Kerala
കരിപ്പൂരിൽ അടുത്ത വർഷവും ഹജ്ജ് യാത്രക്ക് ചെറു വിമാനം
വെറും 1,625 പേരാണ് കരിപ്പൂർ വഴി ഹജ്ജ് യാത്രക്ക് അപേക്ഷ നൽകിയത്
കൊണ്ടോട്ടി | സംസ്ഥാനത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ അടുത്ത വർഷവും ഏറ്റവും കുറഞ്ഞ കാലയളവിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് കരിപ്പൂരിലേതായിരിക്കും. വെറും 1,625 പേരാണ് കരിപ്പൂർ വഴി ഹജ്ജ് യാത്രക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ ഹജ്ജിന് കരിപ്പൂർ വഴി 969 ഹാജിമാരാണ് പുറപ്പെട്ടിരുന്നത്. ഇതിൽ തന്നെ നാല് പേർ കർണാടകയിൽ നിന്നുള്ളവരായിരുന്നു. മൂന്ന് ദിവസമാണ് കഴിഞ്ഞ തവണ കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തിച്ചത്. 145 പേർക്ക് യാത്ര ചെയ്യാവുന്ന ആകാശ എയറിന്റെ ചെറിയ വിമാനമായിരുന്നു ഇവിടെ ഹജ്ജ് യാത്രക്ക് പ്രയോജനപ്പെടുത്തിയിരുന്നത്. കൊച്ചി പുറപ്പെടൽ കേന്ദ്രത്തേക്കാളും 40,000 രൂപ കരിപ്പൂരിൽ അധികം നൽകേണ്ടി വന്നതാണ് കരിപ്പൂരിനെ ഹാജിമാർ കൈവെടിയാൻ കാരണം. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ വരുന്ന ഹജ്ജ് യാത്രക്കും ചെറിയ വിമാനങ്ങൾ തന്നെയായിരിക്കും സർവീസ് നടത്തുക. കൊച്ചിയിൽ 410 പേർക്ക് യാത്ര ചെയ്യാവുന്ന ജംബോ ജെറ്റ് വിമാനങ്ങൾ സർവീസ് നടത്തും.
നിലവിലെ കണക്കനുസരിച്ച് കൊച്ചിയിൽ നിന്ന് 6,493ഉം കണ്ണൂർ വഴി 3,021ഉം ഹാജിമാരാണ് യാത്ര പുറപ്പെടുക. വിവിധ സംസ്ഥാനങ്ങളിൽ ഒഴിവു വരുന്ന സീറ്റുകൾ കേരളത്തിൽ ലഭിക്കുന്നതോടെ നേരിയ മാറ്റമുണ്ടാകും.
Content Highlights: Karipur will host Kerala’s shortest-running Haj camp again due to only 1,625 applicants choosing the embarkation center. Higher airfares compared to Kochi and the operation of smaller aircraft are key reasons for the low turnout. Kochi leads applicant numbers followed by Kannur.



