Connect with us

hema committee

ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് എസ് ഐ ടി

പത്ത് ദിവസത്തിനുള്ളില്‍ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം നിയമ നടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ കേസെടുക്കാനാണ് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ നല്‍കിയ 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി. സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് എസ് ഐ ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ ഭൂരിഭാഗം പേരെയും നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു. പത്ത് ദിവസത്തിനുള്ളില്‍ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം നിയമ നടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ കേസെടുക്കാനാണ് തീരുമാനം. അടുത്ത മാസം മൂന്നിനുള്ളില്‍ നിയമ നടപടികളിലേക്ക് പ്രവേശിക്കാനാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക സംഘത്തിന്റെ യോഗം തീരുമാനിച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള്‍ വായിക്കാനും തീരുമാനിച്ചു. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടാനാണ് തീരുമാനം.

പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. യഥാര്‍ഥ റിപ്പോര്‍ട്ടിന് 3,896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണ് ഇത്രയും പേജുകള്‍.

---- facebook comment plugin here -----

Latest