Connect with us

Book Review

സാഹിത്യ വിമർശനത്തിലെ നേരറിവുകൾ

"മീശ' എന്ന കൃതി കേരളത്തിലെ പ്രധാനപ്പെട്ട ഒരു ആനുകാലികത്തിൽ തുടർനോവലായി പ്രസിദ്ധീകരിക്കുന്ന സമയത്താണ് വർഗീയമായും ജാതിപരമായും ഉള്ള പരാമർശങ്ങളാൽ ഈ കൃതി നിർത്തിവെക്കേണ്ടി വന്നത്. ഈ കൃതി പിന്നീട് നോവൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ജെ സി ബി ഉൾപ്പടെയുള്ള നിരവധി പുരസ്‌കാരങ്ങൾ അതിന് ലഭ്യമാകുകയും ചെയ്തു.

Published

|

Last Updated

കഥ, കവിത, നോവൽ, ആത്മകഥ, വിമർശനം എന്നിങ്ങനെ വ്യത്യസ്ത സാഹിത്യ മേഖലകളെ വിശകലനം ചെയ്യുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരമാണ് രതീഷ് ഇളമാടിന്റെ “രഹസ്യവനങ്ങളിൽ പൂത്ത ഒറ്റമരം’ എന്ന പുസ്തകം. വിമർശന സാഹിത്യത്തിലെ കുലപതിയായ കെ പി അപ്പന്റെ “തിരസ്‌കാരം’ എന്ന ആധുനിക വിമർശനത്തിന്റെ ദിശാസൂചിയായ പുസ്തകമുൾപ്പെടെ ഈ കൃതിയിൽ പുനർവായിക്കപ്പെടുന്നു. സമകാല കവികളുടെയും ഒ എൻ വി , വയലാർ, സുഗതകുമാരി ഉൾപ്പെടെയുള്ള പൂർവ കവികളുടെയും രചനകളും, രചനാസങ്കേതങ്ങളും ഈ കൃതിയിൽ ചർച്ചയാകുന്നുണ്ട്. അതോടൊപ്പം തന്നെ സക്കറിയ, എസ് ആർ ലാൽ, എസ് ഹരീഷ്, സതീഷ് ബാബു പയ്യന്നൂർ, കെ സജീവ് കുമാർ തുടങ്ങി നിരവധി കഥാകൃത്തുക്കളെയും കവികളെയും അവരുടെ രചനാ സങ്കേതങ്ങളും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നു. ലോക സാഹിത്യ കൃതികളുടെ സാന്നിധ്യവും വിശകലനവും സവിശേഷ നിരീക്ഷണ ബോധവും ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ ആഖ്യാനത്തെ ഏറെ വ്യത്യസ്തമാക്കുന്നു.

സത്യാനന്തര കാലത്തു നിന്നുകൊണ്ട് മഹാത്മാ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ചർച്ച ചെയ്യുകയാണ് “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇനിയും വായിക്കേണ്ടതുണ്ടോ?’ എന്ന ലേഖനം. മലയാളത്തിൽ വൈയക്തികാനുഭവങ്ങളോടെ വായിച്ചുതീർത്ത മറ്റ് ആത്മകഥകൾക്കൊപ്പം ഗാന്ധിജിയുടെ ആത്മകഥയെ ചേർത്തു വായിക്കുകയാണിവിടെ. അതിലെ തുറന്നെഴുത്തും ആത്മാർഥതയുമാണിവിടെ പ്രസക്തമാകുന്നത്. 1925ൽ “സത്യ കെ ഗോഥ്’ എന്ന പേരിൽ ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് നിരവധി ഭാഷകളിൽ വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ “സഹജപരിണാമത്തിന്റെ സത്യവാങ്മൂലം’ എന്നാണ് ലേഖകൻ ഈ ആത്മകഥയെ നിർവചിക്കുന്നത്. ഗാന്ധിയുടെ ജീവിതത്തിലെ ആദർശപരമായ യോജിപ്പുകളും വിയോജിപ്പുകളും രാഷ്ട്രീയമായ താത്പര്യങ്ങൾക്കുവേണ്ടി വികലമായുപയോഗിക്കുന്ന വർത്തമാന കാലത്ത് ഗാന്ധിയുടെ ആത്മകഥ പുനർവായിക്കുന്നതിൽ സാംഗത്യമുണ്ട്. കസാൻസാകിസിന്റെ കൃതിയിലെ കഥാപാത്രമായ സോർബയെയും ശ്രീബുദ്ധനേയും ഗാന്ധിജിയുടെ വിഭിന്നഭാവങ്ങളായി സങ്കൽപ്പിച്ചുകൊണ്ടുള്ള നിരീക്ഷണവും പ്രസക്തമാണ്. സ്‌നേഹത്തിന്റെ സരളഭാവങ്ങൾ ഈ ആത്മകഥയിൽ കാണാം എന്ന് അദ്ദേഹം പറയുന്നു. ഈ ആത്മകഥയുടെ രാഷ്ട്രീയ മൂല്യമാണ് ഈ ലേഖനത്തിലൂടെ എഴുത്തുകാരൻ ലക്ഷ്യമാക്കുന്നത്.

