Connect with us

hema committee

സിനിമ നയരൂപീകരണ സമിതി; ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബി ഉണ്ണികൃഷ്ണനെ ശിക്ഷിച്ചു

Published

|

Last Updated

എറണാകുളം | സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കത്തില്‍ നിന്ന്: മലയാള സിനിമയില്‍ സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്.

ഈ റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. 2014-ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തി ഞാനാണ്.

2017 മാര്‍ച്ചില്‍ ഇഇക പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. ഇഇക യുടെ വെബ്‌സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. ഈ വിധി അനുസരിച്ച് കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 രൂപയും ഫെഫ്ക സംഘടനയ്ക്ക് 85,594 രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. ഫെഫ്ക ജെനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് 32,026 രൂപ പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. ഇതിനെതിരായ അപ്പീല്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് 2020 സെപ്തംബര്‍ 28-ന് തള്ളി. സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു.

ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

---- facebook comment plugin here -----

Latest