Kerala
31 ചലച്ചിത്രങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്; കാരണം ബോധിപ്പിക്കണമെന്ന ആവശ്യവുമായി ചലച്ചിത്ര അക്കാദമി
ഈ മാസം 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ ഡി എസ് എഫ് എഫ് കെ ചലച്ചിത്ര മേളയിലെ ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്
തിരുവനന്തപുരം | ഈ മാസം 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ ഡി എസ് എഫ് എഫ് കെ ചലച്ചിത്ര മേളയിലെ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച നടപടിക്കെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി.
പതിനെട്ടാമത് രാജ്യാന്തര ഹ്രസ്വചിത്ര-ഡോക്യുമെന്ററി ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്ത 31 ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചലച്ചിത്ര അക്കാദമി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
അനുമതി നിഷേധിക്കാനുണ്ടായ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും അക്കാദമി കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ചലച്ചിത്ര മേളയുടെ സ്വാതന്ത്ര്യത്തെ തന്നെ ഹനിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണയായി ഇത്തരം മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 347-ഓളം ചിത്രങ്ങള്‍ കേന്ദ്രത്തിന് അയച്ചതില്‍ നിന്നാണ് 31 ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്.
കേന്ദ്ര നടപടിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. നടപടിക്കെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രിയടക്കം രംഗത്തെത്തുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘാടകരായ ചലച്ചിത്ര അക്കാദമി കേന്ദ്ര മന്ത്രാലയത്തിന് ഔദ്യോഗികമായി കത്തയച്ചത് .
Content Highlights:
Kerala Chalachitra Academy sent a letter to the Union I and B Ministry protesting the denial of permission for 31 films selected for IDSFFK. The Academy urged the Ministry to provide reasons and reconsider its stance. Cultural leaders and state ministers have voiced strong opposition.




