Kerala
ഗോവിന്ദച്ചാമിയെ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; നാളെ വിയ്യൂരിലേക്ക് മാറ്റും
ജയിൽ മാറ്റ ഉത്തരവ് പുറത്തിറങ്ങി

കണ്ണൂർ | ജയിൽ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് നാളെ മാറ്റും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഇന്ന് പുലർച്ചെ ഓന്നേകാലോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ പത്ത് മണിക്കൂറിന് ശേഷം നഗരത്തിലെ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രിൽ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടിയായിരുന്നു ജയിൽചാട്ടം. സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മതില്‍ ചാടുന്നതിന് 20 ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു.