Connect with us

National

ഒരു വര്‍ഷത്തിനിടെ 12 തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; 84കാരന് എതിരെ കേസ്

12 ഡോസ് വാക്‌സിന്‍ എടുത്തതിലൂടെ തന്റെ എല്ലാ രോഗങ്ങളും ഭേദമായെന്ന് വയോധികൻ

Published

|

Last Updated

മധേപുര | ഒരു വര്‍ഷത്തിനിടെ 12 തവണ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച 84കാരന് എതിരെ എഫ്‌ഐഎആര്‍. ബീഹാറിലെ മധേപുര സ്വദേശിയായ ബ്രഹ്മദേവ് മണ്ഡലാണ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് 12 തവണ വാക്‌സിന്‍ എടുത്തതായി അവകാശപ്പെട്ടത്. ഇതേ തുടര്‍ന്ന് മധേുര പോലീസ് ഇയാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഐ പി സി 419, 420, 188 വകുപ്പുകള്‍ പ്രകാരമാണ് ബ്രഹ്മദേവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ സ്വീകരിക്കുന്നത് തടയുവാനാണ് കേസെടുത്തതെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സിവില്‍ സര്‍ജന്‍ ഡോ. അബ്ദുല്‍ സലാം പറഞ്ഞു. സംഭവത്തില്‍ രണ്ട സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഡോക്ടര്‍മാര്‍ തന്റെ വീട്ടിലെത്തി 12 വാക്‌സിനുകള്‍ എടുത്തുവെന്ന അകവാശവാദം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അത് മൂലം മൂന്ന് പേര്‍ക്ക് ജോലി നഷ്ടപെടുമെന്നും പറഞ്ഞതായി ബ്രഹ്മദേവ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ 12 ഡോസ് വാക്‌സിന്‍ എടുത്തുവെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിലൂടെ തന്റെ പല രോഗങ്ങളും ഭേദമായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് ഇയാള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇക്കഴിഞ്ഞ ജനുവരി നലിന് 12ാമത്തെ ഡോസും സ്വീകരിച്ചു.

 

 

Latest