editorial
കേരകൃഷിയില്‍ കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കണം
കേരളത്തിന്റെ ജീവിത സംസ്‌കാരവുമായി ചേര്‍ന്നതാണ് നാളികേരം. ഭക്ഷ്യ സംസ്‌കാരം മുതല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ വരെ നാളികേരാധിഷ്ഠിതമാണ് സംസ്ഥാനത്ത്. എന്നിട്ടും എന്തുകൊണ്ട് ഉത്പാദനത്തില്‍ ഇടിവ് സംഭവിച്ചു?
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കേര വികസന ബോര്‍ഡ് പുറത്തുവിട്ട പുതിയ കണക്കില്‍ നാളികേരോത്പാദനത്തില്‍ കേരളം മൂന്നാം സ്ഥാനത്ത് തന്നെ. 2023-24 വര്‍ഷത്തില്‍ 6,151 ദശലക്ഷം നാളികേരം ഉത്പാദിപ്പിച്ച കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 6,091 ദശലക്ഷം ഉത്പാദിപ്പിച്ച് തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 5,722 ദശലക്ഷമണ് കേരളത്തിലെ ഉത്പാദനം.
നാളികേര ഉത്പാദനത്തിന്റെ ആസ്ഥാനമായിരുന്നു നേരത്തേ കേരളം. ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു ദശകങ്ങളോളം. “കേരം തിങ്ങും നാട്’ എന്നായിരുന്നു സംസ്ഥാനത്തിന്റെ വിശേഷണം. ഏതാനും വര്‍ഷങ്ങളായി നാളികേര കൃഷിയില്‍ കേരളം പിറകോട്ടാണ്. 2022-23 വര്‍ഷം മുതലാണ് കേരളത്തിന്റെ ആധിപത്യം നഷ്ടമായതും കര്‍ണാടക ഏറ്റവും വലിയ നാളികേര ഉത്പാദക സംസ്ഥാനമായി മാറിയതും. തുങ്കൂല്‍, മാണ്ഡ്യ, ഹാസന്‍ ജില്ലകളാണ് കര്‍ണാടകയിലെ നാളികേര ഉത്പാദനത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്നത്.
കേരളത്തിന്റെ ജീവിത സംസ്‌കാരവുമായി ചേര്‍ന്നതാണ് നാളികേരം. ഭക്ഷ്യ സംസ്‌കാരം മുതല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥ വരെ നാളികേരാധിഷ്ഠിതമാണ് സംസ്ഥാനത്ത്. എന്നിട്ടും എന്തുകൊണ്ട് ഉത്പാദനത്തില്‍ ഇടിവ് സംഭവിച്ചു? കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവില്‍ വന്ന കുറവും ഉത്പാദനക്ഷമതാ കുറവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2000ത്തില്‍ 9.25 ലക്ഷം ഹെക്ടര്‍ വരുമായിരുന്നു കേരളത്തിലെ കേരകൃഷിയിടം. 2017ല്‍ അത് 8.07 ലക്ഷം ഹെക്ടറായും 2024ല്‍ 7.59 ലക്ഷം ഹെക്ടറായും ചുരുങ്ങി. മാത്രമല്ല, കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഏക്കറുകളോളം വിസ്തൃതിയുള്ള തെങ്ങിന്‍തോപ്പുകളാണ് കൂടുതലെങ്കില്‍ കേരളത്തില്‍ ചെറിയ തോപ്പുകളാണ് ഭൂരിഭാഗവും. ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെ പോലെ കൃഷിയിടങ്ങളില്‍ യന്ത്രവത്കരണം പ്രായോഗികമാകുന്നില്ല. ഉത്പാദനച്ചെലവ് കൂടുതലും. തൊഴിലാളി ക്ഷാമവും ഉയര്‍ന്ന വേതനച്ചെലവും കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്ന ഘടകങ്ങളാണ്. ഉത്പാദനക്ഷമത കുറവാണ് കേരളത്തില്‍. അയല്‍ സംസ്ഥാനങ്ങളില്‍ ഒരു തെങ്ങില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി 200 തേങ്ങ വരെ ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇതിന്റെ പകുതിയിലും താഴെയാണ്.
രോഗ- കീടബാധകളാണ് മറ്റൊരു പ്രശ്‌നം. കാറ്റുവീഴ്ച, മണ്ഡരി, കൊമ്പന്‍ കൊല്ലിയുടെ ആക്രമണം തുടങ്ങി ഉത്പാദനക്ഷമതയെ ബാധിക്കുന്ന തരത്തിലുള്ള രോഗബാധിതമാണ് തെങ്ങുകളില്‍ പകുതിയും. ഇത് നിയന്ത്രിക്കുന്നതിലും രോഗബാധിതമായ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിലും കര്‍ഷകര്‍ ശ്രദ്ധിക്കുന്നുമില്ല. ജലസേചന സൗകര്യത്തിന്റെ അപര്യാപ്തതയും ഉത്പാദനക്ഷമതയെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തില്‍ നിന്ന് തെങ്ങിനെ രക്ഷിക്കാന്‍ നനവാണ് മാര്‍ഗം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായവും സഹകരണവും ആവശ്യമാണ്. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് ഇളവ് അനുവദിക്കുന്നതില്‍ ഒതുങ്ങുന്നു സര്‍ക്കാറിന്റെ സഹായം.
