Connect with us

Editorial

ഇറാന്‍: ജര്‍മന്‍ ചാന്‍സലര്‍ വിളിച്ചുപറഞ്ഞ വസ്തുതകള്‍

യുദ്ധത്തില്‍ അമേരിക്ക അക്ഷരാര്‍ഥത്തില്‍ നാണംകെട്ടുവെന്ന് ജര്‍മന്‍ ചാൻസലർ മെര്‍സ് തുറന്നടിച്ചു. വന്‍ശക്തിയെ ലോകത്തിന് മുന്നില്‍ ഇറാന്‍ അപമാനിതരാക്കിയെന്ന് പരിതപിക്കുന്ന അദ്ദേഹം, എങ്ങനെയങ്കിലും സംഘര്‍ഷത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നോക്കുകയാണ് യു എസ് ചെയ്യേണ്ടതെന്നും ഉപദേശിക്കുന്നുണ്ട്.

Published

|

Last Updated

ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യു എസും ഇസ്‌റാഈലും എടുത്തുചാടിയതിന്റെ അനന്തര ഫലമെന്തെന്ന് കൃത്യമായി തുറന്നുകാണിക്കുന്ന പ്രസംഗമാണ് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് കഴിഞ്ഞ ദിവസം നടത്തിയത്. ഈ യുദ്ധത്തില്‍ അമേരിക്ക അക്ഷരാര്‍ഥത്തില്‍ നാണംകെട്ടുവെന്ന് ജര്‍മന്‍ പട്ടണമായ മാര്‍സ്‌ബെര്‍ഗില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെ മെര്‍സ് തുറന്നടിച്ചു. വന്‍ശക്തിയെ ലോകത്തിന് മുന്നില്‍ ഇറാന്‍ അപമാനിതരാക്കിയെന്ന് പരിതപിക്കുന്ന മെര്‍സ് എങ്ങനെയങ്കിലും സംഘര്‍ഷത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നോക്കുകയാണ് യു എസ് ചെയ്യേണ്ടതെന്നും ഉപദേശിക്കുന്നുണ്ട്. യു എസുമായി നിരവധി ആക്രമണ പദ്ധതികളില്‍ സഹകരിച്ച ഇ യു രാജ്യമാണ് ജര്‍മനി. നാറ്റോയിലെ പ്രബല അംഗവുമാണ്. ഹിറ്റ്‌ലറെ വിസ്മൃതിയിലേക്ക് തള്ളിവിടാനാഗ്രഹിക്കുന്ന ജര്‍മനി, ഭൗമ രാഷ്ട്രീയത്തില്‍ അതേ വിധ്വംസക, മേധാവിത്വ നീക്കങ്ങള്‍ക്ക് കൂട്ടുചേരുന്നുവെന്നത് ലോകമഹായുദ്ധത്തിന് ശേഷം തുടര്‍ന്ന വൈരുധ്യമാണ്. കുടിയേറ്റക്കാരോട് അനുഭാവ സമീപനം പുലര്‍ത്തിയ ആഞ്ചല മെര്‍ക്കല്‍ പോലും വിദേശ നയത്തില്‍ യു എസിനോടാണ് അരുചേര്‍ന്ന് നിന്നത്. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ചാന്‍സലര്‍ ചില വസ്തുതകള്‍ തുറന്ന് പറയുമ്പോള്‍ അതിന് ഏറെ പ്രസക്തിയുണ്ട്.
ഇറാന്‍ മേല്‍ക്കൈ നേടുന്ന സംഘര്‍ഷമാണിതെന്ന് ജര്‍മന്‍ ചാന്‍സലര്‍ വ്യക്തമാക്കുന്നു. “ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ യു എസ് കൃത്യമായ വഴികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. സൈനിക പരാജയത്തിന്റെ പ്രശ്‌നമല്ല ഇത്. അതിനേക്കാള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതുപോലുള്ള സംഘര്‍ഷങ്ങളുടെ പ്രശ്‌നം അകത്തുകടന്നാല്‍ മാത്രം പോരാ, പുറത്തുകടക്കാനുള്ള വഴിയും കണ്ടുവെക്കണമെന്നതാണ്. അഫ്ഗാനിസ്താനിലും ഇറാഖിലും അതാണ് കണ്ടത്. അവിടെയെല്ലാം പുറത്തുകടക്കല്‍ വേദനാജനകമായിരുന്നു. ഇറാന്‍ നേതൃത്വം വ്യക്തതയോടെയും വളരെ സമര്‍ഥമായുമാണ് ചര്‍ച്ചകളില്‍ ഇടപെടുന്നത്. കരുതിയതിനേക്കാള്‍ ശക്തരായാണ് അവര്‍ കാണപ്പെടുന്നതെന്നും ജര്‍മന്‍ ചാന്‍സലര്‍ പറയുന്നു.

