National
പഠന സമ്മര്‍ദമെന്ന് കുറിപ്പ്; കര്‍ണാടകയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍
ഹള്ളിഗാട്ട് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തേജസ്വിനി (19) യെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരു | കര്‍ണാടകയില്‍ കുടക് ജില്ലയിലെ പൊന്നംപേട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തേജസ്വിനി (19) യെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പഠന സമ്മര്‍ദം മൂലം ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങള്‍ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താത്പര്യമില്ലെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശി മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി. മൂന്നുദിവസം മുമ്പ് തന്റെ പത്തൊമ്പതാം ജന്മദിനം തേജസ്വിനി കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. അന്ന് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത തേജസ്വിനി വൈകിട്ട് നാലോടെ ഹോസ്റ്റലിലേക്ക് മടങ്ങിയതായിരുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).