Connect with us

Editorial

മാതൃ-ശിശു മരണങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലുമാണ് ഇന്ത്യയില്‍ കൂടുതല്‍ ശിശുമരണം നടക്കുന്നത്. മധ്യപ്രദേശില്‍ ആകെ മരണത്തിന്റെ 18.9 ശതമാനവും യു പിയില്‍ 18 ശതമാനവും ശൈശവ ദശയിലാണ്. അമ്മമാരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുകയും കുഞ്ഞുങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കുകയുമാണ് മാതൃ-ശിശു മരണ നിരക്ക് കുറക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം.

Published

|

Last Updated

മാതൃ-ശിശു മരണങ്ങളും ചാപിള്ള ജനനങ്ങളും ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപോര്‍ട്ടില്‍ പറയുന്നത്. 60 ശതമാനം മാതൃ-ശിശു മരണങ്ങളും ലോകത്തെ 10 രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഈ രാജ്യങ്ങളുടെ ഗണത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, എത്യോപ്യ, ബംഗ്ലാദേശ്, ചൈന തുടങ്ങിയവയാണ് ഇന്ത്യക്കു പിന്നിലുള്ള രാജ്യങ്ങള്‍. ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, ഖത്വര്‍, മൗറീഷ്യസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ശൈശവ മരണ നിരക്ക് ഏറ്റവും കുറവ്. മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലുമാണ് ഇന്ത്യയില്‍ കൂടുതല്‍ ശിശുമരണം നടക്കുന്നത്. മധ്യപ്രദേശില്‍ ആകെ മരണത്തിന്റെ 18.9 ശതമാനവും യു പിയില്‍ 18 ശതമാനവും ശൈശവ ദശയിലാണ്.

2020-21 വര്‍ഷത്തില്‍ ലോകത്ത് ആകെ 45 ലക്ഷം മാതൃ- ശിശു മരണങ്ങളാണ് നടന്നത്. 2,90,000 സ്ത്രീകള്‍ പ്രസവ സമയത്ത് മരിച്ചു. 19 ലക്ഷം കുഞ്ഞുങ്ങള്‍ മാതാവിന്റെ ഉദരത്തില്‍ നിന്നും 23 ലക്ഷം ശിശുക്കള്‍ പ്രസവ ശേഷവും മരിച്ചു. ഇന്ത്യയില്‍ ഈ വര്‍ഷം 7.88 ലക്ഷം മാതൃ- ശിശു മരണങ്ങള്‍ സംഭവിച്ചു. ചാപിള്ളകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ്. ഐക്യരാഷ്ട്ര സഭ, ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നീ സംഘടനകള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ കണക്ക് അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ടത്.

