fact check
കേരളത്തിൽ 54 ഡിഗ്രി ചൂട്? മൊബൈൽ പൊട്ടിത്തെറിക്കുമോ? സത്യാവസ്ഥ അറിയാം
ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 പ്രകാരം ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
തിരുവനന്തപുരം | കേരളത്തിൽ വരും ദിവസങ്ങളിൽ താപനില 54 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും അതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, മൊബൈൽ ഫോണുകൾ ചൂട് മൂലം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്, വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്.
സിവിൽ ഡിഫൻസ് വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന നിലയിലാണ് ഈ സന്ദേശം പടരുന്നത്. എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന പേരിൽ പ്രത്യേക വകുപ്പില്ലെന്നും ഇത് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സേനയാണെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് താപനില ഇത്തരത്തിൽ വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു.
ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 പ്രകാരം ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ഔദ്യോഗികമായ അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെ എസ് ഡി എം എ) ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളോ വെബ്സൈറ്റോ മാത്രം ആശ്രയിക്കണമെന്ന് മെംബർ സെക്രട്ടറി അറിയിച്ചു. വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Summary
The Kerala State Disaster Management Authority (KSDMA) has dismissed viral WhatsApp messages claiming that temperatures in Kerala will soar between 45°C and 55°C from late April. The authority clarified that no such warnings have been issued by the IMD and that spreading such misinformation is a punishable offense under the Disaster Management Act. Citizens are advised to rely only on official websites and verified social media pages for weather updates.

