Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്; എം എം വര്‍ഗീസ് ഇന്നും ഇ ഡിക്കു മുമ്പില്‍ ഹാജരായേക്കില്ല

തിരഞ്ഞെടുപ്പിനു ശേഷം ഹാജരാകാന്‍ വര്‍ഗീസ് സാവകാശം തേടുമെന്നാണ് സൂചന.

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധ്യതയില്ല. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം ഹാജരാകാന്‍ വര്‍ഗീസ് സാവകാശം തേടുമെന്നാണ് സൂചന. ഇക്കാര്യം രേഖാമൂലം ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കും. തുടര്‍ച്ചയായ നാലാം തവണയാണ് ഇ ഡിയുടെ നോട്ടീസ് എം എം വര്‍ഗീസ് അവഗണിക്കുന്നത്.

ഇന്നലെ ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് വര്‍ഗീസ് ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു.

25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകളും 101 സ്ഥാവരജംഗമങ്ങളും പാര്‍ട്ടിക്കുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം എം വര്‍ഗീസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പാര്‍ട്ടിയുടെ ആസ്തി അക്കൗണ്ട് വിവരങ്ങള്‍ എത്തിക്കണമെന്നും കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടിരുന്നു.

 

Latest