Ongoing News
ഹാജിമാർ മിനയിലേക്ക് എത്തിത്തുടങ്ങി; അറഫാ സംഗമം ചൊവ്വാഴ്ച
ഹജ്ജ് വേളയിൽ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് പുണ്യഭൂമിയായ മിനയിലാണ്.
മിന | ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) ന്റെയും മകൻ ഇസ്മാഈൽ നബി (അ) ന്റെയും ത്യാഗസ്മരണകൾ പുതുക്കി, അന്ത്യ പ്രവാചകർ മുഹമ്മദ് നബിയുടെ മാതൃക പിന്തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർ തമ്പുകളുടെ നഗരിയായ മിനയിലേക്ക് നീങ്ങിത്തുടങ്ങി. നാഥാ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങളിതാ എത്തിയിരിക്കുന്നു എന്ന അർത്ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്…’ എന്ന തൽബിയത്ത് മന്ത്രധ്വനികളാൽ മക്കയും പരിസരവും മുഖരിതമാണ്. മക്കയിൽ നിന്നും കാൽനടയായും വിവിധ വാഹനങ്ങളിലുമായാണ് ഹാജിമാർ മിന ലക്ഷ്യമാക്കി നീങ്ങുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മിന നഗരി പൂർണ്ണമായും തൽബിയത്ത് മന്ത്രങ്ങളാൽ അലയടിക്കും.
ദുൽഹിജ്ജ എട്ടാം ദിനമായ തിങ്കളാഴ്ചയാണ് യൗമുത്തർവിയ എന്ന് അറിയപ്പെടുന്നത്. കറുത്തവനെന്നോ വെളുത്തവനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഒരേ വസ്ത്രമണിഞ്ഞ്, ഒരൊറ്റ മന്ത്രം ഉരുവിട്ട് പാപമോചനത്തിനായും അനുഗ്രഹ വർഷത്തിനായും പ്രാർത്ഥനയോടെ മിനായിൽ രാപ്പാർക്കും. തുടർന്ന് ദുൽഹിജ്ജ ഒൻപതിന് ചൊവ്വാഴ്ച സുബഹി നമസ്കാരത്തോടെ ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ഹാജിമാർ അറഫ ലക്ഷ്യമാക്കി നീങ്ങും.
താപനില 43 ഡിഗ്രി
നിലവിൽ 43 ഡിഗ്രി സെൽഷ്യസാണ് മിനയിലെ താപനില. യൗമുത്തർവിയ ദിനത്തിൽ മിനായിലെ അന്തരീക്ഷ താപനില ഉയർന്നത് 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 28 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത ചൂട് കണക്കിലെടുത്ത് തീർത്ഥാടകരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഈ വർഷം പ്രഥമ പരിഗണനയാണ് ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത ഏകോപനത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് മിനയിലും അറഫയിലും അധികൃതർ ഒരുക്കിയിട്ടുള്ളത്. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ സൗദിക്ക് അകത്തുനിന്നുള്ള ആഭ്യന്തര തീർത്ഥാടകർ കൂടി എത്തിച്ചേർന്നതോടെ മക്കയിലും പരിസരങ്ങളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച രാത്രിയോടെ ഭൂരിഭാഗം ഹാജിമാരും മിനായിൽ എത്തിച്ചേരും. ഇതോടെ തിങ്കളാഴ്ച മിനാ താഴ്‌വര ശുഭ്രവസ്ത്രധാരികളായ വിശ്വാസികളാൽ നിറയും.

ഹജ്ജ് വേളയിൽ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് പുണ്യഭൂമിയായ മിനയിലാണ്. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത് മിനായിൽ തിരിച്ചെത്തുന്ന തീർത്ഥാടകർ ഹജ്ജിലെ പ്രധാന കർമ്മങ്ങളായ ജംറകളിലെ കല്ലേറ്, ബലി കർമ്മം എന്നിവ നിർവഹിക്കുന്നതും ഇവിടെ വെച്ചാണ്. ഇസ്ലാമിക ചരിത്രത്തിൽ ഒട്ടനവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശം കൂടിയാണ് മിന താഴ്‌വര. മിനയുടെ വടക്കും തെക്കും വശങ്ങൾ മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ ദൂരമാണ് മിനയിലേക്കുള്ളത്. പടിഞ്ഞാറ് മക്കയിലെ അൽ അസീസിയ ജില്ലയും ജംറയും, കിഴക്ക് മുസ്ദലിഫയുടെ അതിർത്തിയായ മുഹസ്സിർ താഴ്‌വരയുമാണ് മിനയുടെ അതിരുകൾ. 16.8 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി. ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്ന ദുൽഹിജ്ജ 13 വരെ മിനാ താഴ്‌വര വിശ്വാസികളാൽ സജീവമായിരിക്കും.
അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഇബ്രാഹീം നബി മകൻ ഇസ്മാഈൽ നബിയെ ബലിയർപ്പിക്കാൻ കൊണ്ടുപോകുന്ന സമയത്ത്, അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞോടിച്ചതിന്റെ പ്രതീകമായാണ് ഹാജിമാർ മൂന്ന് ജംറകളിൽ കല്ലേറ് നടത്തുന്നത്. ഇത്തവണ കല്ലേറ് സമയത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
കനത്ത സുരക്ഷയിൽ പുണ്യ ഭൂമി
തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പുണ്യഭൂമിയിൽ വിന്യസിച്ചിരിക്കുന്നത്. ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ പുണ്യസ്ഥലങ്ങൾ പൂർണ്ണമായും സൈനിക നിയന്ത്രണത്തിലായിരിക്കും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഹെലികോപ്റ്ററുകൾ തീർത്ഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും മക്ക, മിന, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിനുമായി മുഴുവൻ സമയവും വ്യോമനിരീക്ഷണം നടത്തും.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രധാന ആശുപത്രികളിലേക്ക് വേഗത്തിൽ മാറ്റുന്നതിനായി മിന, അറഫത്ത്, മക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും എയർ ആംബുലൻസുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. അപകടങ്ങളും മറ്റ് അടിയന്തിര സാഹചര്യങ്ങളും നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സിവിൽ ഡിഫൻസ് അറിയിച്ചു. കൃത്യമായ ഹജ്ജ് അനുമതി പത്രം ഇല്ലാതെ പുണ്യഭൂമിയിൽ പ്രവേശിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഹാജിമാർ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്
ഈ വർഷം ഏറ്റവും കൂടുതൽ ഹാജിമാർ എത്തിച്ചേരുന്നത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്, 221000 തീർത്ഥാടകരാണ് അവിടെ നിന്നും എത്തുന്നത്. 1,79,000 തീർത്ഥാടകരുമായി പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും 1,75,025 തീർത്ഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. 127,198 തീർത്ഥാടകരുമായി ബംഗ്ലാദേശാണ് നാലാം സ്ഥാനത്തുള്ളത്.
1997 ലെ ഹജ്ജ് വേളയിൽ മിനയിലുണ്ടായ കനത്ത തീപിടുത്തത്തിന് ശേഷമാണ് നിലവിലുള്ള ആധുനിക രീതിയിലുള്ള ടെന്റുകൾ മിനയിൽ സ്ഥാപിച്ചത്. കനത്ത കാറ്റിലും മഴയിലും ചെരിഞ്ഞു വീഴാത്തതും അകത്തേക്ക് മഴത്തുള്ളികൾ പതിക്കാത്തതുമായ രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വേനൽക്കാലത്തെ കടുത്ത ചൂടിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതനമായ കൂളിംഗ് സംവിധാനങ്ങളാണ് ടെന്റുകളിൽ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ഫയർ പ്രൂഫ് തെർമോസ്റ്റാറ്റുകൾ, ഫയർ അലാറം സംവിധാനങ്ങൾ, അടിയന്തിര മാർഗ്ഗനിർദ്ദേശത്തിനും മുൻകരുതൽ അറിയിപ്പുകൾക്കുമായുള്ള ലൗഡ് സ്പീക്കറുകൾ എന്നിവയും ഈ തമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Content Highlights:
Thousands of Hajj pilgrims have started moving from Makkah to the historic tent city of Mina, marking the beginning of the annual Hajj pilgrimage. The Day of Tarwiah will be observed on Monday, leading up to the grand assembly at Mount Arafat on Tuesday. Authorities have deployed over 100,000 security personnel, air ambulances, and advanced cooling technologies in fire-proof tents to ensure the safety of millions of pilgrims, with Asian nations like Indonesia, Pakistan, and India leading the turnout.







