Connect with us

Kerala

നിക്ഷേപകന്റ ആത്മഹത്യ: യു ഡി എഫ് നേതൃത്വത്തിലുള്ള സൊസൈറ്റിയില്‍ നടന്നത് 2.16 കോടി രൂപയുടെ ക്രമക്കേട്

വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതിനെതിരെ പരാതി നല്‍കിയതിന് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് തന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി ഇബ്‌റാഹിം ഹാജിയുടെ ശബ്ദസന്ദേശം.

Published

|

Last Updated

വടകര | നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് ഇബ്‌റാഹിം ഹാജി എന്ന വയോധികന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് അന്വേഷണം.

കേസില്‍ ആരോപണവിധേയമായ യു ഡി എഫ് നേതൃത്വത്തിലുള്ള കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 2.16 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം നേരത്തെ നടത്തിയ ഓഡിറ്റിംഗില്‍ കണ്ടെത്തിയതായുള്ള വിവരം പുറത്തുവന്നു. ഇതിനു പുറമെ, മറ്റ് നിരവധി നിയമലംഘനങ്ങള്‍ സൊസൈറ്റിയില്‍ നടന്നതായും സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിനിടെ, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചതിനെതിരെ പരാതി നല്‍കിയതിന് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് തന്നെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായുള്ള ഇബ്‌റാഹിം ഹാജിയുടെ ശബ്ദസന്ദേശവും പുറത്തുവന്നു. ബി ജെ പി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണനാണ്, ഇബ്‌റാഹിം ഹാജി മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് അയച്ചുകൊടുത്ത ശബ്ദസന്ദേശം വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്. വടകരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വരുമ്പോഴാണ് സൊസൈറ്റിയുടെ തന്നെ വാഹനം കൊണ്ട് തന്നെ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നും വടകര പോലീസ് സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കാത്തതു കൊണ്ടാണ് ഇതിനെതിരേ അവിടെ പരാതി നല്‍കാതിരുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. സൊസൈറ്റിയുടെ പ്രസിഡന്റ്, മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടര്‍ എന്നിവരും പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരുമാണ് തന്റെ മരണത്തിനുത്തരവാദിയെന്നും സന്ദേശത്തിലുണ്ട്.

ശബ്ദസന്ദേശം പോലീസിന് കൈമാറുമെന്നും അത് മരണമൊഴിയായി സ്വീകരിക്കണമെന്നും പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു.

സുധീര്‍ കുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
നിക്ഷേപത്തുക തിരിച്ചുകിട്ടാതെ ഇടപാടുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ പ്രസിഡന്റ് ടി വി സുധീര്‍കുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു. ഡി സി സി സെക്രട്ടറിയായിരുന്ന സുധീറിനെ ഒന്നരവര്‍ഷം മുമ്പ് പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഗുരുതര സംഘടനാ വീഴ്ചയെത്തുടര്‍ന്നായിരുന്നു ഇത്. സുധീര്‍കുമാര്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കിലും പാര്‍ട്ടിക്ക് പൊതുസമൂഹത്തിനു മുമ്പില്‍ അവമതിപ്പ് ഉണ്ടാക്കിയതിനാല്‍ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രവീര്‍ കുമാര്‍ വ്യക്തമാക്കി. എന്നാല്‍, കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.

സൊസൈറ്റിയില്‍ കോണ്‍ഗ്രസ് അംഗത്വമുള്ളവരും അല്ലാത്തവരുമുണ്ട്. അത്തരക്കാരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. നിലവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും അതില്‍ പങ്കുണ്ടെങ്കില്‍ കെ പി സി സി യുമായി കൂടിയാലോചിച്ച് നടപടിയെടുക്കുമെന്നും ഡി സി സി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Latest