Connect with us

Articles

കരുണാവാന്‍ നബി മുത്ത് രത്നം ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി

'കാരുണ്യം കാണിക്കുന്നവരോട് കാരുണ്യവാരിധിയായ അല്ലാഹുവും കാരുണ്യം കാണിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഭൂമിയിലുള്ള സകല ജനങ്ങളോടും കാരുണ്യം കാണിക്കുക; എന്നാല്‍ ഉന്നതനായ അല്ലാഹു നിങ്ങളോടും കാരുണ്യം കാണിക്കും'.

Published

|

Last Updated

പത്ത് ലക്ഷം വരുന്ന നബി വചനങ്ങളില്‍ നിന്ന് ഒരു ഗുരു തന്റെ ശിഷ്യന് ആദ്യമായി പഠിപ്പിച്ചുകൊടുക്കുന്ന വചനം ഇസ്ലാമിക ലോകത്ത് വളരെ പ്രശസ്തവും പതിനാല് നൂറ്റാണ്ടായി തുടര്‍ന്ന് പോരുന്നതുമാണ്. ലോകം മൊത്തം ഹദീസ് പണ്ഡിതന്മാര്‍ ഈ വചനം തന്റെ ശിഷ്യര്‍ക്ക് ആദ്യമായി പഠിപ്പിക്കുന്നു. ഇസ്ലാമിന്റെ അടിസ്ഥാന നയം വിളംബരപ്പെടുത്തുന്നതും മുഹമ്മദ് നബി(സ)യുടെ ജീവിത നിലപാടുകള്‍ വിളിച്ചറിയിക്കുന്നതുമാണ് ഈ വചനങ്ങള്‍. വചനം ഇങ്ങനെ വായിക്കാം: ‘കാരുണ്യം കാണിക്കുന്നവരോട് കാരുണ്യവാരിധിയായ അല്ലാഹുവും കാരുണ്യം കാണിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഭൂമിയിലുള്ള സകല ജനങ്ങളോടും കാരുണ്യം കാണിക്കുക; എന്നാല്‍ ഉന്നതനായ അല്ലാഹു നിങ്ങളോടും കാരുണ്യം കാണിക്കും’. പത്ത് ലക്ഷം വചനങ്ങളില്‍ നിന്ന് ഈ ഹദീസ് തന്നെ എന്തുകൊണ്ട് ഗുരു തന്റെ ശിഷ്യര്‍ക്ക് ആദ്യമായി കേള്‍പ്പിക്കുന്നുവെന്നതിന്റെ മറുപടി മാത്രം മതി ഒരാള്‍ക്ക് മുഹമ്മദ് നബി(സ)യെ അടുത്തറിയാന്‍.

വിശുദ്ധ ഖുര്‍ആന്റെ ആദ്യ വചനം നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. അല്ലാഹുവിന്റെ നാമം കൊണ്ട് ആരംഭിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന ഖുര്‍ആന്‍ അല്ലാഹുവിനെ സൃഷ്ടിലോകത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നത് ‘റഹ്മാന്‍’ എന്ന അല്ലാഹുവിന്റെ നാമം കൊണ്ടാണ്. ഈ നാമത്തിന്റെ അര്‍ഥവും ഇതിലടങ്ങിയിരിക്കുന്ന നയവുമാണ് യഥാര്‍ഥത്തില്‍ ഇസ്ലാമും ഖുര്‍ആനും. കാരണം ആറായിരത്തിലധികം വരുന്ന ചെറുതും വലുതുമായ വചനങ്ങളില്‍ നിന്ന് ആദ്യമായി നല്‍കിയ വചനം ഇതാണല്ലോ. ഖുര്‍ആന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞ റഹ്മാന്‍ എന്ന നാമത്തെ പല പണ്ഡിതന്മാരും പലനിലക്കും വിശദീകരിച്ചെങ്കിലും അതില്‍ ഏറ്റവും പ്രബലമായത് വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും അഥവാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഇഹലോകത്ത് ഗുണവും കാരുണ്യവും ചെയ്യുന്നവന്‍ എന്നാണ്.

