National
ഇന്ത്യ ആക്രമിക്കുമെന്നു ഭയം; കറാച്ചിയിലും ലാഹോറിലും പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു
വാഗാ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തര്‍ക്കം തുടരുകയാണ്

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ തിരിക്കിട്ട നടപടികളിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന.
വാഗാ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തര്‍ക്കം തുടരുകയാണ്. പാക് പൗരന്‍മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍ വാഗ അതിര്‍ത്തി അടച്ചു. അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്‍ പൗരന്‍മാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിര്‍ത്തി ഇന്ന് മുതല്‍ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.
സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാതയടച്ച് ഇന്ത്യ അടുത്ത തിരിച്ചടി നല്‍കിയത്. കപ്പല്‍ ഗതാഗതം നിരോധിക്കാനും ഇറക്കുമതിയടക്കം വാണിജ്യ ബന്ധം ഉപേക്ഷിക്കാനുമുള്ള തുടര്‍ ചര്‍ച്ചകളിലാണ് ഇന്ത്യ. ഇന്നലെ വിവിധ മന്ത്രാലായ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇക്കാര്യങ്ങളുടെ സാധ്യത പരിശോധിച്ചിരുന്നു. തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. ഇതിന്റെ പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കങ്ങളുടെ ഒരുക്കം വിലയിരുത്തും. ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചിട്ടും തുടര്‍ച്ചയായി ഏഴാം ദിവസവും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. മൂന്ന് മേഖലകളില്‍ രാത്രി പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. ഇന്ത്യ ഫലപ്രദമായി നേരിട്ടു.