“നിഷേധങ്ങൾ ആദരിക്കപ്പെടുമ്പോൾ’ എന്ന ശീർഷകത്തിൽ കഥാകാരനായ സക്കറിയയുടെ ആഖ്യാനലോകം വിശകലനം ചെയ്യുകയാണ് ലേഖകൻ. സമകാല വിശപ്പിന്റെ അനുഭവ രാഷ്ട്രീയവും നീതിയും നീതി നിരാസങ്ങളുടെ പ്രതിഷേധ ശബ്ദവും സക്കറിയ കഥകളിൽ കടന്നുവരുന്നുണ്ട്. സക്കറിയ കഥകളുടെ ദർശന തലവും അതിന്റെ ഭാഷയും ആഖ്യാനവുമാണ് ഈ ലേഖനം.

കെ സജീവ് കുമാറിന്റെ “അലിഞ്ഞലിഞ്ഞ്’ എന്ന കാവ്യസമാഹാരത്തെക്കുറിച്ചുള്ള പഠനമാണ് “രഹസ്യവനങ്ങളിൽ പൂത്ത ഒറ്റ മരം’. കെ സജീവ് കുമാർ എന്ന ഉത്തരാധുനിക കവിയുടെ പ്രണയ കവിതകളുടെ സമാഹാരമാണിത്. ഈ കവി പിൻതുടരുന്ന പൂർവപാരമ്പര്യവും സർഗാത്മകാന്വേഷണങ്ങളും അന്വേഷിക്കുന്നുണ്ടിവിടെ. ഈ കവിതകൾ മിക്കതും കേവല ആവിഷ്‌കാരങ്ങളല്ല മറിച്ച് ജീവിതവും ആസക്തികളുടെ തീ ജ്വാലകളുമാണ്. ഈ കവിതകളുടെ മിസ്റ്റിക് തലം തിരിച്ചറിയുന്നു എന്നതാണ് രതീഷിനെ വ്യത്യസ്തനാക്കുന്നത്. കാളിദാസനും ഒക്ടോവിയോ പാസും നെരൂദയും തുടങ്ങി പ്രണയത്തെക്കുറിച്ചെഴുതിയ മിക്ക കവികളുടെയും ജീവിതദർശനങ്ങൾ ഈ പഠനത്തിന്റെ ഭാഗമാകുന്നുണ്ട്.

ആധുനിക വിമർശനത്തിന്റെ പ്രവചന സ്വരം മലയാളത്തിലുണർത്തിയ നിരൂപകനായിരുന്നു കെ പി അപ്പൻ. “തിരസ്‌ക്കാരം’ എന്ന കൃതി അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. എഴുത്തുകാരൻ ആരായിരിക്കണം, പ്രത്യയ ശാസ്ത്രങ്ങളോടുള്ള അയാളുടെ സമീപനം എന്തായിരിക്കണം, എഴുത്തുകാരൻ ലാവണ്യ പക്ഷത്ത് നില ഉറപ്പിക്കേണ്ടതിന്റെ ആവശ്യം എന്ത് ഇങ്ങനെ നിരവധി പ്രശ്‌നങ്ങൾ കെ പി അപ്പൻ ഉന്നയിച്ചു. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന രതീഷ് ഇളമാടിന്റെ ലേഖനമാണ് “ഒരു കാളപ്പോരിന്റെ ആത്മകഥ’. കൃതികളോ കലാരൂപങ്ങളോ ഒരിക്കലും വ്യക്തിയുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കില്ല എന്ന വസ്തുത ആധികാരികമായി അവതരിപ്പിക്കുകയായിരുന്നു കെ പി അപ്പൻ. അങ്ങനെ എങ്കിൽ മനുഷ്യകുലം കൃതികൾ കൊണ്ടുതന്നെ വിമലീകരിക്കപ്പെടുമായിരുന്നു. വൈലോപ്പിള്ളിയുടെ “മാമ്പഴം’ ഇവിടെ ഉദാഹരണമായി എടുത്തുകാട്ടുന്നുണ്ട്. രതീഷ് ഇളമാടും ഈ കാര്യത്തെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. കെ പി അപ്പൻ എന്ന ആധുനിക വിമർശകനെ വളരെ ശരിയായി അടയാളപ്പെടുത്തുന്നു ഈ ലേഖനം.

