തെളിയോളം
കിരീടം പോയാലെങ്ങനെ കീടമാകും!
ഒരിക്കൽ മതിപ്പ് ഒന്ന് കൈവിട്ടുപോയാൽ, മുഖം വീർപ്പിച്ച് വീണിടത്തു ഇരിക്കേണ്ട. ഒന്ന് ചിരിക്കുക, പിഴവ് സമ്മതിക്കുക, പൊടി തട്ടുക, പിന്നെ വീണ്ടും നടക്കുക. വഴിയിൽ വീണ്ടും കല്ലുണ്ടെങ്കിൽ ഇത്തവണ ഒന്ന് നോക്കി നടക്കാം! നമ്മുടെ വില ഒരു നിമിഷം തീരുമാനിക്കുന്നതല്ല; ആ നിമിഷങ്ങൾക്കിടയിൽ നാം ചെയ്യുന്ന ജീവിതമാണ് അത് തീരുമാനിക്കുന്നത്.
ചിലപ്പോൾ നമ്മുടെ വിലമതിപ്പ് ഒന്ന് ഇടിഞ്ഞുപോയെന്ന് തോന്നാൻ വലിയ സംഭവങ്ങളൊന്നും വേണ്ട. നാലാളുടെ മുന്നിൽ നല്ല ആത്മവിശ്വാസത്തോടെ ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും തെളിവ് സഹിതം, വളരെ ശാന്തമായി, “അത് ശരിയല്ല’ എന്ന് പറഞ്ഞാൽ മതി – ഇത്ര നേരം തലയ്ക്കു മുകളിൽ കിരീടം വെച്ച് നടന്നിരുന്ന നമുക്ക് പെട്ടെന്ന് അത് ആരോ എടുത്തുമാറ്റിയതുപോലെ തോന്നും! അങ്ങാടിയിലൂടെ വലിയ പ്രൗഢിയിൽ നടക്കുമ്പോൾ വഴിയിലെ ഒരു ചെറിയ കല്ല് കാലിനോട് ചോദിക്കാതെ തട്ടിത്തടഞ്ഞു വീഴ്ത്തിയാൽ ആദ്യം കൈകാലുകൾക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല “ആരൊക്കെ കണ്ടു?’ എന്നായിരിക്കും ഉള്ളിലെ അന്വേഷണം.
വേദിയിൽ പ്രസംഗിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വാക്ക് തന്നെ പെട്ടെന്ന് ഓർമയിൽ നിന്ന് മുങ്ങിപ്പോയാൽ, വീട്ടിലെത്തിയ ശേഷവും അതേ ആ സന്ദർഭം തലച്ചോറിൽ മുഴങ്ങി നിൽക്കും. മറ്റുള്ളവരുടെ തമാശക്ക് എല്ലാവരും പൊട്ടിച്ചിരിക്കുമ്പോൾ നമ്മൾ പറഞ്ഞ തമാശക്ക് മുന്നിൽ മൂന്ന് പേർ വെള്ളം കുടിക്കുകയും ഒരാൾ മൊബൈൽ നോക്കുകയും ചെയ്താൽ പോലും, “ഇനി ഞാൻ മിണ്ടുന്നില്ല’ എന്നൊരു തീരുമാനത്തിലെത്തും! പക്ഷേ, ഇതൊക്കെ സംഭവിക്കുമ്പോൾ ഓർക്കേണ്ട ഒരു ചെറിയ സത്യമുണ്ട്: ഒരു നിമിഷത്തെ പിഴവ് കൊണ്ട് ഒരാളുടെ മുഴുവൻ വിലയും കുറഞ്ഞുപോകുന്നില്ല.
