National
ഉമര്‍ ഖാലിദിന്റെ ദീര്‍ഘകാല തടങ്കല്‍; കോടതി നടപടികള്‍ തന്നെ ശിക്ഷയായി മാറിയതായി മുന്‍ സുപ്രിംകോടതി ജഡ്ജി ദീപക് ഗുപ്ത
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി | 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ദീര്‍ഘകാല തടങ്കലില്‍, കോടതി നടപടികള്‍ തന്നെ ശിക്ഷയായി മാറിയതായി മുന്‍ സുപ്രിംകോടതി ജഡ്ജി ദീപക് ഗുപ്ത.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. എല്‍ഗാര്‍ പരിഷദ് കേസ്, സോനം വാങ്ചുങിന്റെ തടങ്കല്‍ എന്നീ കേസുകളും എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ദി ട്രിബ്യൂണ്‍ പത്രത്തില്‍ എഴുതിയ ‘ദി ട്രൂ മീനിങ് ഓഫ് ഫ്രീഡം’ എന്ന ലേഖനത്തിലാണ് നീതിന്യായ വ്യവസ്ഥയെയും കോടതികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നത്.
ആളുകളെ ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട് അവരുടെ ജീവിതം തകര്‍ക്കുകയാണ്. നീതിക്ക് വേണ്ടി നിലകൊണ്ട് അതീതിക്കെതിരെ പടപൊരുതാന്‍ നട്ടെല്ലുള്ള ന്യായാധിപന്മാര്‍ ഉണ്ടായിരിക്കണമെന്നും എങ്കില്‍ മാത്രമേ നീതി പുലരുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും അങ്ങനെയൊരു രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും ഇപ്പോഴും നമ്മുക്ക് യഥാര്‍ഥ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും ഭയമില്ലാതെ ചിന്തിക്കാനും സംസാരിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും ജാതി-മത ഭേദമെന്യേ തുല്യ അവസരങ്ങള്‍ ലഭിക്കുമ്പോഴുമാണ് ഒരു രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമാകുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോള്‍ പലപ്പോഴും ഉന്നത കോടതികള്‍ പോലും നോക്കുകുത്തികളാകുന്നുവെന്നും ജയിലിലുള്ളവരില്‍ വലിയൊരു വിഭാഗവും വിചാരണ പൂര്‍ത്തിയാകാത്ത ഇപ്പോഴും തുടരുകയാണെന്നും ഉമര്‍ ഖാലിദിന്റെ കേസ് ചൂണ്ടിക്കാട്ടി അദ്ദേഹം വിശദമാക്കി.
ഉമര്‍ ഖാലിദ് വിചാരണയില്ലാതെ ആറ് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നു. ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസിലെ പ്രതികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുകയും ഒരാള്‍ തടവില്‍ മരിക്കുകയും ചെയ്തു. എട്ടു വര്‍ഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല. ആരോപണങ്ങള്‍ ഗുരുതരമായിട്ടും എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ വിചാരണ വേഗത്തിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
Content Highlights:
Former Supreme Court Judge Deepak Gupta strongly criticized the prolonged detention of Umar Khalid without trial. Writing in The Tribune, he stated that delay in judicial proceedings has become a punishment itself. He warned that losing faith in the judiciary threatens the foundation of democracy.


