Connect with us

smrthi

കളന്തോട്ടെ നിലാവ്

കളന്തോട് അബ്ദുല്‍ കരീം ഉസ്താദ് വിട്ടുപിരിഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. സാധാരണക്കാരുടെയും നിരാലംബരുടെയും അഭയവും അത്താണിയുമായിരുന്നു സൂഫീവര്യരായ അബ്ദുല്‍ കരീം ഉസ്താദ്.

Published

|

Last Updated

കളന്തോട് അബ്ദുല്‍ കരീം ഉസ്താദ് വിട്ടുപിരിഞ്ഞിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. സാധാരണക്കാരുടെയും നിരാലംബരുടെയും അഭയവും അത്താണിയുമായിരുന്നു സൂഫീവര്യരായ അബ്ദുല്‍ കരീം ഉസ്താദ്. ആ മഹാന്‍ തീര്‍ത്ത സ്നേഹ പരിസരം അതിനുമാത്രം ബൃഹത്തായിരുന്നു.

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കരീം ഉസ്താദ് ആശ്രയവും അത്താണിയുമായിരുന്നു. സാധാരണക്കാര്‍ക്ക് ഒരു ‘ചികില്‍സകന്‍’ മാത്രമായിരുന്നില്ല കരീം ഉസ്താദ്. രക്ഷകര്‍ത്താവും വഴികാട്ടിയും ഗുരുസ്ഥാനീയനും തുടങ്ങി എല്ലാമെല്ലാമായിരുന്നു. നീറുന്ന പ്രശ്നങ്ങളുമായി ആ സവിധത്തിലെത്തുന്നവര്‍ തിരിച്ചു പോകുന്നത് മനസ്സ് നിറഞ്ഞും ആത്മ ധൈര്യം സംഭരിച്ചുമായിരിക്കും. ആ ഒരു കരസ്പര്‍ശം, അല്ലെങ്കില്‍ അവിടുത്തെ ഒരു സദുപദേശം മാത്രം മതിയായിരുന്നു ജനത്തിന് മനം നിറയാന്‍.
നാല്‍പ്പത്തേഴ് വയസ്സ് മാത്രമേ ഉസ്താദ് ജീവിച്ചിരുന്നിട്ടുള്ളൂ എങ്കിലും നൂറായുസ്സ് ജീവിച്ചതിനേക്കാള്‍ ജന സഹസ്രങ്ങള്‍ക്ക് അദ്ദേഹം ആശയും ആശ്രയവുമായി മാറി. സൂഫീ പാരമ്പര്യത്തിലെ അനുഗൃഹീത ഗുരുവര്യരുടെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നു വന്നത്. ഖാദിരിയ്യാ ത്വരീഖത്ത് പിന്തുടര്‍ന്നിരുന്ന പ്രമുഖ സൂഫിവര്യരായ ശൈഖ് മടവൂര്‍ അബൂബക്കര്‍ (റ) അവര്‍കളായിരുന്നു മുഖ്യ ഗുരു. ചെറുപ്പം തൊട്ടേ അവരുടെ ശിക്ഷണത്തിലായിരുന്നു.

ഇരുപതാം വയസ്സ് മുതൽതന്നെ അബ്ദുൽ കരീം ഉസ്താദ് ആളുകള്‍ക്കിടയില്‍ പ്രശസ്തനായിത്തുടങ്ങിയിരുന്നു. 1995 മുതല്‍ ആളുകള്‍ ആത്മീയ പരിഹാരം തേടി കളന്തോട്ടെ വസതിയിലേക്ക് എത്തിത്തുടങ്ങി.വ്യാഴവും വെള്ളിയുമൊഴികെ എല്ലാ ദിവസവും ആളുകളുടെ പ്രശ്ന പരിഹാരങ്ങള്‍ക്കായി ഉസ്താദ് ആത്മീയ നിർദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അനുഭവങ്ങളിലൂടെ ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. ഉസ്താദിന്റെ പേരും പ്രശസ്തിയും നാള്‍ക്കുനാള്‍ വർധിച്ചു. ദിവസവും ദൂര ദിക്കുകളില്‍ നിന്നുവരേ ആയിരങ്ങള്‍ കളന്തോട്ടേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. “കളന്തോട് ഉസ്താദ്’ എന്ന പേര് ജില്ലയും സ്റ്റേറ്റും അതിര്‍ത്തി കടക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
സി എം മടവൂര്‍ ശൈഖിനു പുറമേ കൽപ്പറ്റ സൂഫീ വലിയ്യുല്ലാഹ് (കോരങ്ങാട്), പട്ടാമ്പി ബീരാന്‍ ഉപ്പാപ്പ, ചാവക്കാട് ഹിബത്തുല്ലാ തങ്ങള്‍ തുടങ്ങിയ മഹാരഥന്മാര്‍ ഉസ്താദിന്റെ ആത്മീയ ഗുരുക്കന്‍മാരില്‍ പ്രധാനികളായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഉസ്താദിനെ സമീപിക്കുന്ന ആയിരങ്ങള്‍ക്ക് അത്ഭുതാവഹമായ ഫലസിദ്ധിയാണ് ലഭിച്ചു കൊണ്ടിരുന്നത്. വന്നവര്‍ വന്നവര്‍ വീണ്ടും വരാന്‍ കൊതിക്കുന്ന ഇടമായിരുന്നു കളന്തോട്ടെ ഉസ്താദിന്റെ വീട്.

ഒട്ടേറെ പാവങ്ങള്‍ ഉസ്താദിന്റെ തണലിലായി ജീവിച്ചു പോന്നിരുന്നു. നിരവധി വീടുകളിലേക്ക് അരിയും മറ്റു സാധനങ്ങളും ആരുമറിയാതെ എത്തിച്ചു നല്‍കിയിരുന്നു. തമിഴ്നാട്ടിലെ നാഗൂരില്‍ പോലും ഉസ്താദിന്റെ സഹായ ഹസ്തം കൊണ്ട് നിത്യവൃത്തി കഴിഞ്ഞിരുന്ന വീടുകള്‍ ഉണ്ടായിരുന്നു. നിരവധി യത്തീംഖാനകളിലേക്കും അവിടുത്തെ സഹായം ലഭിച്ചിരുന്നു.
തന്റെ അവസാന നാളുകളില്‍ വിട പറയുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഉസ്താദ് അടുപ്പക്കാര്‍ക്ക് നല്‍കിയിരുന്നു. തന്റെ അന്ത്യവിശ്രമത്തിനുള്ള സ്ഥലം ആ മഹാന്‍ തന്നെ കാണിച്ചു കൊടുത്തിരുന്നു. 2018 ഒക്ടോബര്‍ 23ന് ചൊവ്വാഴ്ച (1440 സഫര്‍ മാസം 13ന്) ആ മഹാത്മാവ് രക്ഷിതാവിന്റെ സവിധത്തിലേക്ക് യാത്രയായി. മണ്‍മറഞ്ഞെങ്കിലും ആ മഹാന്റെ സന്നിധിയിലേക്ക് അനുഗ്രഹം പ്രതീക്ഷിച്ച് ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇരുള്‍ നിറഞ്ഞ പാതയിലെ വഴിവിളക്കുകളാണ് സൂഫികള്‍. അവര്‍ കണ്‍മറഞ്ഞാലും ആ ‘തണല്‍’നമുക്കായവശേഷിക്കും. അവര്‍ തെളിച്ച വെട്ടം ഈ ദുനിയാവിന്റെ ആയുസ്സ് തീരുവോളം ഇവിടെ പ്രകാശം പരത്തിക്കൊണ്ടിരിക്കും.