നാം തെറ്റിയ ഒരു വാചകമല്ല, നാം വീണ ഒരു നിമിഷമല്ല, മറ്റുള്ളവർ കണ്ട ഒരു അബദ്ധവുമല്ല നമ്മൾ. ചിലപ്പോൾ നമ്മൾ മനസ്സിൽ അതിന് കൊടുക്കുന്ന പ്രാധാന്യമാണ് യഥാർഥ സംഭവത്തേക്കാൾ വലുതാകുന്നത്. നാം മൂന്ന് ദിവസം ഓർത്തിരിക്കുന്ന ആ നാണക്കേട് മറ്റൊരാൾ മൂന്ന് മിനുട്ടിനകം മറന്നിട്ടുണ്ടാകും. കാരണം എല്ലാവർക്കും സ്വന്തം ജീവിതത്തിൽ തന്നെ മതിയായ കുഴപ്പങ്ങളുണ്ട്!
“ആകെ നാണക്കേടായി!’ എന്ന് തോന്നുന്ന നിമിഷങ്ങളിൽ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം, ആദ്യം ഉള്ളിൽ ഒന്ന് ചിരിക്കുകയാണ്. നമ്മളെക്കുറിച്ച് മറ്റുള്ളവർ ചിരിക്കുന്നതിനെ തടയാൻ കഴിയില്ല; പക്ഷേ, അതിന് മുമ്പ് നമ്മൾ തന്നെ നമ്മളെക്കുറിച്ച് ചിരിക്കാൻ പഠിച്ചാൽ, കാര്യത്തിന്റെ പകുതി അവിടെ തീരും. വേദിയിൽ വാക്ക് തെറ്റിയോ? “ഇത് എന്റെ നാവിന്റെ സ്വന്തം വ്യാഖ്യാനമാണ്’ എന്ന് പറഞ്ഞ് മുന്നോട്ട് പോകാം.
കസേരയിൽ ഇരുന്നപ്പോൾ കസേര ഒടിഞ്ഞോ? “കസേരക്ക് ഇന്നത്തെ എന്റെ ഭാരം കൈകാര്യം ചെയ്യാനായില്ല’ എന്ന് പറഞ്ഞാൽ മതി. കൂട്ടുകാർ കളിയാക്കിയോ? “ഇത് ഇനി കുറെ കാലം ഓർത്തുവെക്കാൻ പറ്റിയ സംഭവം തന്നെയാണല്ലോ’ എന്ന് ചിരിച്ചാൽ അവരുടെ കളിയുടെ പകുതി രസം അവിടെ തീരും. നമ്മളെക്കുറിച്ച് തമാശ പറയാനുള്ള അവകാശം മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ, നമ്മളെക്കുറിച്ചുള്ള തമാശ കേട്ടാലും തകർന്നുപോകാത്ത മനസ്സുണ്ടാക്കുന്നതാണ് നല്ലത്.
എല്ലായ്പ്പോഴും സ്വന്തം ഗൗരവം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചാൽ ജീവിതം ഒടുവിൽ ഒരു പരീക്ഷാഹാളാകും – ചുറ്റുമുള്ളവർ എല്ലാവരും പരീക്ഷ എഴുതുകയാണെന്ന് കരുതി, “ആരെങ്കിലും എന്നെ നോക്കുന്നുണ്ടോ?’ എന്ന് മാത്രം നോക്കി ഇരിക്കേണ്ടി വരും! സത്യത്തിൽ, നമ്മളിലെ കുറവുകൾ അംഗീകരിക്കാൻ കഴിയുന്നിടത്താണ് ഒരു പ്രത്യേക സ്വാതന്ത്ര്യം തുടങ്ങുന്നത്. എല്ലാ സമയത്തും ഗംഭീരനായി തോന്നേണ്ട ആവശ്യമില്ല; സ്വാഭാവികനായി ഇരിക്കാനുള്ള ധൈര്യം മതി. കാരണം ആളുകളെ എന്നും ആകർഷിക്കുന്നത് ഒരിക്കലും തെറ്റാത്ത മനുഷ്യനെയല്ല; തെറ്റിയാലും അതിനെ കൈകാര്യം ചെയ്യാൻ അറിയുന്ന മനുഷ്യനെയാണ്.