സംഘര്‍ഷത്തില്‍ നിന്ന് പുറത്തുകടക്കാനാകാത്ത ഗതികേടിലാണ് യു എസെന്ന ഫ്രെഡറിക് മെർസിന്റെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണെന്ന് പശ്ചിമേഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാകും. എന്തൊരു വ്യക്തതയായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ മിഡില്‍ ഈസ്റ്റ് ഉപദേശകന്‍ സ്റ്റീവ് വിറ്റ്‌കോഫിനും. ഇറാനെ ആക്രമിക്കാനിറങ്ങുമ്പോള്‍ ട്രംപ് തന്റെ സാമൂഹിക പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വ കുറിപ്പുകള്‍ മുഴുവന്‍ ഇപ്പോഴെടുത്തു നോക്കുന്നത് നല്ലതാണ്. ഇറാനില്‍ എന്തൊക്കെ നടക്കുമെന്നത് ഓരോ പോസ്റ്റിലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കും. ഭരണമാറ്റം സാധ്യമാക്കും. എണ്ണ വിപണി പിടിച്ചെടുക്കും. ഇറാന്റെ പ്രോക്‌സികളെന്ന് ആക്ഷേപിക്കപ്പെടുന്ന ലബനാനിലെ ഹിസ്ബുല്ലയെയും ഗസ്സയിലെ ഹമാസിനെയും യമനിലെ ഹൂതികളെയും മുച്ചൂടും മുടിക്കും. ഇസ്‌റാഈലിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയക്രമം സാധ്യമാക്കും. ഇതൊക്കെയായിരുന്നു ലക്ഷ്യങ്ങള്‍. ആക്രമണ, പ്രത്യാക്രമണങ്ങള്‍ മൂന്നാം മാസത്തിലേക്ക് നീങ്ങുമ്പോള്‍ എന്താണ് അവസ്ഥ?

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയടക്കമുള്ള ഉന്നത നേതൃത്വത്തെ വകവരുത്തിയിട്ടും ഇറാനില്‍ ആഭ്യന്തര കൂട്ടക്കുഴപ്പം സൃഷ്ടിക്കാന്‍ സാധിച്ചില്ല. ആണവ പദ്ധതികളില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഇറാന്‍ തയ്യാറായിട്ടുമില്ല. ലബനാനില്‍ പുതിയ യുദ്ധമുഖം തുറന്നിട്ടും ഇസ്‌റാഈലിന് ഹിസ്ബുല്ലയെ തകര്‍ക്കാനായില്ല. ഒടുവില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി വന്നത് ട്രംപ് തന്നെയാണ്. ഇസ്‌ലാമാബാദിലെ ചര്‍ച്ചയെ യു എസ് സംഘം ഗൗരവത്തിലെടുക്കുകയും വെടിനിര്‍ത്തല്‍ നീട്ടുകയും ചെയ്തു. ഹോര്‍മുസിനെ വെച്ചുള്ള വിലപേശലില്‍ ഇറാന്‍ വിജയിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ലോകത്താകെ ഇന്ധന പ്രതിസന്ധിയുണ്ടാക്കി യുദ്ധവിരാമം എല്ലാവരുടെയും ആവശ്യമാക്കി മാറ്റാന്‍ ഇറാന് സാധിച്ചു. ചൈനയുടെയും റഷ്യയുടെയും പരോക്ഷ പിന്തുണയും ഇറാന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അപരിഹാര്യമായ സൈനിക നഷ്ടങ്ങള്‍ക്ക് നടുവിലാണ് അമേരിക്ക. ഇറാന്‍ കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് മെർസ് പറയുന്നതിന്റെ അര്‍ഥമിതാണ്.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് സര്‍വ രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രതക്ക് മേല്‍ വീഴുന്ന ബോംബായി പശ്ചിമേഷ്യന്‍ സംഘര്‍ഷം മാറിക്കഴിഞ്ഞിരിക്കുന്നു. ചര്‍ച്ചകള്‍ സ്തംഭിച്ചു നില്‍ക്കുമ്പോഴും വഴി പൂര്‍ണമായും അടഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസവും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇസ്‌ലാമാബാദിലെത്തി തങ്ങളുടെ മുന്‍ഗണനകള്‍ ധരിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പുതിയ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുകയാണ് ഇറാന്‍.
ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താത്കാലികമായി മാറ്റിവെച്ച് അടിയന്തര വെടിനിര്‍ത്തലിനും സമുദ്രപാതകള്‍ തുറന്നുനല്‍കുന്നതിനും മുന്‍ഗണന നല്‍കുന്നതാണ് ഇറാന്റെ പുതിയ പാക്കേജ്. ആദ്യം സമാധാനം ഉറപ്പാക്കുക എന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ മാറ്റാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഹോര്‍മുസില്‍ സംയുക്ത സൈനിക നീക്കം നടത്തി ഇറാനെ ഒറ്റപ്പെടുത്താമെന്ന യു എസ് തന്ത്രം പൊളിഞ്ഞതോടെ ഏപ്രില്‍ 13 മുതല്‍ ഇറാന് മേല്‍ യു എസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പിന്‍വലിച്ച് മാത്രമേ കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ളൂ എന്ന നിലപാടാണ് ഇറാനുള്ളത്. ആക്രമണം തുടങ്ങിയത് അമേരിക്കയും ഇസ്‌റാഈലുമായതിനാല്‍ അവസാനിപ്പിക്കാനുള്ള മുന്‍കൈയും അവര്‍ തന്നെയാണെടുക്കേണ്ടത്. സംഘര്‍ഷാവസ്ഥ ഇനിയും നീണ്ടുപോകുന്നത് കൊടിയ സാമ്പത്തികാഘാതമാണുണ്ടാക്കുകയെന്ന് എല്ലാവരും മനസ്സിലാക്കണം. ചര്‍ച്ചയുടെ അന്തരീക്ഷം അസ്തമിച്ച് വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ ഇപ്പോള്‍ നിന്നിടത്തൊന്നും നില്‍ക്കില്ലെന്നും തിരിച്ചറിയണം.

---- facebook comment plugin here -----

Latest