Connect with us

Editorial

ലിംഗസമത്വം: ബൃന്ദാ കാരാട്ട് പറഞ്ഞതില്‍ കാര്യമുണ്ട്

"ഇടതു പാര്‍ട്ടികളില്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. കമ്മിറ്റികളിലെത്തുമ്പോള്‍ അവരുടെ പ്രാതിനിധ്യം കുറയുന്നു. പുരുഷാധിപത്യം എല്ലാറ്റിനും തടസ്സമാകുകയാണെ'ന്നാണ് കോഴിക്കോട് ചാത്തമംഗലത്ത് ഒരു സെമിനാറില്‍ പ്രസംഗിക്കവെ ബൃന്ദാ കാരാട്ട് പറഞ്ഞത്.

Published

|

Last Updated

ലിംഗസമത്വം നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണല്ലോ സി പി എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും. എന്നാല്‍ ഇവരുടെ ലിംഗസമത്വ വാദം പൊള്ളയാണെന്നും പുരുഷ മേധാവിത്വമാണ് തന്റെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും തുറന്നു പറയുന്നു സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. “ഇടതു പാര്‍ട്ടികളില്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. പാര്‍ട്ടി റാലികളില്‍ സ്ത്രീകളെ ധാരാളമായി കാണാം. എന്നാല്‍ കമ്മിറ്റികളിലെത്തുമ്പോള്‍ അവരുടെ പ്രാതിനിധ്യം കുറയുന്നു. ഒരു നേതാവിനെ നാലും അഞ്ചും തവണ എം പിയാക്കുന്നതിനു പകരം ഒരു സ്ത്രീയെ എം പിയാക്കാന്‍ നമുക്ക് കഴിയുന്നില്ല. പുരുഷാധിപത്യം എല്ലാറ്റിനും തടസ്സമാകുകയാണെ’ന്നാണ് “സ്ത്രീകള്‍, ഇന്ത്യയെന്ന ആശയം, നാളെയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ കോഴിക്കോട് ചാത്തമംഗലത്ത് ഒരു സെമിനാറില്‍ പ്രസംഗിക്കവെ ബൃന്ദാ കാരാട്ട് പറഞ്ഞത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത സംഭവത്തോട് പ്രതികരിക്കവെ, കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരും രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു. രാഷ്ട്രീയ രംഗത്തെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച വലിയൊരു പ്രതിസന്ധിയിലേക്കാണ് ലതികാ സുഭാഷിന്റെ തലമുണ്ഡനം വിരല്‍ചൂണ്ടുന്നതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

സമ്മേളന പന്തലുകളിലും സമരവേദികളിലും ആളെ നിറക്കാന്‍ മാത്രമാണ് സി പി എം അടക്കം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വനിതാ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തമെന്നത് വോട്ടവകാശത്തില്‍ പരിമിതപ്പെടുന്നു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയിലും 65 ആണ്ട് പിന്നിട്ട കേരളത്തിലും വളരെ കുറവാണ് മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ത്രീപ്രാതിനിധ്യമെന്ന് കണക്കുകള്‍ കാണിക്കുന്നു. ജനസംഖ്യയിലും വോട്ടര്‍മാരുടെ എണ്ണത്തിലും നിലവില്‍ രാജ്യത്ത് പുരുഷന്മാരും സ്ത്രീകളും ഏറെക്കുറെ തുല്യമാണ്. അതിനൊത്ത പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നിയമസഭകളിലോ ലോക്‌സഭയിലോ രാജ്യസഭയിലോ സ്ഥാനാര്‍ഥി പട്ടികയിലോ ഉണ്ടായിട്ടില്ല. പതിനാലാം കേരള നിയമസഭ വരെയുള്ള കണക്കനുസരിച്ച് സി പി എം, കോണ്‍ഗ്രസ്സ്, സി പി ഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളില്‍ നിന്നുള്ളവരും സ്വതന്ത്രരും ഉള്‍പ്പെടെ 473 വനിതകളാണ് സ്ഥാനാര്‍ഥികളായത്. ഇവരില്‍ നിയമസഭയിലെത്തിയത് 84 പേരും. നാല് ശതമാനത്തില്‍ താഴെയാണ് മിക്ക നിയമസഭകളിലും സ്ത്രീപ്രാതിനിധ്യം. പാര്‍ട്ടികളുടെ അമരത്തെത്തുന്ന സ്ത്രീകളുടെ എണ്ണവും കുറവാണ്. സി പി എമ്മിന്റെ 88 അംഗ സംസ്ഥാന സമിതിയില്‍ സ്ത്രീകളുടെ എണ്ണം 13 മാത്രം. കഴിഞ്ഞ മാര്‍ച്ചില്‍ സി പി എം സംസ്ഥാന സമ്മേളന വേളയില്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, സംസ്ഥാന കമ്മിറ്റിയെ തകര്‍ക്കാനാണോ നിങ്ങളുടെ ശ്രമമെന്നായിരുന്നു അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. പുരുഷ മേധാവിത്വത്തിന്റെ ബഹിര്‍ പ്രകടനമല്ലേ ഈ പ്രതികരണം?