“പാപബോധം തേട്ടിയരയ്ക്കുന്ന (സ്)മൃതി കാലം’ എന്ന ശീർഷകത്തിൽ കഥാകൃത്തും നോവലിസ്റ്റുമായ എസ് ആർ ലാൽ വിലയിരുത്തപ്പെടുന്നു. ലാൽ- ന്റെ “എരിവ്’ എന്ന കഥയിലെ രാമചന്ദ്രൻ, കൊപ്ര മോഹനൻ എന്നിങ്ങനെ പാപബോധത്തിൽ ആനന്ദിക്കുന്ന കഥാപാത്രങ്ങളുടെ മാനസിക ലോകത്തിലേക്കാണ് രതീഷ് ഇളമാട് കടന്നുചെല്ലുന്നത്. മനുഷ്യ ജീവിതത്തിന്റെ സമ്പൂർണമായ പാപഭാരത്തെ അടയാളപ്പെടുത്തുന്ന ദസ്‌തേവിസ്‌കിയുടെ കാരവസോവ് സഹോദരങ്ങൾ എന്ന കൃതി ഇവിടെ പരാമർശിക്കപ്പെടുന്നുണ്ട്.

“ശിഥിലമായിരിക്കുമ്പോഴും ഏകാന്തമായിരിക്കുക
സംഭാഷണമാകുമ്പോഴും ആത്മഭാഷണമായിരിക്കുക’ എന്ന സച്ചിദാനന്ദന്റെ കവിത കൊണ്ടാണ് എസ് ആർ ലാലിന്റെ കഥാഖ്യാനത്തെ രതീഷ് ഇളമാട് നിർവചിക്കുന്നത്. വിശപ്പിന്റെയും തീക്ഷ്ണതയുടെയും ആത്മീയ നൈതികതയുടെയും ചോദ്യങ്ങൾ എരിവ് എന്ന കഥ ഉന്നയിക്കുന്നുണ്ടെന്നും ഇവിടെ കൂട്ടിച്ചേർക്കുന്നു. എരിവ് എന്ന കഥ ഒ വി വിജയന്റെ കടൽത്തീരത്ത് എന്ന കഥ സൃഷ്ടിക്കുന്ന നനവുപോലെയൊന്ന് വായനക്കാരിലുണ്ടാക്കുന്നു എന്ന് ഈ നിരൂപകൻ അഭിപ്രായപ്പെടുന്നു. ഒരൊറ്റ കഥയിലൂടെ എസ് ആർ ലാൽ എന്ന എഴുത്തുകാരൻ രചനകളിൽ പുലർത്തുന്ന ദാർശനിക ഭാവം അന്വേഷിക്കുകയാണ് ഈ ലേഖനം.

വാക്കുകൾ ശക്തിയുള്ളതാണ്. എന്നാൽ അറമ്പറ്റിപ്പോയ വാക്കുകളുമുണ്ട്. ഉണ്ണായി വാര്യർ, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. “വൃശ്ചികം വന്നു വിളിച്ചപ്പോൾ’… എന്ന പ്രയോഗത്തിലൂടെ, വൃശ്ചികം വന്ന് നമുക്കിടയിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ എഴുത്തുകാരനാണ് സതീഷ് ബാബു പയ്യന്നൂർ. “മരണമെന്ന നിതാന്ത സത്യത്തിന്റെ ആത്മീയോന്നതിയെക്കുറിച്ചുള്ള ജ്ഞാനം’ സതീഷ് ബാബു പയ്യന്നൂരിന്റെ “ഉള്ളം’ എന്ന കഥ ചർച്ച ചെയ്യുന്നതും ഈ വേദാന്തമാണ്. “ആത്മീയ ഉള്ളറകളിലേക്കുള്ള ഒരു സായന്തനയാത്ര’ എന്ന ലേഖനത്തിൽ കഠോപനിഷത്തിലെ ദർശനങ്ങളെ മുൻനിർത്തി ഉള്ളം എന്ന കഥയെ സമഗ്രമായി വിലയിരുത്തുന്നു. അതുപോലെതന്നെ “ആനന്ദചിന്മയ ഹരേ ഗോപികാരമണാ’ എന്ന ലേഖനത്തിൽ സുഗതകുമാരി കവിതയിലെ നിഗൂഢമായ കൃഷ്ണപ്രണയത്തെ വളരെ ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്നു.

