ ലക്ഷ്യം. ട്രംപിന്റെ ഭരണത്തില് അതൃപ്തരായ ആളുകള് കഴിഞ്ഞ രണ്ട് വര്ഷമായി നടത്തിവരുന്ന നോ കിംഗ്സ് മാര്ച്ചുകളുടെ തുടര്ച്ചയായാണ് ഇത് സംഘടിപ്പിച്ചതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പക്ഷത്തോടും ചേരാത്ത പ്രതിഷേധിമായാണ് അവതരിപ്പിച്ചത്.

പ്രസിഡന്റ് ഹാവിയര് മിലി ഉന്നത വിദ്യാഭ്യാസ മേഖലക്കുള്ള ചെലവുകള് വെട്ടിക്കുറച്ചതിനെതിരെ അര്ജന്റീനയില് പ്രതിഷേധക്കാരും പോലീസും തമ്മില് ഏറ്റുമുട്ടലുണ്ടായി. പാര്ലമെന്റിന് പുറത്ത് ആയിരക്കണക്കിന് സര്വകലാശാല വിദ്യാര്ത്ഥികളും ജീവനക്കാരും ട്രേഡ് യൂണിയന് പ്രവര്ത്തകരും പ്രതിപക്ഷ പ്രവര്ത്തകരും നടത്തിയ പ്രധാന പ്രതിഷേധം സമാധാനപരമായിരുന്നു. 2023 അവസാനത്തോടെ മിലി അധികാരമേറ്റതിന് ശേഷം വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിംഗ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത്തെ പ്രതിഷേധമാണിത്. പൊതു സര്വകലാശാലകള്ക്ക് കൂടുതല് തുക അനുവദിക്കണമെന്ന് നിഷ്കര്ഷിക്കുന്ന 2025ലെ നിയമം നടപ്പിലാക്കാന് സര്ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള കോടതി ഉത്തരവുകള്ക്ക് പിന്നാലെയാണ് ഈ പ്രതിഷേധം ആരംഭിക്കുന്നത്.

പണപ്പെരുപ്പവും ജീവിതച്ചെലവിലുണ്ടായ വര്ധനവും കാരണം കഴിഞ്ഞ മാസം തുര്ക്കിയില് പെന്ഷന് തുകയില് വലയുന്ന ആളുകളുടേയും തൊഴിലാളി സംഘടനകളുടേയും പ്രതിഷേധം. അന്തസ്സോടെ ജീവിക്കാനും അടിസ്ഥാന ഗാര്ഹിക ചെലവുകള് കണ്ടെത്താനുമുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് പെന്ഷന് വാങ്ങുന്നവര് അങ്കാറയിലെ ഭരണഘടനാ കോടതിക്ക് മുന്നില് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയില് തുര്ക്കി പതാകയുമായി പണത്തിനല്ല, ഞങ്ങളുടെ അഭിമാനത്തിന് വേണ്ടി എന്നെഴുതിയ പ്ലക്കാര്ഡുമായി നിന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ അലി സെകെറോഗ്ലു എന്ന 60കാരന് തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും തൊഴില്രഹിതരായ രണ്ട് മക്കളെക്കുറിച്ചും സംസാരിച്ചതിന് ശേഷം തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചിരുന്നു.

സ്പെഷ്യല് ഇന്റന്സീവ് റിവിഷന് (എസ് ഐ ആര്) എന്ന പേരില് വോട്ടര് പട്ടിക പുതുക്കുന്ന പ്രക്രിയയില് ക്രമക്കേടുകള് നടന്നതായി ആരോപിച്ച് ഇന്ത്യയിലും പ്രതിപക്ഷ പാര്ട്ടികളും കോക്രോച്ച് ജനതാ പാര്ട്ടി (സി ജെ പി)യും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. നീറ്റ് പരീക്ഷാ പേപ്പര് ചോര്ച്ചക്കെതിരെ സി ജെ പിയും പ്രതിപക്ഷ പാര്ട്ടികളും പ്രതിഷേധിച്ചതിനെത്തുടര്ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവെച്ചിരുന്നു. എന്നാല് എസ് ഐ ആര് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും ഇന്ത്യന് തിരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിച്ചിരിക്കുകയാണ്.


