Connect with us

hajj 2024

ഹജ്ജ്: അനുമതിയില്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിച്ചാല്‍ പതിനായിരം റിയാല്‍ പിഴയും നാടുകടത്തലും

സുരക്ഷിമായ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായുള്ള തീര്‍ഥാടകരുടെ വരവ് ആരംഭിക്കാനിരിക്കെ, പുണ്യസ്ഥലങ്ങളിലേക്ക് ഹജ്ജ് അനുമതി പത്രമില്ലാതെ പ്രവേശിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

സുരക്ഷിമായ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം സഊദി റിയാല്‍ പിഴ ചുമത്തും. വിദേശിയാണെങ്കില്‍ അവരെ നാടുകടത്തുകയും കൂടാതെ ഇവര്‍ക്ക് സഊദിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടിതുക പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അമ്പതിനായിരം റിയാല്‍ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും. കൂടാതെ നിയമലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്യും.

2024 ജൂണ്‍ രണ്ട് (ദുല്‍ഖഅദ് 25) മുതല്‍ ജൂണ്‍ 20 വരെ വിശുദ്ധ നഗരമായ മക്ക, ഹറം പരിസരം, ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന-അറഫാ-മുസ്ദലിഫ, റുസൈഫയിലെ അല്‍ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, താല്‍ക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങല്‍ എന്നിവിടങ്ങളിലേക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.