Connect with us

Editorial

റിപബ്ലിക് ദിന ആഘോഷം അര്‍ഥപൂര്‍ണമാകണമെങ്കില്‍

രാജ്യത്തെ ഓരോ പൗരന്റെയും അടിസ്ഥാന സംരക്ഷണം ഭരണഘടന തന്നെയാണ്. അത് ഉറപ്പ് നല്‍കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും മത, ജാതി, വര്‍ഗ, വര്‍ണ, ഭാഷാ വ്യത്യാസമില്ലാതെ അനുഭവിക്കാന്‍ സാധിക്കുമ്പോഴാണ് ഭരണഘടനാ ശില്‍പ്പികളുടെ അധ്വാനം ലക്ഷ്യം കാണുന്നതും റിപബ്ലിക് ദിനാഘോഷത്തിന് അര്‍ഥം കൈവരുന്നതും.

Published

|

Last Updated

രാജ്യം 74ാം റിപബ്ലിക് ദിനമാഘോഷിക്കുകയാണിന്ന്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ 1947 ആഗസ്റ്റ് 15ന് മോചിതമായെങ്കിലും സ്വന്തമായ ഭരണഘടനയോടെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി തീര്‍ന്നത് 1950 ജനുവരി 26നാണ്. ബ്രിട്ടീഷ് സര്‍ക്കാറിൻ്റെ ഗവണ്‍മെൻ്റ് ഓഫ് ഇന്ത്യാ ആക്ട് (1935) പിന്‍വലിച്ച് ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ നമ്മുടെ സ്വന്തം ഭരണഘടനക്ക് അംഗീകാരം നല്‍കിയത് അന്നായിരുന്നു.

അക്കാലത്ത് ലോകത്ത് നിലവിലുണ്ടായിരുന്ന പ്രധാന ഭരണഘടനകളെല്ലാം പരിശോധിച്ചും രാജ്യത്തെ വൈവിധ്യത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടും തയ്യാറാക്കപ്പെട്ട ഈ നിയമാവലി മറ്റെല്ലാ ഭരണഘടനകളേക്കാളും മികച്ചു നില്‍ക്കുന്നു. ഇന്ത്യയുടെ ആത്മാവെന്നാണ് ഭരണഘടന വിശേഷിപ്പിക്കപ്പെടുന്നത്. എങ്കിലും അത് ഉറപ്പ് നല്‍കുന്ന മൂല്യങ്ങള്‍ ഭരണകൂടം തന്നെ കാറ്റില്‍ പറത്തുന്ന സ്ഥിതിയാണിന്ന്. പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനകള്‍ക്കുമുള്ള സ്വാതന്ത്ര്യവും ഭരണഘടനയുടെ ആമുഖം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സാമുദായികവും ജാതീയവുമായ വിവേചനം ഈ മേഖലകളിലെല്ലാം പ്രകടമാണ്.

ഡല്‍ഹിയിലെ സൈനിക പരേഡോ രാജ്പഥില്‍ രാഷ്ട്രപതിയുടെ പതാക ഉയര്‍ത്തല്‍ ചടങ്ങോ പത്മ അവാര്‍ഡുകളുടെയും പരംവീര ചക്ര, അശോക് ചക്ര, വീര്‍ ചക്ര അവാര്‍ഡ് പ്രഖ്യാപനമോ അടിസ്ഥാനമാക്കിയല്ല ഇന്ത്യന്‍ റിപബ്ലിക്കിൻ്റെയും റിപബ്ലിക് ദിനാഘോഷത്തിൻ്റെയും മികവിനെ വിലയിരുത്തേണ്ടത്. നമ്മുടെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ അവകാശങ്ങള്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുവെന്നതിനെ ആധാരമാക്കിയാകണം. രാജ്യത്തെ പൗരന്മാരില്‍ ഗണ്യ വിഭാഗത്തിനും ഈ അവകാശങ്ങള്‍ ലഭ്യമാകുന്നില്ല. ഡോ. ബി ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടതു പോലെ, “കേവലം ഒരു നിയമ പുസ്തകമല്ല ഭരണഘടന. ജീവിതത്തിൻ്റെ ചാലകശക്തിയാണ്’. രാജ്യത്തെ ഓരോ പൗരൻ്റെയും അടിസ്ഥാന സംരക്ഷണം ഭരണഘടന തന്നെയാണ്. അത് ഉറപ്പ് നല്‍കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും മത, ജാതി, വര്‍ഗ, വര്‍ണ, ഭാഷാ വ്യത്യാസമില്ലാതെ അനുഭവിക്കാന്‍ സാധിക്കുമ്പോഴാണ് ഭരണഘടനാ ശില്‍പ്പികളുടെ അധ്വാനം ലക്ഷ്യം കാണുന്നതും റിപബ്ലിക് ദിനാഘോഷത്തിന് അര്‍ഥം കൈവരുന്നതും.

ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് നിരന്തരം ഉണ്ടാകുന്നത്. വംശീയതയുടെയും ജാതീയതയുടെയും വേരുകളാഴ്ത്തി വര്‍ഗീയ രാഷ്ട്രീയം വളര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള കരുനീക്കങ്ങള്‍. മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്‍പ്പത്തെ തകര്‍ത്ത് രാജ്യത്തെ ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ഠിതമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും ഇത് ക്ഷതമേല്‍പ്പിക്കുന്നു. രാജ്യത്തിൻ്റെ യശസ്സിനു കളങ്കമേല്‍പ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് വിവിധ പഠനങ്ങള്‍ പറയാനിടയായ സാഹചര്യം ഇതാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവിനോട് പ്രത്യേക കടപ്പാടുണ്ട് നമ്മുടെ ഭരണഘടനക്ക്. നെഹ്‌റുവിൻ്റെതാണ് ഭരണഘടനയുടെ ആമുഖം. 1946 ഡിസംബര്‍ 13ന് അദ്ദേഹം അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ താക്കോല്‍, ആത്മാവ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ആമുഖത്തിനുണ്ട്. എന്നാല്‍ നെഹ്‌റുവിനെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് ഭരണതലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. നെഹ്‌റു സ്ഥാപിച്ച പ്ലാനിംഗ് ബോര്‍ഡിന് ചരമക്കുറിപ്പെഴുതി. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിൻ്റെ വെബ്സൈറ്റിലെ മുഖപേജിലെ ഫോട്ടോയില്‍ നിന്ന് നെഹ്‌റു പുറത്തായി. പകരം ഇടംപിടിച്ചതോ, സംഘ്പരിവാര്‍ ആചാര്യന്‍ വി ഡി സവര്‍ക്കറും.

ഭരണഘടന അന്യൂനമല്ല. കാലത്തിൻ്റെ പ്രയാണത്തിലും ജനാധിപത്യ ബോധത്തിൻ്റെ വളര്‍ച്ചയിലും അതില്‍ മാറ്റങ്ങള്‍ വേണ്ടിവരും. നൂറില്‍ പരം തവണ ഇന്ത്യന്‍ ഭരണഘടന ഭേദഗതിക്ക് വിധേയമായിട്ടുമുണ്ട്. ഭേദഗതികള്‍ പക്ഷേ രാജ്യത്തിൻ്റെയും ജനങ്ങളുടെയും നന്മ ലാക്കാക്കിയും ഇന്ത്യയുടെ മുഖ്യ സവിശേഷതയായ ബഹുസ്വരതക്ക് ക്ഷതമേല്‍ക്കാത്ത വിധത്തിലുമാകണം. സമീപ കാലത്ത് നടക്കുന്ന ഭരണഘടനാ ഭേദഗതികളുടെ സ്വഭാവം അതല്ല. ജനാധിപത്യ മതേതര സംവിധാനത്തില്‍ നിന്ന് ഹിന്ദുത്വ ഭരണത്തിലേക്കുള്ള ചുവടുവെപ്പുകള്‍ക്ക് വേഗം വര്‍ധിപ്പിക്കുന്ന ഭേദഗതികളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമെല്ലാം ഉദാഹരണങ്ങളാണ്. ഭരണഘടനയുടെ അന്തസ്സത്തക്ക് തന്നെ വിരുദ്ധമാണിത്.

ഇതിനെല്ലാമപ്പുറം നമ്മുടെ ഭരണഘടന തന്നെ അപ്രസക്തമാക്കി പകരം മനുസ്മൃതി ഭരണഘടനയാക്കാനുള്ള സാധ്യതയും മുന്നില്‍ കാണേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടനയേക്കാളും മികച്ചത് മനുസ്മൃതിയാണെന്ന് ആര്‍ എസ് എസ് മുഖപത്രം മുമ്പേ പറഞ്ഞു വെച്ചതാണ്. “”നമ്മുടെ ഭരണഘടനയില്‍ പൗരാണിക ഭാരതത്തിലെ അദ്വിതീയമായ ഭരണ പുരോഗതിയെ കുറിച്ച് പരാമര്‍ശമേയില്ല. ഇന്നോളം ലോകത്തിൻ്റെ ആരാധനയെ പ്രചോദിപ്പിക്കുകയും സ്വാഭാവികമായ അനുസരണവും യോജിപ്പും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട് മനുസ്മൃതിയിലെ നിയമങ്ങള്‍. എന്നാല്‍ നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ അതൊന്നും കണക്കിലെടുത്തിട്ടില്ല” (ഓര്‍ഗനൈസര്‍, 1949 നവംബര്‍ 30). റിപബ്ലിക് ദിനത്തിന് കൂടുതല്‍ പ്രസക്തിയുണ്ട് വര്‍ത്തമാന കാലത്തെന്ന് ജനാധിപത്യ വിശ്വാസികളെല്ലാം അടിവരയിടുന്നു.

Latest