“മീശ’ എന്ന കൃതി കേരളത്തിലെ പ്രധാനപ്പെട്ട ഒരു ആനുകാലികത്തിൽ തുടർനോവലായി പ്രസിദ്ധീകരിക്കുന്ന സമയത്താണ് വർഗീയമായും ജാതിപരമായും ഉള്ള പരാമർശങ്ങളാൽ ഈ കൃതി നിർത്തിവെക്കേണ്ടി വന്നത്. ഈ കൃതി പിന്നീട് നോവൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ജെ സി ബി ഉൾപ്പടെയുള്ള നിരവധി പുരസ്‌കാരങ്ങൾ അതിന് ലഭ്യമാകുകയും ചെയ്തു. യഥാർഥത്തിൽ മലയാളികളുടെ പുരോഗമന ബോധത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന കാപട്യങ്ങളുടെ നേർക്കാഴ്ച ആയിരുന്നു ആനുകാലികങ്ങളിൽ പ്രത്യക്ഷമായത്. കുട്ടനാടിന്റെ ജീവിതവും ദലിതന്റെ അതിജീവനവും ഇത്ര സുന്ദരമായി അവതരിപ്പിക്കുന്ന ഒരു നോവൽ എന്ന നിലയിൽ “മീശ’ ഏറെ ശ്രദ്ധേയമാണ്. “നിഷ്‌കാപട്യത്തിന്റെ പാഠപുസ്തകം’ എന്ന ഉപശീർഷകത്തിലൂടെ ഈ നോവലിനെ സമഗ്രമായി വിലയിരുത്തുന്നു രതീഷ് ഇളമാട്. കൃതിയും സന്മാർഗികതയും ചരിത്രവും ഒരിക്കലും ഒത്തുപോകുന്നതല്ല എന്ന യാഥാർഥ്യം ഈ പഠനത്തിൽ വളരെ വ്യക്തമാണ്. ഒരിക്കലും സർഗാത്മക രചനകൾ മനുഷ്യനെ തിരുത്താൻ പ്രേരകമാകുന്നില്ല, എന്നാൽ സ്വാധീനിക്കാൻ കഴിയും എന്ന യാഥാർഥ്യം രതീഷ് ഇളമാട് ഈ പഠനത്തിൽ സ്ഥാപിക്കുന്നുണ്ട്.

ലോക സാഹിത്യത്തിന്റെ പശ്ചാത്തലത്തിൽ മലയാളത്തിലെ എഴുത്തിനെ വിശകലനം ചെയ്യാനുള്ള ശ്രമം രതീഷ് ഇളമാടിന്റെ എഴുത്തിൽ നമുക്ക് കാണാൻ സാധിക്കും. വിമർശക സ്വഭാവമുള്ള ഭാഷയും സൂക്ഷ്മ നിരീക്ഷണവും വിശകലനവും താരതമ്യ സമീപനവും അദ്ദേഹത്തിന്റെ ഭാഷക്കുണ്ട്. സാഹിത്യം എന്നത് ദേശകാലങ്ങൾക്കപ്പുറമാണ്. മനുഷ്യാവസ്ഥ എന്ന മഹാസത്ത ദേശകാലങ്ങളെ അപ്രസക്തമാക്കുന്നു. സമകാല വിമർശനം പരാജയപ്പെടുന്നതിന്റെ കാരണം ഇതാണ്. സ്തുതിപാഠകരല്ല വിമർശകർ. ലാവണ്യ ബോധത്തിലധിഷ്ഠിതമായ ഒരു വിമർശന സരണി മലയാളത്തിലുണ്ട്. കെ പി അപ്പൻ അത്തരമൊരു ശൈലി പിൻതുടർന്നിട്ടുണ്ട്. ഇത്തരമൊരു സ്വാധീനത രതീഷ് ഇളമാടിലുമുണ്ട്. പ്രത്യയ ശാസ്ത്രപരമായും രാഷ്ട്രീയവുമായുള്ള നിലപാടുകൾ ഈ എഴുത്തുകാരനെ ഏറെ വ്യത്യസ്തനാക്കുന്നു. സമകാല വിമർശനം ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം അന്വേഷണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

---- facebook comment plugin here -----

Latest