Connect with us

From the print

സംസ്ഥാനത്ത് ചരക്ക് കയറ്റുമതിയില്‍ വന്‍ വളര്‍ച്ച

ചെരുപ്പും സ്വര്‍ണവും കുതിക്കുന്നു,  റിപോര്‍ട്ട് തയ്യാറാക്കിയത് കാലിക്കറ്റ് യൂനി. ഡിപാര്‍ട്ട്മെന്റ് ഓഫ് ഇകണോമിക്സ്

Published

|

Last Updated

കോഴിക്കോട് | ചരക്ക് കയറ്റുമതില്‍ കുതിച്ച് കേരളം. സ്വര്‍ണാഭരണങ്ങള്‍, കയര്‍, ചെരുപ്പ്, ഹാര്‍ഡ്ബോര്‍ഡ്, ഏലം, കശുവണ്ടി, മുളക്, പരുത്തി, മത്സ്യ ഉത്പന്നങ്ങള്‍, പഴം- പച്ചക്കറികള്‍, കുരുമുളക്, റബ്ബര്‍, ചായപ്പൊടി തുടങ്ങിയ വസ്തുക്കള്‍ക്കാണ് വന്‍ കയറ്റുമതി വര്‍ധന രേഖപ്പെടുത്തിയത്. വല്ലാര്‍പാടം ടെര്‍മിനല്‍ കേന്ദ്രീകരിച്ച് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിനു വേണ്ടി കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിപാര്‍ട്ട്മെന്റ്ഓഫ് ഇകണോമിക്സ് നടത്തിയ പഠന റിപോര്‍ട്ടിലാണ് വളര്‍ച്ചയുടെ വിവരങ്ങളുള്ളത്.

ഇന്ത്യ- യു എ ഇ കരാര്‍
ഇന്ത്യ- യു എ ഇ സര്‍ക്കാറുകള്‍ പുതുതായി ധാരണയായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ കയറ്റുമതി രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുന്നുണ്ട്. ഈ കരാറനുസരിച്ച് യു എ ഇയില്‍ നിന്ന് ബാര്‍, കോയിന്‍ എന്നിങ്ങനെ സ്വര്‍ണം ചരക്ക് വസ്തുവായി കൊണ്ടുവരുന്നതിന് ഇറക്കുമതി തീരുവ ആവശ്യമില്ല. ഇവ ആഭരണങ്ങളാക്കി തിരിച്ചയക്കുന്നതിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇറക്കുമതി ചെയ്തതിന്റെ 80 ശതമാനമെങ്കിലും കയറ്റുമതി ചെയ്യണമെന്ന നിബന്ധന നില നില്‍ക്കുന്നുണ്ട്. ഈ കരാര്‍ കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പുകള്‍ക്കുള്‍പ്പെടെ രാജ്യത്തെ ആഭരണ നിര്‍മാതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഗുജറാത്തില്‍ നിന്നാണ് വലിയ തോതില്‍ സ്വര്‍ണാഭരണ കയറ്റുമതി നടക്കുന്നത്. 21 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള സ്വര്‍ണാഭരണ കയറ്റുമതി രംഗത്തെ വളര്‍ച്ച. സംസ്ഥാനത്ത് ചെരുപ്പ് കയറ്റുമതിയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2022ല്‍ 71 കണ്ടെയ്നര്‍ യൂനിറ്റായിരുന്നു ചെരുപ്പ് കയറ്റുമതിയെങ്കില്‍ 2023 ഡിസംബറില്‍ ഇത് 98 ടി ഇ യു ആയി വര്‍ധിച്ചു.

ഹൂത്തി ആക്രമണം
ഫലസ്തീന്‍ യുദ്ധത്തെത്തുടര്‍ന്ന് ചെങ്കടലില്‍ ഹൂത്തികള്‍ തീര്‍ത്ത പ്രതിസന്ധിയില്‍ പഴം- പച്ചക്കറി ഉത്പന്നങ്ങള്‍ നശിക്കുന്ന സാഹചര്യമുണ്ടായെങ്കിലും 2022 ഡിസംബറില്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടായി.

കയര്‍, കശുവണ്ടി
2022 ഒക്ടോബറില്‍ കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതി 72 ടി ഇ യുവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, 2023 ഒക്ടോബറില്‍ ഇത് 1339 ടി ഇ യുവായി വര്‍ധിച്ചു. പരുത്തിയുടെ വര്‍ധന 378ല്‍ നിന്ന് 672, കശുവണ്ടി 127- 165, മുളക് 33- 74, ഇഞ്ചി 10- 17, ഹാര്‍ഡ് ബോര്‍ഡ് 12- 50, ചണ ഉത്പന്നങ്ങള്‍ 59- 102, സസ്യ എണ്ണ 130- 141, കുരുമുളക് 72-101, റബ്ബര്‍ 918- 1,191, ചായപ്പൊടി 778- 920 എന്നിങ്ങനെയാണ് കയറ്റുമതിയില്‍ ഉണ്ടായ ടി ഇ യു നിരക്ക് വര്‍ധന. ശീതികരിച്ച മത്സ്യം, പ്ലൈവുഡ് എന്നിവയുടെ കയറ്റുമതിയിലെ വര്‍ധന താരതമ്യേന കുറവും രേഖപ്പെടുത്തി. ഇരു വര്‍ഷത്തേയും ഒക്ടോബറിലെ മാത്രം കണക്ക് പരിശോധിച്ചാല്‍ മൊത്തം കയറ്റുമതിയില്‍ 6.49 ശതമാനം വര്‍ധനയാണുള്ളത്.

കേരളത്തിലേതിന് പുറമെ, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കയറ്റുമതിയും വല്ലാര്‍പാടം ടെര്‍മിനല്‍ വഴി നടക്കുന്നുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അസ്സിസ്റ്റന്റ്‌പ്രൊഫസര്‍മാരായ ഡോ. റൗനാഖ്, ഷിബു രാഘവന്‍, ഡോ. അഭിനവ് എം സി, പി എസ് ഷെറിന്‍, നന്ദിനി പ്രസാദ് എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്നത്.