2018ലെ യൂനിസെഫിന്റെ കണക്കുകള്‍ പ്രകാരവും 2015ല്‍ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണല്‍ നടത്തിയ പഠനത്തിലും കുഞ്ഞുങ്ങളുടെ മരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. യൂനിസെഫിന്റെ അന്നത്തെ കണക്കനുസരിച്ച് ഒരു വര്‍ഷം 8.8 ലക്ഷം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മരിക്കുന്നു. ആകെയുള്ള ശിശു മരണങ്ങളില്‍ 47.8 ശതമാനവും ഇന്ത്യയിലാണെന്നാണ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണല്‍ റിപോര്‍ട്ട്. കുഞ്ഞുങ്ങളുടെ മരണ നിരക്കില്‍ സമ്പന്നരും ദരിദ്രരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വളര്‍ച്ചക്കുറവ്, ജനന സമയത്തെ സങ്കീര്‍ണത, അണുബാധ, ആവശ്യമായ ചികിത്സയുടെയും പരിചരണത്തിന്റെയും അഭാവം, പോഷകാഹാരക്കുറവ് എന്നിവയാണ് ശൈശവ മരണത്തിന് പ്രധാന കാരണമെന്ന് 2016ല്‍ കൊളംബോയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനാ പ്രതിനിധികളുടെ റീജ്യനല്‍ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തിയിരുന്നു. കൃത്യമായ ചികിത്സയും പരിചരണവും നല്‍കിയാല്‍ നല്ലൊരു വിഭാഗം കുട്ടികളെയും രക്ഷിക്കാന്‍ കഴിയുമെന്ന് യോഗ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ പോഷകാഹാര കുറവ് ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്ന മുഖ്യ പ്രശ്നമാണ്. ഗുരുതരവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതുമാണ് പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങള്‍. വനിതാ-ശിശു വികസന മന്ത്രാലയം 2021ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 33 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ഇവരില്‍ പകുതിയിലേറെ പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവ് നിരീക്ഷിക്കാന്‍ വികസിപ്പിച്ച പോഷണ്‍ ട്രാക്കര്‍ ആപ്പ് പ്രകാരമുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പോഷകാഹാരക്കുറവില്‍ മുന്നില്‍. നിതി ആയോഗിന്റെ 2020-21 റിപോര്‍ട്ട് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 33.4 ശതമാനം കുട്ടികള്‍ക്ക് തൂക്കക്കുറവും 34.7 ശതമാനം പേരില്‍ വളര്‍ച്ചാ മുരടിപ്പുമുണ്ട്. കുടുംബാരോഗ്യ സര്‍വേകളും ഇത് സ്ഥിരീകരിക്കുന്നു. ആഗോള ദാരിദ്ര്യ സൂചികയില്‍ നേപ്പാളിനും പാക്കിസ്ഥാനും പിന്നിലായി ഇന്ത്യ 107ാം സ്ഥാനത്താണെന്നതും ശ്രദ്ധേയമാണ്. കുട്ടികളുടെ ശരീര ശോഷണത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയില്‍. 19.3 ശതമാനം.

പോഷണ്‍ അഭിയാന്‍, അനീമിയ മുക്ത് ഭാരത് തുടങ്ങി പോഷകാഹാരക്കുറവ് പരിഹരിക്കാനും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും പദ്ധതികള്‍ പലതുമുണ്ട്. ഇവയൊന്നും ഫലവത്താകുന്നില്ലെന്നാണ് ഉയര്‍ന്ന ശിശുമരണ നിരക്ക് സൂചിപ്പിക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ 2021ല്‍ അനുവദിച്ച 5.31 ലക്ഷം കോടി രൂപയില്‍ സംസ്ഥാനങ്ങള്‍ വിനിയോഗിച്ചത് 2.98 കോടി മാത്രമാണെന്ന് രാജ്യസഭയില്‍ മന്ത്രി സ്മൃതി ഇറാനി വെളിപ്പെടുത്തുകയുണ്ടായി. 39.38 ലക്ഷം രൂപ മധ്യപ്രദേശിന് നല്‍കിയതില്‍ ചെലവഴിച്ചത് 19 ലക്ഷം മാത്രം. പശ്ചിമ ബംഗാളിന് അനുവദിച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലത്രെ.

എന്നാല്‍ കേരളത്തിലെ മാതൃ-ശിശു മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ രാജ്യത്തെ സംസ്ഥാനം കേരളമാണെന്ന് ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2018ല്‍ പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച് ഒരു ലക്ഷം പ്രസവത്തില്‍ 46 ആണ് കേരളത്തിലെ ശൈശവ മരണ നിരക്ക്. എന്നാല്‍ കൊവിഡ് കാലത്ത് നിരക്ക് വര്‍ധിച്ച് 66ലെത്തി. അപ്പോഴും ദേശീയ ശരാശരിയേക്കാള്‍ കുറവായിരുന്നു.

അമ്മമാരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുകയും കുഞ്ഞുങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കുകയുമാണ് മാതൃ-ശിശു മരണ നിരക്ക് കുറക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിനും വളര്‍ച്ചക്കും ആവശ്യമായ ഘടകങ്ങള്‍ നല്‍കുന്നത് പ്രോട്ടീനുകളാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും കൂടുതല്‍ അനിവാര്യമാണിത്. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി പോഷക മൂല്യമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന് പരിഹാര മാര്‍ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടന അടിക്കടി ഇക്കാര്യം ഉണര്‍ത്താറുണ്ട്.

 

 

Latest