Connect with us

pc george

പത്തനംതിട്ടയില്‍ പി സി ജോര്‍ജ്ജിനെതിരെ കരുനീക്കി ബി ഡി ജെ എസ്സ്

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെ ഇറക്കി ജോര്‍ജിനെ വെട്ടാനാണ് നീക്കം

Published

|

Last Updated

തിരുവനന്തപുരം |  പത്തനംതിട്ടയില്‍ മത്സരിക്കാന്‍ സ്വപ്‌നം കണ്ട് ബി ജെ പിയില്‍ ചേര്‍ന്ന പി സി ജോര്‍ജ്ജിന് തിരിച്ചടിയായി ബി ഡി ജെ എസ്സിന്റെ നിലപാട്. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെ ഇറക്കി ജോര്‍ജിനെ വെട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഒക്ടോബറില്‍ ഗവര്‍ണറുടെ കാലാവധി കഴിയുന്ന ശ്രീധരന്‍ പിള്ള മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടാണു താമസമെങ്കിലും ശ്രീധരന്‍ പിള്ളക്കു വേരുകളുള്ള മണ്ഡലമാണിത്. കെ സുരേന്ദ്രന്‍ നേതൃത്വത്തിനു ശ്രീധരന്‍പിള്ളയെ താല്‍പര്യമില്ലെങ്കിലും ആര്‍ എസ് എസ് വഴി ശ്രീധരന്‍ പിള്ള താല്‍പര്യം അറിയിച്ചതായും വിവരമുണ്ട്.

ക്രൈസ്തവ സഭകളുടെ മിത്രംകൂടിയായ ശ്രീധരന്‍പിള്ളയെ എല്ലാവിഭാഗവും അംഗീകരിക്കും എന്ന വാദം ബി ഡി ജെ എസ് മുന്നോട്ടു വയ്ക്കുന്നു. പി സി ജോര്‍ജ്ജിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു ബി ഡി ജെ എസ്. പി സി ജോര്‍ജ് പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന് സൂചന വന്ന ഘട്ടത്തില്‍ തന്നെ ബി ഡി ജെ എസ് ഇതിനു തടയിടാന്‍ നീക്കം ആരംഭിച്ചിരുന്നു. പി സി ജോര്‍ജും മകനും ബി ജെ പിയില്‍ ലയിച്ചത് പത്തനം തിട്ട സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചായിരുന്നു. കെ സുരേന്ദ്രന്റെ പദയാത്ര പത്തനംതിട്ട മണ്ഡലത്തിലെത്തിയപ്പോള്‍ സ്ഥാനാര്‍ഥി പരിവേഷത്തോടെയാണ് പി സി ജോര്‍ജ് വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് ബി ഡി ജെ എസ് നീക്കം കടുപ്പിച്ചത്.

ബി ജെ പി സര്‍വേയിലും ജോര്‍ജിനെതിരായ റിപ്പോര്‍ട്ടാണു ലഭിച്ചതോടെ ബി ഡി ജെ എസ് നീക്കം ഫലം കാണുമെന്നാണു വിവരം. പി സി ജോര്‍ജിന് മറ്റെന്തെങ്കിലും പദവികള്‍ നല്‍കി തല്‍ക്കാലം ഒതുക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുന്നുണ്ട്. പത്തനംതിട്ട മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയെന്ന് നേരത്തേ ഉറപ്പിച്ചതാണ്. ഇടത് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കിന്റെ പേരും മാസങ്ങളായി കേള്‍ക്കുന്നു. എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാത്രമേ അനിശ്ചിതത്വം നിലനില്‍ക്കുന്നുള്ളൂ.