Editorial
ഫാക്ട് ചെക്ക്: ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി
സോഷ്യല്‍ മീഡിയകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ നടപ്പാക്കിയ "ഫാക്ട് ചെക്ക് യൂനിറ്റ്' ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ വിധിപ്രസ്താവം.
ഫാക്ട് ചെക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് കേന്ദ്ര സര്‍ക്കാറിന്റെ ‘ഫാക്ട് ചെക്ക് യൂനിറ്റ്’ (വസ്തുതാ പരിശോധനാ യൂനിറ്റ്) എന്ന പ്രതിപക്ഷത്തിന്റെയും നിയമ വിദഗ്ധരുടെയും വിമര്‍ശം ശരിവെച്ചിരിക്കുന്നു ബോംബെ ഹൈക്കോടതി. സോഷ്യല്‍ മീഡിയകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ‘ഫാക്ട് ചെക്ക് യൂനിറ്റ്’ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ വിധിപ്രസ്താവം. ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വം (14), അഭിപ്രായ സ്വാതന്ത്ര്യം (19), തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം (191) എന്നീ വകുപ്പുകളുടെ ലംഘനമാണ് വസ്തുതാ പരിശോധനാ യൂനിറ്റെന്ന് വിലയിരുത്തിയ കോടതി, സര്‍ക്കാര്‍ ഓണ്‍ ലൈന്‍ വാര്‍ത്തകളുടെ വക്കീലും ജഡ്ജിയും ആരാച്ചാരുമായി മാറാന്‍ ഇത് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി. ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നേരത്തേ സുപ്രീം കോടതി സ്റ്റേ ചെയ്തതാണ്.
ഐ ടി ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് കഴിഞ്ഞ വര്‍ഷം ഫാക്ട് ചെക്ക് യൂനിറ്റ് സ്ഥാപിച്ചത്. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉള്ളടക്കങ്ങളും പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി) പരിശോധിച്ച് വ്യാജമെന്ന് ‘കണ്ടെത്തി’യാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് അവ നീക്കം ചെയ്യേണ്ട അവസ്ഥയിലായിരുന്നു സോഷ്യല്‍ മീഡിയകള്‍. ഈ നിമയത്തിന്റെ ചുവടുപിടിച്ച്, അയോധ്യ റെയില്‍വേ സ്റ്റേഷനില്‍ അടുത്തിടെ നിര്‍മിച്ച മതില്‍ തകര്‍ന്നു വീണ സംഭവമുള്‍പ്പെടെ, സര്‍ക്കാറിന്റെ ഭരണപരമായ വീഴ്ചകളും അഴിമതികളും തുറന്നു കാണിക്കുന്ന പല വാര്‍ത്തകളും ഇതിനകം നീക്കം ചെയ്യുകയുണ്ടായി.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പുനര്‍വികസിപ്പിക്കുകയും 2023 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്റെ പുതുതായി നിര്‍മിച്ച മതിലിന്റെ 20 മീറ്റര്‍ ഭാഗമാണ് കഴിഞ്ഞ ജൂണില്‍ തകര്‍ന്നു വീണത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ, മതില്‍ നിര്‍മാണത്തിലെ അഴിമതിയാണ് തകര്‍ച്ചക്കു കാരണമെന്ന വിമര്‍ശവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ‘രാമന്റെ അയോധ്യ’യില്‍ പോലും ബി ജെ പി അഴിമതി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വിമര്‍ശം. സംഭവം യു പി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂനിറ്റ് വാര്‍ത്തയുടെ ‘നിജസ്ഥിതി പരിശോധിക്കുക’യും വ്യാജമെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. തകര്‍ന്നതായി വീഡിയോയില്‍ കാണിച്ചത് പഴയ മതിലിന്റെ ഭാഗമാണ്. ഒരു സ്വകാര്യ വ്യക്തിയുടെ കുഴിയെടുക്കല്‍ ജോലിയും അയാളുടെ സ്ഥലത്ത് വെള്ളം കെട്ടിനിന്നതുമാണ് തകര്‍ച്ചക്കു കാരണമെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വമില്ലെന്നുമായിരുന്നു പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണ്ടെത്തല്‍. അതോടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടി വന്നു.
