Uae
ഇത്തിഹാദ്, ഫ്ലൈദുബൈ എയർവേയ്‌സുകൾ ചില വിമാന സർവീസുകൾ പുനരാരംഭിച്ചു
ഫ്ലൈ ദുബൈയും ജോർദാനിലേക്കും ലെബനാനിലേക്കുമുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും.
		
      																					
              
              
            അബൂദബി| ഇത്തിഹാദ് എയർവേയ്‌സ് അബൂദബിയിൽ നിന്ന് ജോർദാനിലെ അമ്മാനിലേക്കുള്ള വിമാന സർവീസുകളും ലെബനനിലെ ബെയ്‌റൂത്തിലേക്കുള്ള വിമാന സർവീസുകളും പുതുക്കിയ സമയക്രമത്തിൽ ജൂൺ 17 മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ഫ്ലൈ ദുബൈയും ജോർദാനിലേക്കും ലെബനാനിലേക്കുമുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഈ റൂട്ടുകളിൽ പകൽ സമയത്ത് മാത്രമായിരിക്കും സർവീസുകൾ നടത്തുകയെന്ന് ഫ്ലൈദുബൈ വക്താവ് അറിയിച്ചു.
അതേസമയം, ഇറാൻ, ഇറാഖ്, ഇസ്റാഈൽ, സിറിയ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ വിമാന സർവീസുകൾ ജൂൺ 20 വരെ നിർത്തിവെച്ചിരിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, പല വ്യോമാതിർത്തിയും അടച്ചിരിക്കുന്നതിനാൽ ദുബൈ ഇന്റർനാഷണൽ, ദുബൈ വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
