Connect with us

National

ഭര്‍ത്താവിനെ തടവിലാക്കി, റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു; സഹായം അഭ്യര്‍ഥിച്ച് ഇന്ത്യന്‍ യുവതി

യാതൊരു തെറ്റും ചെയ്യാത്ത തന്റെ ഭര്‍ത്താവിനെ മോസ്‌കോ പോലീസ് ഞായറാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായി സ്‌നേഹ ഗുപ്ത

Published

|

Last Updated

മോസ്‌കോ  | റഷ്യന്‍ പോലീസിന്റെ കസ്റ്റഡിയിലായ തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സഹായം അഭ്യര്‍ത്ഥിച്ച് മോസ്‌കോയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ വനിത. ഭര്‍ത്താവിനെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. അതേ സമയം ,പൊതുസ്ഥലത്ത് മദ്യപിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഭര്‍ത്താവിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്റെ മോചനം ഉറപ്പാക്കാന്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരികയാണ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള എന്‍ജിനീയറായ ചന്ദന്‍ ഗുപ്തയാണ് തന്റെ ഭര്‍ത്താവെന്നും യാതൊരു തെറ്റും ചെയ്യാത്ത തന്റെ ഭര്‍ത്താവിനെ മോസ്‌കോ പോലീസ് ഞായറാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായി സ്‌നേഹ ഗുപ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

 

ഡിറ്റന്‍ഷന്‍ സെന്ററിലുണ്ടായിരുന്ന സമയത്ത് ഉക്രെയ്‌നെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ പൊലീസ് ഭര്‍ത്താവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സ്‌നേഹ ഗുപ്ത ആരോപിച്ചു.റഷ്യന്‍ സൈന്യത്തിലെ ആള്‍ക്ഷാമം കാരണം വിദേശ പൗരന്മാരെയും ഇന്ത്യക്കാരെയും നിര്‍ബന്ധിതമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു.

10 വയസ്സുള്ള ഒരു മകനുണ്ടെന്നും ഈ സംഭവവികാസങ്ങള്‍ കുടുംബത്തെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിനെ സുരക്ഷിതമായി മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിച്ചു.

സെപ്റ്റംബര്‍ 5-ന് രാത്രി 11. 30 ഓടെ മോസ്‌കോയിലെ റെഡ് സ്‌ക്വയര്‍ പരിസരത്ത് നിന്ന് മദ്യപിച്ചതിനും അടുത്തുള്ള ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ത്തതിനും ചന്ദന്‍ ഗുപ്തയെയും ആശിഷ് എന്ന സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇവര്‍ നിലവില്‍ മോസ്‌കോയിലെ ബൗമാന്‍സ്‌കായ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. എംബസി വിഷയം പ്രാദേശിക അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അവരുടെ മോചനം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുപ്തയെ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് വൃത്തങ്ങള്‍ പ്രതികരിച്ചില്ല.

റഷ്യന്‍ സായുധ സേനയില്‍ ഇതുവരെ 227 ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അതില്‍ 139 പേരെ ഒഴിവാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാന്‍ ഇന്ത്യ റഷ്യന്‍ പക്ഷവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഈ മാസം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Content Highlights: An Indian woman in Moscow sought Indian government intervention after her husband was detained by Russian police. She alleged authorities are pressuring him to join the military for the Ukraine conflict. Official sources noted the Indian Embassy in Moscow is actively coordinating his release.

 

Latest