Kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രണ്ടുകാറുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്
തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും മണിക്കൂറുകളില്‍ തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയത്ത് കനത്തമഴയാണ് ലഭിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് ശക്തമായ മഴ തുടരുന്നത്. തീക്കോയി, തലനാട്, വാഗമണ്‍ പ്രദേശങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അപകടകരമായ അവസ്ഥയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
കോട്ടയം കാരിക്കാട് ടോപ്പില്‍ മണ്ണിടിച്ചിലുണ്ടായി. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രണ്ടുകാറുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവിടെ ഗതാഗതം തടസ്സപ്പെ്ടടിരിക്കുകയാണ്.
വടക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറി മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കന്‍ ആന്‍ഡമാന്‍ കടലിലുമായി സ്ഥിതി ചെയ്യുകയാണ്. തുടര്‍ന്ന് ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നാളെ ( തിങ്കളാഴ്ച) മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും ചൊവ്വാഴ്ചയോടെ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ച രാവിലെ തെക്കന്‍ ഒഡിഷവടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങള്‍ക്ക് സമീപമുള്ള മധ്യ-പടിഞ്ഞാറന്‍, സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ എത്താനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
Content Highlights: Widespread heavy rains are expected across Kerala due to a low-pressure area formed over the Bay of Bengal. Orange alerts were issued for Kottayam and Idukki districts due to intense rainfall. A landslide occurred on the Erattupetta-Vagamon road, trapping two cars, but passengers escaped safely.