ഇതാണ് മുഹമ്മദ് നബി(സ) ഈ ലോകത്ത് ജീവിച്ചുകാണിച്ച മാതൃക. നബി(സ)യെ കുറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത് അവിടുന്ന് ലോകത്തുള്ള സകല സൃഷ്ടികള്‍ക്കും കാരുണ്യമായാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ്. ഈ കാരുണ്യവും സ്നേഹവായ്പും വിശ്വാസികളില്‍ ഒതുങ്ങുന്നതോ കേവലം മനുഷ്യരില്‍ ഒതുങ്ങുന്നതോ ആയിരുന്നില്ല. പ്രപഞ്ചം മൊത്തം നിറഞ്ഞൊഴുകുന്ന അതിമഹത്തായ കാരുണ്യം കാഴ്ചവെച്ച അതുല്യനായ നേതാവാണ് പരിശുദ്ധ റസൂല്‍(സ). തന്റെ അനുയായികള്‍ക്ക് ഊണിലും ഉറക്കിലും ഈ കാരുണ്യവും സ്നേഹവും മാത്രമാണ് അവിടുന്ന് പഠിപ്പിച്ചത്. ഇസ്ലാമിന്റെ എക്കാലത്തെയും നയവും ഈ വിശാലമായ കാരുണ്യമാണ്.

മക്കയിലെ ശത്രുക്കള്‍ നബി(സ)യോട് കാണിച്ച അതികിരാതമായ ക്രൂരതകള്‍ ചരിത്രത്തിന് ഒരിക്കലും മറക്കാനാകില്ല. മൂന്ന് വര്‍ഷം നബിയും അനുചരരും ശത്രുക്കളുടെ ആക്രമണം നിമിത്തം പച്ചിലകള്‍ മാത്രം ഭക്ഷിച്ചാണ് ജീവിച്ചത്. അവസാനം മദീനയിലേക്ക് പലായനം ചെയ്യേണ്ടി വന്നതും ഈ ശത്രുക്കള്‍ നിമിത്തമായിരുന്നു. പക്ഷേ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. ശത്രുക്കള്‍ നബിയുടെ സവിധത്തില്‍ പൂര്‍ണമായും കീഴടങ്ങിയ നിമിഷമായിരുന്നു മക്കാവിജയം. ചിലരൊക്കെ വീടുവിട്ട് ഓടാന്‍ തുടങ്ങിയെങ്കിലും ചരിത്രം കണ്ട ഏറ്റവും വലിയ മാപ്പ് പ്രഖ്യാപനം നബി(സ) നടത്തുകയായിരുന്നു. ‘നിങ്ങള്‍ പോകൂ, എല്ലാവരും പൂര്‍ണ സ്വതന്ത്രരാണ്’. അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഹദീസ് ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. ഒരിക്കല്‍ മക്കയിലെ ശത്രുക്കളുടെ പീഡനങ്ങളും ആക്രമണങ്ങളും അതികഠിനമായപ്പോള്‍ ഒരു പാവപ്പെട്ട മനുഷ്യന്‍ വന്ന് റസൂലിനോട് ചോദിച്ചു: നബിയേ, അങ്ങേക്ക് ഈ ശത്രുക്കളെ ഒന്ന് ശപിച്ചുകൂടെ? ഉടന്‍ നബി(സ) പറഞ്ഞു, ‘ഞാന്‍ വന്നത് ശപിക്കുന്നവനായല്ല; കാരുണ്യമായിട്ട് മാത്രമാണ്’. മറ്റൊരിക്കല്‍ ശത്രുക്കളുടെ പീഡനം സഹിക്കുന്നതിലുമപ്പുറമായപ്പോള്‍ അവിടുന്ന് അല്‍പ്പാശ്വാസം തേടി മക്കയുടെ പുറത്തുള്ള ത്വാഇഫിലേക്ക് പോയി. അവിടെ ചില ബന്ധുക്കളുണ്ട് നബിക്ക്. പക്ഷേ മുഴുവന്‍ പ്രതീക്ഷകളെയും കാറ്റില്‍പറത്തി ത്വാഇഫിലെ കുട്ടികളും മുതിര്‍ന്നവരും ബന്ധുക്കള്‍ വരെയും നബിയെ കല്ലെറിയാന്‍ തുടങ്ങി. തിരിച്ചോടിയ നബി(സ) വഴിയില്‍ വിശ്രമിക്കവെ, ജിബ്്രീല്‍ വന്ന് ശത്രുക്കളെ നശിപ്പിക്കാന്‍ സമ്മതം ചോദിച്ചെങ്കിലും അവര്‍ക്കെതിരെ ചെറിയൊരു ആക്്ഷന്‍ പോലും എടുക്കാന്‍ പാടില്ലെന്ന നിലപാടാണ് അവിടുന്ന് സ്വീകരിച്ചത്.

 

Latest