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാസമ്പന്നരും ഉയര്‍ന്ന മേഖലകളില്‍ ജോലി ചെയ്യുന്നവരും പൊതുതുറകളിലെ വിവിധ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നവരുമാണ് കേരളീയ വനിതകള്‍. ഈ മുന്നേറ്റം പക്ഷേ, രാഷ്ട്രീയ നേതൃരംഗത്തും അധികാര കേന്ദ്രങ്ങളിലും കാണുന്നില്ല. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമെന്നത് കാലങ്ങളായി പറഞ്ഞു വരുന്നതാണ്. ഇടതു പ്രസ്ഥാനങ്ങളടക്കം ഒരു പാര്‍ട്ടിയും ഇക്കാര്യത്തില്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല. തങ്ങള്‍ അധികാരത്തിലേറിയാല്‍ നൂറ് നാളുകള്‍ക്കകം 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കുമെന്ന് ബി ജെ പി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. രണ്ട് തവണ അധികാരത്തിലേറിയിട്ടും ഈ വിഷയത്തില്‍ കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ, വനിതാ സംവരണ ബില്‍ എന്ന് പാസ്സാക്കുമെന്ന് ലോക്‌സഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍, അത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമവായത്തോടെ ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ട വിഷയമാണെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. കാര്‍ഷിക ബില്ലും പൗരത്വ ഭേദഗതി ബില്ലുമൊക്കെ പാസ്സാക്കുമ്പോള്‍ ഇല്ലാതിരുന്ന ഈ ശ്രദ്ധയും കരുതലും സര്‍ക്കാര്‍ സ്ത്രീസംവരണ വിഷയത്തില്‍ മാത്രമായി കണക്കാക്കുന്നതിനു പിന്നിലെ താത്പര്യം ഊഹിക്കാവുന്നതേയുള്ളൂ.

33 ശതമാനം സംവരണം നിയമമായില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന് വനിതാ സംവരണ വിഷയത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കാവുന്നതേയുള്ളൂ. ഒരു നേതൃത്വവും അത് ചെയ്യാറില്ല. അഥവാ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുകയാണെങ്കില്‍ തന്നെ സി പി എം നേതാവ് ടി എന്‍ സീമ ചൂണ്ടിക്കാട്ടിയതു പോലെ, ജയസാധ്യത കുറഞ്ഞ സീറ്റുകളായിരിക്കും അവര്‍ക്കായി നീക്കിവെക്കുന്നത്. രാഷ്ട്രീയ രംഗത്തെ പുരുഷ മേധാവിത്വത്തില്‍ പ്രതിഷേധിച്ച് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വനിതാ ആക്ടിവിസ്റ്റുകള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാതെ നോട്ടക്ക് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയും കേരളത്തിലെ വോട്ടര്‍മാരോട് അതിന് ആഹ്വാനം നടത്തുകയും ചെയ്തിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സംവരണമാണ് രാഷ്ട്രീയ രംഗത്തെ പുരുഷ മേധാവിത്വത്തെക്കുറിച്ച് പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ചൂണ്ടിക്കാണിക്കാറുള്ളത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗത്യന്തരമില്ലാതെ ഇത്തരമൊരു നിയമം പാസ്സാക്കിയെങ്കിലും സ്ത്രീകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറുണ്ടോ? പുരുഷന്റെ പിന്‍സീറ്റ് ഭരണമാണ് സ്ത്രീകള്‍ ജനപ്രതിനിധികളായി വരുന്ന മിക്കയിടങ്ങളിലും നടക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയും വിദ്യാര്‍ഥികള്‍ക്ക് ലിംഗസമത്വം പഠിപ്പിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പാര്‍ട്ടിയില്‍ ലിംഗസമത്വം നടപ്പാക്കി മാതൃക കാണിക്കട്ടെ.