അതുകൊണ്ട് “മാനം പോയല്ലോ’ എന്ന് തോന്നിയ ഒരു നിമിഷത്തെ ജീവിതത്തിലെ വിധിയായി കാണേണ്ടതില്ല. ആരെയും ബോധ്യപ്പെടുത്താൻ പിന്നാലെ നടക്കേണ്ട, പ്രതികാരം ചെയ്യാൻ പദ്ധതിയിടേണ്ട, “ഞാൻ ആരാണെന്ന് കാണിച്ചുതരാം’ എന്ന് പ്രഖ്യാപിക്കേണ്ടതുമില്ല. കുറച്ച് നിശ്ശബ്ദമായി ഇരിക്കുക; പിന്നെ അടുത്ത പ്രവൃത്തി നന്നായി ചെയ്യുക. ഇന്ന് പറഞ്ഞത് തെറ്റിപ്പോയെങ്കിൽ നാളെ കൂടുതൽ തയ്യാറായി സംസാരിക്കുക. ഇന്ന് ചെയ്ത കാര്യം പാളിയെങ്കിൽ അടുത്ത തവണ കുറച്ച് കൂടുതൽ ശ്രദ്ധിക്കുക.
കാലിടറിയെങ്കിൽ കല്ലിനെ കുറ്റപ്പെടുത്തിക്കൊണ്ട് അവിടെ തന്നെ നിൽക്കാതെ, അടുത്ത ചുവട് എവിടെയിടണമെന്ന് നോക്കുക. മറ്റുള്ളവരുടെ മുന്നിൽ നഷ്ടപ്പെട്ടതായി തോന്നുന്ന ഗൗരവം, വിശദീകരണങ്ങളെക്കാൾ, നല്ല പ്രവൃത്തികളിലൂടെയാണ് തിരിച്ചുവരുന്നത്. ഇന്ന് നിങ്ങളെക്കുറിച്ച് ചിരിച്ച ഒരാൾ നാളെ നിങ്ങളോട് സഹായം ചോദിച്ചേക്കാം; ഇന്ന് നിങ്ങളെ വിലകുറച്ച് കണ്ട ഒരാൾ നാളെ നിങ്ങളുടെ അഭിപ്രായം തേടിയേക്കാം.
അതുകൊണ്ട് ഇന്നത്തെ ഒരു ചെറിയ അപമാനത്തിന് നാളത്തെ മുഴുവൻ ജീവിതവും പണയം വെക്കേണ്ടതില്ല. ആളുകൾ ഇന്ന് നമ്മളെ എങ്ങനെ കണ്ടു എന്നതിനെക്കാൾ, ആ സംഭവത്തിന് ശേഷം നമ്മൾ എങ്ങനെ മാറി എന്നതാണ് പ്രധാനം. അതിനാൽ ഒരിക്കൽ മതിപ്പ് ഒന്ന് കൈവിട്ടുപോയാൽ, മുഖം വീർപ്പിച്ച് വീണിടത്തു ഇരിക്കേണ്ട. ഒന്ന് ചിരിക്കുക, പിഴവ് സമ്മതിക്കുക, പൊടി തട്ടുക, പിന്നെ വീണ്ടും നടക്കുക. വഴിയിൽ വീണ്ടും കല്ലുണ്ടെങ്കിൽ ഇത്തവണ ഒന്ന് നോക്കി നടക്കാം! നമ്മുടെ വില ഒരു നിമിഷം തീരുമാനിക്കുന്നതല്ല; ആ നിമിഷങ്ങൾക്കിടയിൽ നാം ചെയ്യുന്ന ജീവിതമാണ് അത് തീരുമാനിക്കുന്നത്.
Content Highlights:
Embarrassment from minor public mistakes does not define a person’s overall worth. Learning to laugh at oneself and accepting imperfections brings inner freedom and resilience. Moving forward with silent confidence and positive actions easily earns back respect without needing explanations.




