Connect with us

National

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതല്ല, രാജിവെച്ചതാണ്‌; സഞ്ജയ് നിരുപം

അച്ചടക്കമില്ലായ്മയുടെയും പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെയും പേരില്‍ കഴിഞ്ഞ ദിവസമാണ് നിരുപമിനെ കോണ്‍ഗ്രസ് പുറത്താക്കിയത്.

Published

|

Last Updated

മുംബൈ|പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപം വിശദീകരണവുമായി രംഗത്ത്. രാജിക്കത്ത് സമര്‍പ്പിച്ചതിനു പിന്നാലെയാണ് തന്നെ പുറത്താക്കിയതെന്ന് സഞ്ജയ് നിരുപം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജിക്കത്ത് അയച്ചതെന്നും നിരുപം വ്യക്തമാക്കി. ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് രാജിക്കത്ത് അയച്ചതും സഞ്ജയ് എക്‌സില്‍ പങ്കുവച്ചു.

അച്ചടക്കമില്ലായ്മയുടെയും പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെയും പേരില്‍ കഴിഞ്ഞ ദിവസമാണ് നിരുപമിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശിവസേനക്കെതിരെ സഞ്ജയ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മുംബൈയില്‍ ആറ് സീറ്റുകളില്‍ മത്സരിക്കാനാണ് ശിവസേന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതെന്നും ഇത് കോണ്‍ഗ്രസിനെ തകര്‍ക്കാനാണെന്നും സഞ്ജയ് പറഞ്ഞിരുന്നു.

ഇതില്‍ കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം കഴിഞ്ഞ ദിവസം സഞ്ജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. കൂടാതെ പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതേസമയം സഞ്ജയ് നിരുപം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.