Kerala
യു ഡി എഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം: കേസെടുത്ത് പോലീസ്
പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി
പാലക്കാട്| യു ഡി എഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് പോലീസ്. പാലക്കാട് നഗരസഭാഗം സിന്ധു രാജനാണ് കേസിലെ ഒന്നാം പ്രതി. സിന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റേതാണ് നടപടി. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റ് പ്രസിഡന്റ് സി വി സതീഷാണ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വടക്കന്തറയില്‍ സ്ഥാനാര്‍ഥി പര്യടനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി ജെ പി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള വനിത പ്രവര്‍ത്തകര്‍ പിഷാരടിയുടെ വഴി തടയുകയായിരുന്നു.ക്ഷേത്രദര്‍ശനത്തിനു ശേഷം വോട്ട് ചോദിക്കാനെത്തിയ സ്ഥാനാര്‍ഥിയെ ‘ഇത് ബി ജെ പി കോട്ടയാണ്, ഇവിടെ കോണ്‍ഗ്രസുകാര്‍ക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ല’ എന്ന് ആക്രോശിച്ചാണ് തടഞ്ഞത്.
തന്നെ ഒരിക്കലും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്ന് രമേശ് പിഷാരടി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വടക്കന്തറ അമ്പലത്തിന് പിന്നിലെ ചെറിയ ക്ഷേത്രത്തിലേക്ക് പോകവേയാണ് ഒരു സംഘം സ്ത്രീകള്‍ രോഷാകുലരായി കടന്നുവന്നത്.ജനാധിപത്യപരമായ പ്രചാരണത്തെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളായതുകൊണ്ടാണ് ഞാന്‍ പരമാവധി സംയമനം പാലിച്ചത്. ബി ജെ പി ശക്തികേന്ദ്രമാണെന്ന് പറഞ്ഞ് സ്ഥാനാര്‍ഥികളെ തടയുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി പറഞ്ഞു.



