Connect with us

editorial

എലപ്പുള്ളി ബ്രൂവറിയിൽ സർക്കാറിന് തിരിച്ചടി

ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല എലപ്പുള്ളിയിലെ ബ്രൂവറി വിരുദ്ധ വികാരവും സമരവും. കേരളത്തിന്റെ ഭാവി ജലരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ മുന്നറിയിപ്പ് കൂടിയാണ്. ഈ വസ്തുത അവഗണിച്ചു കൊണ്ടുള്ള വ്യവസായവത്കരണത്തിന് ഭാവികേരളം കനത്ത വില നൽകേണ്ടി വരും.

Published

|

Last Updated

ഹൈ ക്കോടതിയിൽ നിന്ന് സർക്കാറിന് തിരിച്ചടി നേരിട്ടിരിക്കുകയാണ് എലപ്പുള്ളി ബ്രൂവറി (മദ്യാശാല നിർമാണ പ്ലാന്റ്) പ്രശ്നത്തിൽ. ബ്രൂവറി സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയായ “ഒയാസിസി’ന് സർക്കാർ നൽകിയ പ്രാഥമികാനുമതി കോടതി റദ്ദാക്കി. കൃത്യമായ പഠനം നടത്താതെയാണ് ബ്രൂവറിക്ക് അനുമതി നൽകിയത്; ഇത് ചട്ടവിരുദ്ധമാണെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ, പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. പ്ലാന്റ് കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്ന് കാണിച്ചാണ് കമ്പനി അനുമതി വാങ്ങിയത്. ഈ മേഖലയിൽ ഉൾപ്പെട്ടതല്ല എലപ്പുള്ളി പഞ്ചായത്ത്.

തണ്ണീർത്തട പ്രദേശവും ഡാറ്റാ ബേങ്കിൽ ഉൾപ്പെട്ടതുമാണ് നിർദിഷ്ട പദ്ധതിക്കു വേണ്ടി ഒയാസിസ് കമ്പനി വാങ്ങിയ സ്ഥലം. ഈ ഭൂമി തരംമാറ്റിക്കിട്ടാൻ 2024 ആഗസ്റ്റിൽ കമ്പനി അപേക്ഷ നൽകിയിരുന്നെങ്കിലും കൃഷിവകുപ്പ് തടസ്സവാദം ഉന്നയിക്കുകയായിരുന്നു. ബ്രൂവറി സ്ഥാപിതമായാൽ പ്രദേശത്ത് ജലചൂഷണം നടക്കുകയും കർഷകരെയും നാട്ടുകാരെയും അത് പ്രയാസത്തിലാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾക്കും ഇടതു മുന്നണി ഘടക കക്ഷിയായ സി പി ഐക്കും പദ്ധതിക്ക് അനുമതി നൽകുന്നതിൽ കടുത്ത വിയോജിപ്പാണ്. എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയും പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. ജനുവരിയിൽ ചേർന്ന മന്ത്രിസഭാ യോഗം സി പി ഐയുടെ എതിർപ്പ് അവഗണിച്ചാണ് മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയത്.

ബ്രൂവറി യാഥാർഥ്യമായാൽ പ്രദേശത്തുകാർക്കും സംസ്ഥാനത്തെ കർഷകർക്കും നിരവധി നേട്ടങ്ങളുണ്ടെന്നാണ് എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ വാദം. നാട്ടുകാർക്ക് തൊഴിൽ ലഭിക്കും. പദ്ധതിക്കാവശ്യമായ പ്രധാന അസംസ്‌കൃത വസ്തുക്കൾ മരച്ചീനി, ഉപയോഗശൂന്യമായ നെല്ല്, ഉപയോഗശൂന്യമായ പച്ചക്കറികൾ എന്നിവയായതിനാൽ കർഷകർക്ക് ഉപകാരപ്രദമാകും. നെല്ല് പുതിയൊരു മൂല്യവർധിത വസ്തുവായി മാറുന്നതിനാൽ വില കൂടും- എന്നിങ്ങനെ നീളുന്നു മന്ത്രിയുടെ അവകാശവാദം. എന്നാൽ ജനങ്ങളുടെ ഏറ്റവും വലിയ അടിസ്ഥാന ആവശ്യമായ ജലത്തിന്റെ ലഭ്യത ഇല്ലാതാക്കുന്ന പദ്ധതിയോട് നാട്ടുകാർക്ക് എങ്ങനെ യോജിക്കാനാകും.

“കമ്പനിക്ക് വ്യാവസായിക ആവശ്യത്തിന് വെള്ളമോ ജനങ്ങൾക്കുള്ള കുടിവെള്ളമോ’ ഏതിനാണ് പ്രാധാന്യമെന്നതാണ് സർക്കാറിനോടുള്ള പ്രദേശവാസികളുടെ ചോദ്യം. കോർപറേറ്റ് സൗഹൃദമല്ല, ജനസൗഹൃദമായിരിക്കണം ഇത്തരം പദ്ധതികളിൽ ഭരണകൂടത്തിന്റെ നിലപാട്.

ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ് ജലം. കുടിവെള്ളം, കൃഷി, ആരോഗ്യം, ശുചിത്വം- എല്ലാം ജലത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഈ അടിസ്ഥാന സത്യം മറന്ന് ജലം വൻതോതിൽ ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് വികസനമെന്ന പേരിൽ അനുമതി നൽകുമ്പോൾ, അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ സമൂഹം ഒട്ടാകെ അനുഭവിക്കേണ്ടി വരും. നിലവിൽ തന്നെ കേരളം ജലക്ഷാമം നേരിടുന്ന സംസ്ഥാനമാണ്. പാലക്കാട് ജില്ല പ്രത്യേകിച്ചും. ജില്ലയിലെ നിരവധി പ്രദേശങ്ങൾ വേനൽകാലത്ത് പഞ്ചായത്തുകൾ ലോറികളിൽ എത്തിക്കുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്. മഴയെ ആശ്രയിച്ചുള്ള ഭൂഗർഭ ജലശേഖരം കാലാവസ്ഥാ വ്യതിയാനം മൂലം അനിശ്ചിതത്വത്തിലായിക്കൊണ്ടിരിക്കുകയാണ്. ബ്രൂവറി ഈ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കും.

ജലചൂഷണത്തിൽ മുൻനിരയിലുള്ള വ്യവസായമാണ് ബ്രൂവറി. മദ്യ ഉത്പാദനത്തിനു മാത്രമല്ല, കുപ്പികഴുകൽ, യന്ത്രങ്ങൾ ശുചീകരിക്കൽ, മറ്റു ശുചിത്വ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം ജലം ആവശ്യമാണ്. ഒരു വലിയ ബ്രൂവറി ഉത്പാദനം ആരംഭിച്ചാൽ ദിനംപ്രതി ലക്ഷക്കണക്കിനു ലിറ്റർ വെള്ളം പമ്പ് ചെയ്യപ്പെടും. കിണറുകളുടെയും മറ്റു ജലസ്രോതസ്സുകളുടെയും നിലനിൽപ്പിനെ ഇത് ബാധിക്കും. കുടിവെള്ളത്തിന് ജനങ്ങൾ ദൂരങ്ങൾ താണ്ടേണ്ട അവസ്ഥ വന്നുചേരും. ഒരു കോർപറേറ്റ് ഭീമന് സമ്പാദിക്കാൻ പ്രദേശവാസികളുടെ കിണറുകളും ജലസ്രോതസ്സുകളും വറ്റുന്ന സാഹചര്യം അംഗീകരിക്കാനാകില്ല. ഭൂഗർഭജലം ഒരു അക്ഷയ വിഭവമല്ല. ഒരിക്കൽ വറ്റിയാൽ അത് പൂർവസ്ഥിതി പ്രാപിക്കുന്നതിന് വർഷങ്ങളെടുക്കും. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചാകരുത് കോർപറേറ്റുകളുടെ ലാഭതാത്പര്യ സംരക്ഷണം.

ജലപ്രശ്നം മാത്രമല്ല, ഭൂമിയും വായുവും പ്രകൃതിയുമെല്ലാം ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരും. ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമല്ല എലപ്പുള്ളിയിലെ ബ്രൂവറി വിരുദ്ധ വികാരവും സമരവും. കേരളത്തിന്റെ ഭാവി ജലരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ മുന്നറിയിപ്പ് കൂടിയാണ്. ഈ വസ്തുത അവഗണിച്ചു കൊണ്ടുള്ള വ്യവസായവത്കരണത്തിന് ഭാവികേരളം കനത്ത വില നൽകേണ്ടി വരും. ഇത് എലപ്പുള്ളിയിൽ മാത്രം ഒതുങ്ങിയേക്കില്ല. ഇന്ന് എലപ്പുള്ളി ബ്രൂവറിയെങ്കിൽ നാളെ മറ്റൊരു ജലചൂഷണ വ്യവസായം. എലപ്പുള്ളി അംഗീകരിച്ചു കൊടുത്താൽ നാളെ മറ്റു പ്രദേശങ്ങളും സമാന ഭീഷണി നേരിട്ടേക്കും.

പ്രാദേശിക ഭരണകൂടം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടും സർക്കാർ മുകളിൽ നിന്ന് തീരുമാനം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തോടും ഫെഡറൽ വ്യവസ്ഥയോടുമുള്ള അവഹേളനമാണ്. ഫെഡറൽ വ്യവസ്ഥ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ മാത്രം മതിയോ? സംസ്ഥാന ഭരണകൂടവും തദ്ദേശ ഭരണകൂടങ്ങളും തമ്മിലും വേണ്ടതല്ലേ? വ്യാവസായികമായി പിന്നിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരം പദ്ധതികളോടുള്ള വിയോജിപ്പും എതിർപ്പും സംസ്ഥാനത്തെ വ്യവസായ സൂചികയിൽ കൂടുതൽ പിന്നിലാക്കുമെന്ന വാദമുയരുന്നുണ്ട്. എന്നാൽ ബ്രൂവറി പോലുള്ള ജലചൂഷണ പദ്ധതികൾക്കപ്പുറം ടൂറിസം, കാർഷിക മൂല്യവർധിത വ്യവസായങ്ങൾ, ഐ ടി, ഹരിത പദ്ധതികൾ തുടങ്ങി കേരളത്തിന് ആശ്രയിക്കാവുന്ന മറ്റു നിരവധി മേഖലകളുണ്ട്. ജനജീവിതത്തെ സാരമായി ബാധിക്കാത്ത ഇത്തരം പദ്ധതികളെയാണ് ജനകീയ ഭരണകൂടങ്ങൾ ആശ്രയിക്കേണ്ടത്.

Latest