Kerala
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
നിധിന്‍രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത് എന്നിവരെയാണ് നാളെ വൈകീട്ട് നാല് വരെ കസ്റ്റഡിയില്‍ വിട്ടത്.
തിരുവനന്തപുരം | സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നിധിന്‍രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത് എന്നിവരെയാണ് നാളെ വൈകീട്ട് നാല് വരെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ആക്രമണത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് പ്രതികളെയും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും കോടതിയില്‍ പോലീസ് അറിയിച്ചു.
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ ഇ ഡി നടത്തിയ പരിശോധനക്കിടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായത്.







