Kerala
സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍; വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും
2023 ഓഗസ്റ്റില്‍ നയരൂപീകരണ സമിതി രൂപീകരിച്ചെങ്കിലും ഇതുവരെയും ചര്‍ച്ചയിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
		
      																					
              
              
            എറണാകുളം | സിനിമാനയ രൂപീകരണ സമതിയുടെ ആദ്യ യോഗം ഇന്ന്. കൊച്ചിയില്‍ രാവിലെ 11 മണിക്കാണ് യോഗം നടക്കുക. ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെയും പൊതുവായ സിനിമാനയം രൂപീകരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സും പ്രൊഡ്യൂസേഴ്സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്.
നയരൂപീകരണ സമിതിയില്‍ എംഎല്‍എയും നടനുമായ മുകേഷ് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ലൈംഗികാരോപണം നേരിടുന്ന നടന്‍ സമിതയില്‍ ഉണ്ടായത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.
സിനിമ രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചര്‍ച്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് മേഖലയില്‍ ഒരു നയം രൂപീകരിക്കുക എന്നതാണ് സമതി ലക്ഷ്യമിടുന്നത്. വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തി കരട് രേഖ തയ്യാറാക്കി അത് സിനിമ കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. അവിടെ ഉയരുന്ന ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടേയും വിശദമായ ഡ്രാഫ്റ്റ് തയ്യാറാക്കി സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പരിഗണനയിലേക്ക് വെയ്ക്കും. തുടര്‍ന്നായിരിക്കും ഒരു സിനിമ നയം സര്‍ക്കാര്‍ രൂപീകരിക്കുക.
ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 2023 ഓഗസ്റ്റില്‍ നയരൂപീകരണ സമിതി രൂപീകരിച്ചെങ്കിലും ഇതുവരെയും ചര്‍ച്ചയിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



