Connect with us

Educational News

ജാമിഅതുല്‍ ഹിന്ദിന്റെ 'ജെന്‍- ഗ്രീന്‍ 26' പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

'വി ആര്‍ ജെന്‍ ഗ്രീന്‍' എന്ന പ്രമേയത്തില്‍ വിപുലമായ ഹരിത പദ്ധതികള്‍ക്കാണ് ഇതോടെ ക്യാമ്പസുകളില്‍ തുടക്കമാകുക.

Published

|

Last Updated

കോഴിക്കോട്| വിദ്യാര്‍ഥികളില്‍ പ്രകൃതിസൗഹൃദ ജീവിതശൈലി പാകപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജാമിഅതുല്‍ ഹിന്ദ് ആവിഷ്‌കരിച്ച പരിസ്ഥിതി ദിന പരിപാടി ‘ജെന്‍ ഗ്രീന്‍-26 ‘ ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (യു എന്‍ ഇ പി) ഔദ്യോഗിക അംഗീകാരത്തോടെയാണ് ഇത്തവണ ജാമിഅതുല്‍ ഹിന്ദിന് കീഴിലുള്ള മുഴുവന്‍ ക്യാമ്പസുകളിലും ആഗോള പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്.

‘വി ആര്‍ ജെന്‍ ഗ്രീന്‍’ എന്ന പ്രമേയത്തില്‍ വിപുലമായ ഹരിത പദ്ധതികള്‍ക്കാണ് ഇതോടെ ക്യാമ്പസുകളില്‍ തുടക്കമാകുക. ക്യാമ്പസുകളെ പൂര്‍ണമായും പ്രകൃതി അനുകൂല അന്തരീക്ഷമായി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യു എന്‍ ഇ പി അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ക്യാമ്പസുകളെയും മാതൃകാ ഗ്രീന്‍ ക്യാമ്പസുകളായി പുനഃക്രമീകരിക്കും. വിദ്യാര്‍ഥികളില്‍ പരിസ്ഥിതിബോധം വളര്‍ത്തുന്നതിനൊപ്പം പ്രകൃതിവിഭവങ്ങളുടെ ശാസ്ത്രീയമായ സംരക്ഷണവും പുനരുപയോഗവും പ്രായോഗികമാക്കും. മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനൊപ്പം ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം എന്നിവയ്ക്ക് ക്യാമ്പസുകളില്‍ പ്രത്യേക ഊന്നല്‍ നല്‍കും.

ക്യാമ്പസുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തും. ഇതുവഴി ‘സീറോ പ്ലാസ്റ്റിക്’ പദവി കൈവരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.

ക്യാമ്പസുകളിലെ കാര്‍ബണ്‍ കുറയ്ക്കുന്നതിനായി ശാസ്ത്രീയമായ ‘ഗ്രീന്‍ ഓഡിറ്റിങ്’ നടപ്പിലാക്കുന്നുണ്ട്. ജലം, ഊര്‍ജ്ജം, മാലിന്യ സംസ്‌കരണം എന്നിവ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് വിലയിരുത്താനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി ദിനത്തില്‍ ക്യാമ്പസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഭൂമിയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന ‘ഗ്രീന്‍ പ്ലെഡ്ജ്’ ഏറ്റുചൊല്ലും. ഓരോ ക്യാമ്പസിലെയും പരിസരത്തെയും തരിശുഭൂമികള്‍ കണ്ടെത്തി ജൈവ പച്ചക്കറി കൃഷിയും ഫലവൃക്ഷത്തോട്ടങ്ങളും നിര്‍മ്മിക്കും.

മണ്ണറിഞ്ഞ് അധ്വാനിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിലൂടെ കൃഷിയെന്ന മനോഹരമായ ജീവിതചര്യയിലേക്ക് പുതുതലമുറയെ അടുപ്പിക്കുകയാണ് ലക്ഷ്യം. ക്യാമ്പസുകളില്‍ വിളയുന്ന വിഷരഹിത പച്ചക്കറികള്‍ കാന്റീനുകളിലും വിദ്യാര്‍ഥികളുടെ വീടുകളിലും വിതരണം ചെയ്യാനും ജാമിഅ പദ്ധതിയിടുന്നുണ്ട്.

ഇതുവഴി, ക്യാമ്പസുകള്‍ കൈവരിക്കുന്ന പാരിസ്ഥിതിക ഊര്‍ജ്ജം പരിസര പ്രദേശങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കും പുതിയൊരു ഉണര്‍വ്വേകും. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ക്യാമ്പസ് പദ്ധതികളിലൂടെ സാധിക്കുമെന്ന് ജാമിഅതുല്‍ ഹിന്ദ് പരിസ്ഥിതി ദിന പരിപാടികളുടെ സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Content Highlights:
The environment day program ‘Gen Green-26’ launched by Jamiatul Hind to cultivate an eco-friendly lifestyle among students has received international recognition from the United Nations. With the official approval of the United Nations Environment Programme (UNEP), the global environment day celebrations will be organized across all campuses under Jamiatul Hind. The project aims to completely transform the campuses into eco-friendly environments by implementing initiatives like a total ban on single-use plastics, scientific green auditing, water and energy conservation, and organic farming.

 

Latest