Connect with us

From the print

ഹജ്ജ്: തിരഞ്ഞെടുക്കപ്പെട്ടവര്‍ ബാക്കി തുക 27നകം അടയ്ക്കണം

അപേക്ഷകര്‍ ഹജ്ജ് അപേക്ഷയില്‍ രേഖപ്പെടുത്തിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടയ്‌ക്കേണ്ടത്.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍, നേരത്തേ അടച്ച രണ്ട് ഗഡുവായ 2,51,800 രൂപക്ക് പുറമെ ഇനി അടയ്ക്കാനുള്ള തുക ഈ മാസം 27നകം നല്‍കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

അപേക്ഷകര്‍ ഹജ്ജ് അപേക്ഷയില്‍ രേഖപ്പെടുത്തിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടയ്‌ക്കേണ്ടത്. തീര്‍ഥാടകര്‍ അവരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ അടയ്‌ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച തുക താത്കാലികവും ആവശ്യമെങ്കില്‍ മാറ്റത്തിനു വിധേയവുമായിരിക്കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. എംബാര്‍ക്കേഷന്‍ പോയിന്റ്, ഇനി അടയ്ക്കാനുള്ള തുക (ഒരാള്‍ക്ക്): കോഴിക്കോട് 1,21,200 രൂപ, കൊച്ചി 85,300 രൂപ, കണ്ണൂര്‍ 86,200 രൂപ. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍, ആ ഇനത്തില്‍ 15,180 രൂപ കൂടി അധികം അടയ്ക്കണം.

ഇന്‍ഫന്റിന് (രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍): കോഴിക്കോട് എംബാര്‍ക്കേഷന്‍ 13,500 രൂപ, കൊച്ചിന്‍ എംബാര്‍ക്കേഷന്‍ 9,950 രൂപ, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ 10,000 രൂപ എന്ന നിരക്കിലുള്ള തുക കൂടി അടയ്‌ക്കേണ്ടതാണ്.

ഓരോ കവറിനും പ്രത്യേകമായുള്ള ബേങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യയിലോ പണം അടയ്ക്കാം. ഓണ്‍ലൈനായും പണമടയ്ക്കാം. തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ്: www.hajcommittee.com, www.keralahajcommittee.org.

 

Latest