International
ഇസ്‌റാഈലിന്റേത് എല്ലാം ചുട്ടുചാമ്പലാക്കുന്ന നയം; ആഞ്ഞടിച്ച് ലബനാന്‍ പ്രധാനമന്ത്രി
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിലവിലെ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ യു എസ് ആക്രമണം പുനരാരംഭിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്.
ബെയ്‌റൂത്ത് | ഇസ്‌റാഈല്‍ നടത്തുന്ന പൈശാചിക ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ലബനാന്‍ പ്രധാനമന്ത്രി നവാഫ് സലാം. ‘കരിഞ്ഞ ഭൂമി നയം’ (Scorched Earth Policy-യുദ്ധത്തില്‍ ശത്രുവിന് യാതൊരുവിധ വിഭവങ്ങളും (ഭക്ഷണം, പാര്‍പ്പിടം, ആയുധങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍) ബാക്കിവെക്കാതെ, പിന്‍വാങ്ങുന്ന സൈന്യം എല്ലാം ചുട്ടുചാമ്പലാക്കുന്ന സൈനിക നയം) ആണ് ഇസ്‌റാഈല്‍ പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലബനാനിലെ കരയാക്രമണം ഇസ്‌റാഈല്‍ വ്യാപകമാക്കിയതിനു പിന്നാലെയാണ് നവാഫ് സലാമിന്റെ പ്രതികരണം.
ദക്ഷിണ ലബനാനില്‍ ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നബാതിഹ് നഗരം ലക്ഷ്യംവച്ച് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഗസയിലെ സെന്‍ട്രല്‍ ദെയ്‌റല്‍ ബലാഹില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ജമാല്‍ അബു ഔന്‍ എന്ന ഒരു ഡോക്ടര്‍ കൊല്ലപ്പെട്ടു.
അതിനിടെ, വടക്കന്‍ ഇസ്‌റാഈലില്‍ കൂടുതല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല ഗ്രൂപ്പ് അവകാശപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിലവിലെ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ യു എസ് ആക്രമണം പുനരാരംഭിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.







