From the print
ഉയർന്ന പോളിംഗ് കുന്ദമംഗലത്ത്; ഏറ്റവും കുറവ് റാന്നിയിൽ
ആദ്യ പത്തിൽ കൂടുതലും മലബാർ മണ്ഡലങ്ങൾ • 70 ശതമാനത്തിന് താഴെ മൂന്ന് മണ്ഡലങ്ങള്‍ മാത്രം
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തെന്ന് (84.83%) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് (68.98%) രേഖപ്പെടുത്തിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 80 ശതമാനത്തിന് മുകളിൽ കടന്നത് ശ്രദ്ധേയമായിരുന്നു.
84.63 ശതമാനവുമായി പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് തൊട്ടുപിന്നിലുള്ളത്. എറണാകുളത്തെ കുന്നത്തുനാട് 84.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ബേപ്പൂരിൽ 83.77 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അരൂരിൽ 83.35 ശതമാനവും ഏറനാട് 83.29 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ചേരിയിൽ 82.52 ശതമാനവും കൊണ്ടോട്ടിയിൽ 82.48 ശതമാനവുമാണ് കണക്ക്. എലത്തൂർ 82.45 ശതമാനം രേഖപ്പെടുത്തിയപ്പോൾ ത്രികോണ മത്സരം നടന്ന പാലക്കാട് 82.33 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു.
അതേസമയം, വെറും മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ് 70 ശതമാനത്തിൽ താഴെ പോയതെന്നത് ശ്രദ്ധേയമാണ്. കടുത്തുരുത്തിയിൽ 69.34 ശതമാനവും തിരുവല്ലയിൽ 69.47 ശതമാനവുമാണ് പോളിംഗ്. കോന്നി 70.01 ശതമാനവും പുനലൂർ 70.99 ശതമാനവും രേഖപ്പെടുത്തി. 71.05 ശതമാനവുമായി ചെങ്ങന്നൂരും 71.50 ശതമാനവുമായി ആറന്മുളയും തൊട്ടുപിന്നിലുണ്ട്. കുട്ടനാട് 71.84 ശതമാനവും മാവേലിക്കര 72.61 ശതമാനവുമാണെന്നാണ് റിപോർട്ട്.
ചങ്ങനാശ്ശേരിയിൽ 73.16 ശതമാനമാണ്. മികച്ച പോളിംഗ് രേഖപ്പെടുത്തിയ ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് വർധനയിൽ ഏറെ പ്രതീക്ഷ പുലർത്തുന്ന മുന്നണികൾ അടുത്തമാസം നാലിലെ വോട്ടെണ്ണൽ ദിനത്തിനായി കാത്തിരിക്കുകയാണ്.



