Connect with us

karnataka election

കര്‍ണാടക പറയുന്നു; വര്‍ഗീയ ധ്രുവീകരണം ഇല്ലെങ്കില്‍ ബി ജെ പി ഇല്ല

ടിപ്പുവും കേരളാ സ്റ്റോറിയുമെല്ലാം അവസാനത്തെ ആയുധമായിരുന്നുവെങ്കില്‍ പര്‍ദ്ദവിവാദം മുതല്‍ മുസ്്‌ലിം സംവരണം വരെ എത്രയോ ആയുധങ്ങള്‍ അവര്‍ എടുത്തുപയോഗിച്ചു.

Published

|

Last Updated

ബംഗളുരു | വര്‍ഗീയ ചേരിതിരിവു സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി ജെ പിയുടെ വോട്ടു പെട്ടി നിറയില്ലെന്നതിന്റെ നിദര്‍ശനമാണ് കര്‍ണാടക ഉയര്‍ത്തിക്കാട്ടുന്നത്.
കര്‍ണാടകയില്‍ ഹിന്ദു-മുസ്്‌ലിം ചേരിതിരിവുകള്‍ക്കായി ബി ജെ പി ആവുന്ന കളിയൊക്കെ കളിച്ചു നോക്കിയിരുന്നു.
ടിപ്പുവും കേരളാ സ്റ്റോറിയുമെല്ലാം അവസാനത്തെ ആയുധമായിരുന്നുവെങ്കില്‍ പര്‍ദ്ദവിവാദം മുതല്‍ മുസ്്‌ലിം സംവരണം വരെ എത്രയോ ആയുധങ്ങള്‍ അവര്‍ എടുത്തുപയോഗിച്ചു.

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു യോഗത്തില്‍ ഹനുമാന്‍ ചാലിസചൊല്ലുന്ന രാഷ്ട്രനായകനെ രാജ്യത്തിനു കണ്ടുനില്‍ക്കേണ്ടിവന്നു. കോര്‍പറേറ്റ്-വര്‍ഗീയ രാഷ്ട്രീയംവഴി സമാഹരിച്ച ധനം തിരഞ്ഞെടുപ്പില്‍ ആവും വിധം ഒഴുക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്ന് ദിവസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പു വേദിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മുസ്ലീം സംവരണം അനുവദിക്കില്ല, ലിംഗായത്ത് സംവരണം കുറയ്ക്കാനും അനുവദിക്കില്ലെന്ന പ്രഖ്യാപനം കൃത്യമായ ചേരിതിരിവു ലക്ഷ്യമിട്ടുള്ളതായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ പേരില്‍ ഹിന്ദുത്വ തീവ്രവാദത്തെ ഉത്തേജിപ്പിക്കാനുള്ള പ്രസംഗങ്ങളും അമിത് ഷായും മോദിയും ആവോളം പ്രയോഗിച്ചു. ആ നിരോധനത്തെ വലിയ അഭിമാനമായി ഉയര്‍ത്തിക്കാട്ടി. നിരോധനത്തെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്ന പ്രചാരണവും അവര്‍ അഴിച്ചുവിട്ടു.
ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളെ ജാതീയമായി ഉത്തേജിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും കരനീക്കങ്ങളുമുണ്ടായി.

കര്‍ണാടകയില്‍ മുസ്ലിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു സുപ്രീം കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നു ബി ജെ പിയുടെ താരപ്രചാരകന് കോടതിയില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന തിരിച്ചടി കര്‍ണാടക ഫലത്തില്‍ പ്രതിഫലിച്ചു.

മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ മുസ്ലിംകള്‍ക്ക് കര്‍ണാടകത്തില്‍ നല്‍കിയിരുന്ന 4 ശതമാനം ഒബിസി സംവരണം അവസാനിപ്പിച്ചു എന്നായിരുന്നു അമിത് ഷാ പ്രസംഗിച്ചത്.

വര്‍ഗീയ ചേരിതിരിവ്, വ്യാജമായ ദേശീയ വികാരം എന്നിവയാണ് ബി ജെ പിയെ നയിക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പുല്‍വാമയില്‍ 40 സൈനികരുടെ ജീവന്‍ ബലികൊടുത്തതിന്റെ പേരിലും ബി ജെ പിയും പ്രധാനമന്ത്രിയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അവസരത്തിലാണ് ദക്ഷിണേന്ത്യയില്‍ നിന്നു ബി ജെ പി തൂത്തെറിയപ്പെടുന്നത്.