വിശ്വാസ്യതയുള്ള വാര്‍ത്തകള്‍ മാത്രം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ ടി നിയമത്തിലെ ഭേദഗതിയെന്നായിരുന്നു ഐ ടി മന്ത്രാലയം കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്, കൊവിഡ് കാലത്തെ മരണസംഖ്യയുള്‍പ്പെടെ ഉദാഹരണങ്ങള്‍ നിരത്തി മറുഭാഗം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ഭാഗത്തിന് ഉത്തരം മുട്ടി. സര്‍ക്കാറിന് അലോസരം സൃഷ്ടിക്കുന്ന, ഭരണപരാജയവും കെടുകാര്യസ്ഥതയും തുറന്നു കാട്ടുന്ന വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാതെ നിയന്ത്രിക്കുകയാണ് ഫാക്ട് ചെക്ക് യൂനിറ്റിന്റെ യഥാര്‍ഥ ലക്ഷ്യം. നിലവില്‍ ഇ ഡി, എന്‍ ഐ എ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി വിമര്‍ശകരെ നിശബ്ദരാക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പാര്‍ലിമെന്റില്‍ ഡല്‍ഹി ഭരണനിയന്ത്രണ ബില്ല് ചര്‍ച്ചക്കിടെ പ്രതിപക്ഷം സര്‍ക്കാറിനെ വിമര്‍ശിച്ചപ്പോള്‍, ‘മിണ്ടാതിരിക്കൂ, ഇല്ലെങ്കില്‍ ഇ ഡി നിങ്ങളുടെ വീടുകളിലുമെത്തു’മെന്നായിരുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതിപക്ഷ അംഗങ്ങളെ ഭയപ്പെടുത്തിയത്. ഇതാണ് വിമര്‍ശങ്ങളോടുള്ള സര്‍ക്കാറിന്റെ നിലപാട്.
വിമര്‍ശങ്ങളെ സമചിത്തതയോടെയും തുറന്ന മനസ്സോടെയും നേരിടുകയെന്നതാണ് ജനാധിപത്യ ശൈലി. ഇന്നലെ പുണെയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്നെ വിമര്‍ശങ്ങളോട് ഭരണാധികാരികള്‍ സ്വീകരിക്കേണ്ട നിലപാട് ചൂണ്ടിക്കാട്ടുകയുണ്ടായി. ‘തനിക്കെതിരെ ഉയരുന്ന രൂക്ഷമായ വിമര്‍ശങ്ങളെ പോലും ഭരണാധികാരി സഹിഷ്ണുതയോടെ നേരിടുകയെന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷയെന്നും എഴുത്തുകാരും ബുദ്ധിജീവികളും നിര്‍ഭയം അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെന്നുമായിരുന്നു നിതിന്‍ ഗഡ്കരി യുടെ ഉപദേശം. അഭിപ്രായങ്ങള്‍ക്ക് രാജ്യത്ത് ഇപ്പോഴും ഇടമുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷേ എന്തു ചെയ്യാം, വിമര്‍ശങ്ങളെ ഭയക്കുന്നവരും അതിനെ ഇല്ലായ്മ ചെയ്യാന്‍ ഏതറ്റം വരെ പോകുന്നവരുമാണ് രാജ്യത്തെ ഭരണാധികാരികളില്‍ ബഹുഭൂരിഭാഗവും. പ്രൊഫ. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഫാസിസത്തിന്റെ ശൈലിയും നിലപാടുമാണ് വിമര്‍ശകരെ ഭരണത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഒതുക്കുകയെന്നത്. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും ശൈലി. ജര്‍മനിയില്‍ 1933ല്‍ ഹിറ്റ്ലറുടെ അധികാരാരോഹണം നടന്നയുടനെ നാസി വിരുദ്ധമായ ആശയങ്ങളും വിവരങ്ങളുമടങ്ങുന്ന പുസ്തകങ്ങള്‍ തെരുവുകളില്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു നാസി യുവജന പ്രസ്ഥാനക്കാര്‍ ചെയ്തത്. ഇതുതന്നെയാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന്റെ ശൈലിയും. ഈ കുടുസ്സായ, വെറിപൂണ്ട മനസ്സാണ് ‘ഫാക്ട് ചെക്ക് യൂനിറ്റ്’ പോലുള്ള നിയമ നിര്‍മാണങ്ങള്‍ക്കു പിന്നില്‍.