ഭൂമിയുടെ വിലക്കയറ്റവും നഗരവത്കരണവും ഉയര്‍ന്ന ഉത്പാദനച്ചെലവും കേരകൃഷിയെ ലാഭകരമല്ലാത്ത മേഖലയാക്കി മാറ്റിയിരിക്കുന്നു. പല നാളികേരത്തോട്ടങ്ങളും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് വഴിമാറി. ലാഭകരമല്ലാത്തതുമൂലം യുവതലമുറ കേരകൃഷിയില്‍ താത്പര്യം കാണിക്കുന്നില്ല. വിലസ്ഥിരതയില്ലായ്മയും ഗുരുതര പ്രശ്‌നമാണ്. ഇടക്കാലത്ത് വില പാടേ താഴ്ന്ന് ഒരു കിലോ നാളികേരത്തിന് എട്ട് രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിലനിലവാരം ഉയര്‍ന്ന് 70 രൂപ വരെ എത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ താത്കാലിക പരിഹാരം മാത്രമായി മാറുന്നു. വിപണി സംവിധാനത്തില്‍ ദീര്‍ഘകാല സ്ഥിരത ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല.
ഉത്പാദനത്തിലെ പിന്നോട്ടടി പരിഹരിച്ച് കേരകൃഷിയില്‍ കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കര്‍ഷകരുടെയും സര്‍ക്കാറിന്റെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കേരകൃഷിക്കുള്ള നിര്‍ണായക പങ്ക് പരിഗണിച്ച് ഒരു വീണ്ടെടുപ്പിന് വേണ്ടി കര്‍ഷകര്‍ക്ക് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായവും ഉണ്ടാകേണ്ടതുണ്ട.് രോഗം ബാധിച്ചതും പ്രായമേറിയതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ളതും പൊക്കം കുറഞ്ഞതുമായ തൈകള്‍ വെച്ചുപിടിപ്പിക്കണം. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള തൈകളോ വിത്തുകളോ ലഭ്യമാക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയാണ്.
നാളികേരത്തിന്റെ ഉപയോഗം ഭക്ഷ്യ- വെളിച്ചെണ്ണ ആവശ്യത്തില്‍ പരിമിതപ്പെടുത്താതെ തേങ്ങാപാല്‍ പൊടി, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് ബേസ്ഡ് ഫുഡ്‌സ്, കയറുത്പന്നങ്ങള്‍ തുടങ്ങിയവയില്‍ കൂടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. കര്‍ണാടകയും തമിഴ്‌നാടും ഈ മേഖലകളില്‍ വന്‍കുതിപ്പാണ് നടത്തുന്നത്. കയര്‍ മേഖലയുമായി ബന്ധപ്പെട്ട് 15,000ത്തിലധികം യൂനിറ്റുകള്‍ വഴി ലക്ഷക്കണക്കിനാളുകളാണ് തൊഴിലെടുത്തു വരുന്നത്. ഈ മേഖലയിലെ വികസനം തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സഹായകമാകും. ജലസേചന പദ്ധതികളുടെ വികസനമാണ് അനിവാര്യമായ മറ്റൊരു കാര്യം. വേനല്‍ക്കാലത്ത് തെങ്ങിന് കൃത്യമായി ജലസേചനം നടത്തിയാല്‍ ഉത്പാദനം 30 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കാനാകും. തുള്ളിനന (ഡ്രിപ്പ് ഇറിഗേഷന്‍) പോലുള്ള പദ്ധതികള്‍ വ്യാപകമാക്കേണ്ടതുണ്ട്.
ശാസ്ത്രീയ പരിചരണ മുറകള്‍ അവലംബിച്ച് നാളികേര ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ “കേരഗ്രാമം’ പദ്ധതി നടപ്പാക്കി വരുന്നുണ്ട് സര്‍ക്കാര്‍. 250 ഹെക്ടര്‍ വിസ്തൃതിയില്‍ തെങ്ങുകൃഷിയുള്ള പ്രദേശമാണ് “കേരഗ്രാമ’മായി പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുത്ത് 250 ഹെക്ടറിനേക്കാള്‍ കുറഞ്ഞ പ്രദേശങ്ങളിലും ഇത് നടപ്പാക്കേണ്ടതാണ്. ചിതറിക്കിടക്കുന്ന ചെറുകിട കൃഷിയിടങ്ങളെ സംയോജിപ്പിച്ച് വളപ്രയോഗം, ജലസേചനം, കീടനിയന്ത്രണം തുടങ്ങിയവ കുറഞ്ഞ ചെലവില്‍ നടപ്പാക്കാവുന്ന “ക്ലസ്റ്റര്‍ ഫാമിംഗും’ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.




