Kerala
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കിണറ്റില്‍
പോലീസ് വളരെ സാഹസികമായാണ് ഇയാളെ പിടികൂടിയത്.

കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ ഒളിച്ചിരിക്കവെയാണ് ഇയാള്‍ പിടിയിലായത് .റോയി എന്നയാളുടെ സ്ഥലത്തെ കിണറിന്റെ പടവില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് വളരെ സാഹസികമായാണ് ഇയാളെ പിടികൂടിയത്.
റോഡില്‍ വച്ച് ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ രക്ഷപ്പെടാനായി ഇയാള്‍ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പോലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്ന ഗോവിന്ദചാമി ഇന്ന് പുലര്‍ച്ചെയാണ് ജയില്‍ ചാടിയത.ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്.
22കാരിയായിരുന്ന സൗമ്യ 2011 ഫെബ്രുവരി ഒന്നിന് ട്രെയിന്‍ യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്ന് ഷൊര്‍ണൂരേക്ക് വന്ന പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കംപാര്‍ട്‌മെന്റില്‍ അതിക്രമിച്ച് കടന്നാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കി. വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യക്ക് ഗുരുതര പരുക്കേറ്റു. സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. കേസില്‍ വിചാരണക്കോടതിയുടെ വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചെങ്കിലും സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്തു.