Connect with us

From the print

വാണിജ്യ സഹകരണത്തിന് ഇന്ത്യ- ഖത്വർ ധാരണ; നിക്ഷേപം കൂടും

ഇരട്ട നികുതി ഒഴിവാക്കുന്ന പുതുക്കിയ കരാർ ഒപ്പുവെച്ചു • ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കും

Published

|

Last Updated

ന്യൂഡൽഹി | ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഖത്വറും. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള പുതുക്കിയ കരാറുകളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഇന്ത്യാ സന്ദർശനത്തിനെത്തിയ ഖത്വർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം.
തന്ത്രപരമായ പങ്കാളിത്തം
വ്യാപാരം, നിക്ഷേപം, ഊർജം എന്നിവയെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധത്തെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. വ്യാപാരം, ഊർജം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ- ഖത്വർ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനുള്ള കരാറാണ് ഒപ്പുവെച്ചത്.

ഉന്നത വ്യവസായികളുടെ വലിയ സംഘത്തെ ഇന്ത്യാ സന്ദർശനത്തിനായി കൊണ്ടുവന്നതിന് ഖത്വർ അമീറിനെ മോദി അഭിനന്ദിച്ചു. പ്രധാനമന്ത്രിയുടെയും ഖത്വർ അമീറിന്റെയും സാന്നിധ്യത്തിൽ ഖത്വർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്‌മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മിലാണ് ഹൈദരാബാദ് ഹൗസിൽ നടന്ന ചടങ്ങിൽ തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച കരാർ രേഖകൾ കൈമാറിയത്.
ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയും ഖത്വറും തമ്മിലുള്ള പുതുക്കിയ കരാറുകൾ ഖത്വർ പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും കൈമാറി. യുവജന, കായിക മേഖലകളിലെ സഹകരണം, ഡോക്യുമെന്റ്‌സ് ആൻഡ് ആർക്കൈവ്‌സ് മേഖലയിലെ സഹകരണം, ഇരുരാജൃങ്ങളിലേയും കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള അവസരം ഉൾപ്പെടെയുള്ള ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് കൂടിക്കാഴ്ചക്ക് ശേഷം വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പറഞ്ഞു. പ്രതിവർഷം ഏകദേശം 1,400 കോടി യു എസ് ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യയിലെ നിക്ഷേപങ്ങളിൽ ഖത്വർ പ്രധാന പങ്കാളിയാണ്. ഖത്വർ സർക്കാറിന് കീഴിലുള്ള ഖത്വർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് നിലവിൽ ഇന്ത്യയിൽ ഏകദേശം 150 കോടി യു എസ് ഡോളറിന്റെ വിദേശ നിക്ഷേപമുണ്ട്. ഇത്തരത്തിൽ നിക്ഷേപം ഉയർത്താൻ സാധ്യമാകുന്ന നിരവധി മേഖലകൾ കൂടിക്കാഴ്ചയിൽ ഉയർന്നു.
അതിനിടെ, ഇന്ത്യയിലെയും ഖത്വറിലെയും വാണിജ്യ- വ്യവസായ മന്ത്രിമാരുടെ സംയുക്ത അധ്യക്ഷതയിൽ ഡൽഹിയിൽ സംയുക്ത ബിസിനസ്സ് ഫോറം നടന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ഖത്വർ മന്ത്രി ശൈഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയും മുഖ്യപ്രഭാഷണം നടത്തി.
ഉജ്ജ്വല സ്വീകരണം
രാഷ്ട്രപതിഭവനിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഖത്വർ അമീറിനെ സ്വീകരിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു അമീറിനെ സ്വാഗതം ചെയ്തു. ചടങ്ങിൽ നരേന്ദ്ര മോദിയും പങ്കെടുത്തു.
മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്വർ അമീർ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയത്. 2015ലും ഖത്വർ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു.

Latest