Connect with us

National

കത്വയില്‍ ലോക്കോ പൈലറ്റില്ലാതെ ചരക്കു ട്രെയിന്‍ ഓടിയ സംഭവം; സ്റ്റേഷന്‍ മാസ്റ്ററടക്കം നാലുപേരെ പിരിച്ചുവിട്ടു

ഫെബ്രുവരി 25ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്.

Published

|

Last Updated

കത്വ| ജമ്മു കാശ്മീരിലെ കത്വയില്‍ ലോക്കോ പൈലറ്റില്ലാതെ ചരക്കു ട്രെയിന്‍ കിലോമീറ്ററോളം ഓടിയ സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്ററടക്കം നാലുപേരെ പിരിച്ചുവിട്ടു. സംഭവത്തില്‍ കത്വ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ത്രിവേണി ലാല്‍ ഗുപ്ത, ഡ്യൂട്ടിയിലുണ്ടായിരുന്ന എഞ്ചിനീയര്‍മാരായ സന്ദീപ് കുമാര്‍ (ലോക്കോ പൈലറ്റ്), പ്രദീപ് കുമാര്‍ (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്), പോയിന്റ്‌സ്മാന്‍ മുഹമ്മദ് സമി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചിരുന്നു.

ഫെബ്രുവരി 25ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ലോക്കോ പൈലറ്റില്ലാതെ ചരക്കു ട്രെയിന്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ 84 കിലോമീറ്ററോളം തനിയെ ഓടിയെന്നാണ് ലഭിക്കുന്ന വിവരം. ജമ്മു കാശ്മീരിലെ കത്വയില്‍ നിന്ന് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് ചരക്കുട്രെയിന്‍ പോകുന്നതിനിടെയാണ് ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്.  പിന്നീട് പഞ്ചാബിലെ മുകേരിയനില്‍ വച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

കത്വ സ്റ്റേഷനിലെത്തിയപ്പോള്‍ ചായ കുടിക്കാന്‍ ലോക്കോ പൈലറ്റും സഹപൈലറ്റും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ട്രെയിനിന്റെ എന്‍ജിന്‍ ഓണായിരുന്നുവെന്നും ലോക്കോ പൈലറ്റ് ഇറങ്ങുന്നതിന് മുമ്പ് ട്രെയിനിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാവാം തനിയെ സഞ്ചരിക്കാന്‍ കാരണമെന്നാണ് നിഗമനം.

 

 

 

 

Latest