Connect with us

National

ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക

45 മിനിട്ട് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന ചില പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

Published

|

Last Updated

ബെംഗളുരു| ഹുക്ക ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹുക്ക ഉല്‍പന്നങ്ങളുടെയും ഷീഷയുടെയും വില്‍പന, വാങ്ങല്‍, പ്രചാരണം, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

45 മിനിട്ട് ഹുക്ക വലിക്കുന്നത് 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന ചില പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യവും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പ്രതിപാദിക്കുന്നുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

സിഒടിപിഎ (സിഗരറ്റ് & പുകയില ഉല്‍പന്നങ്ങള്‍ നിയമം) 2003, ചൈല്‍ഡ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി ആക്റ്റ് 2006, കര്‍ണാടക പോയ്‌സണ്‍ (ഉടമയും വില്‍പ്പനയും) ചട്ടങ്ങള്‍ 2015, ഫയര്‍ കണ്‍ട്രോള്‍ ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.

2023ല്‍ ബെംഗളുരുവിലെ ഹുക്ക ബാറില്‍ ഉണ്ടായ തീപിടിത്തം കണക്കിലെടുത്താണ് നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ അഗ്‌നി സുരക്ഷാ നിയമങ്ങള്‍ കൂടി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഹുക്ക നിരോധിച്ചിരുന്നു.