Connect with us

National

ഗ്യാന്‍വാപി മസ്ജിദ്: എ എസ് ഐ സര്‍വേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി വരണാസി കോടതി

സര്‍വേ സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പരിശോധനാ ഫലങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി. മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

Published

|

Last Updated

വരണാസി | ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) നടത്തിവരുന്ന ശാസ്ത്രീയ സര്‍വേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി വരണാസി കോടതി. സര്‍വേ സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പരിശോധനാ ഫലങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ജില്ലാ കോടതി ജഡ്ജി എ കെ വിശ്വേഷ് സര്‍വേയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എസ് ഐ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

സര്‍വേയിലെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വൈകാരികമായ കാര്യങ്ങള്‍ ഉന്നയിക്കുന്നതായി ആരോപിച്ചാണ് മസ്ജിദ് കമ്മിറ്റി ഹരജി നല്‍കിയത്. മസ്ജിദിനകത്ത് വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വേയുമായി സഹകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് മുസ്ലിം സംഘടനാ പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എ എസ് ഐ സര്‍വേയില്‍ വിഗ്രഹങ്ങളും ത്രിശൂലവും മറ്റും മസ്ജിദിന്റെ ഉള്ളറയില്‍ നിന്ന് കണ്ടെടുത്തുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മുസ്ലിം സംഘടനകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. മുംതാസ് അഹമ്മദ് പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സര്‍വേയോട് നിസ്സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.

സര്‍വേക്കുള്ള വരണാസി കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന മുസ്ലിം കക്ഷികളുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെയാണ് കഴിഞ്ഞാഴ്ച പരിശോധന വീണ്ടും ആരംഭിച്ചത്.

 

Latest