Connect with us

Uae

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന് അബൂദബിയില്‍ വര്‍ണാഭ തുടക്കം

ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അബൂദബി | കേരള സോഷ്യല്‍ സെന്റര്‍ അബൂദബി എല്‍ എല്‍ എച്ച് ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന 24-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ അന്താരാഷ്ട്ര വോളിബോള്‍ ടൂര്‍ണമെന്റിന് അബൂദബി ലിവ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം. കായിക പ്രേമികളും അന്താരാഷ്ട്ര വോളിബോള്‍ താരങ്ങളും അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി, ജനല്‍ സെക്രട്ടറി സത്യന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ശക്തി തിയേറ്റേഴ്‌സ് വാദ്യസംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കെ എസ് സി കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ, അറബ് ബന്ധം കലയിലൂടെ ശക്തമാക്കാനായി വനിതകളും കുട്ടികളും പുരുഷന്മാരും സംയുക്തമായി ഇന്തോ-അറബ് നൃത്തം അവതരിപ്പിച്ചു. ഹൃദ്യമായ നൃത്തം ചിട്ടപ്പെടുത്തിയത് ഗഫൂര്‍ വടകരയാണ്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരം എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ അബൂദബിയും, പാല സിക്‌സേഴ്‌സ് മദീനയും തമ്മില്‍ നടന്നു. എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ വിജയിച്ച് ആദ്യ ജയം കരസ്ഥമാക്കി. രണ്ടാം മത്സരം ഓണ്‍ലി ഫ്രഷ് ദുബൈയിയും ലിറ്റില്‍ സ്‌കോളര്‍ ദുബൈയിയും തമ്മിലായിരുന്നു. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ ലിറ്റില്‍ സ്‌കോളര്‍ ദുബൈ 2-1 ന് വിജയം കരസ്ഥമാക്കി.

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ടൂര്‍ണമെന്റ് കായിക പ്രേമികളുടെ മികച്ച പങ്കാളിത്തത്തിലൂടെ വര്‍ധിച്ച ആവേശത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മാര്‍ച്ച് 31 വരെ നീളുന്ന ടൂര്‍ണമെന്റില്‍ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കും.

 

 

Latest