Connect with us

First Gear

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവം ഗൗരവതരം; നിര്‍മാതാക്കള്‍ക്ക് എതിരെ നടപടിയുണ്ടാകും: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

മാര്‍ച്ച് 25 വരെ രാജ്യത്ത് 10,76,420 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 1,742 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സംഭവത്തില്‍ ഫോറന്‍സിക് അന്വേഷണത്തിന് ശേഷം നിര്‍മ്മാതാക്കള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു. മാര്‍ച്ച് 25 വരെ രാജ്യത്ത് 10,76,420 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 1,742 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഗഡ്കരി പറഞ്ഞു.

‘കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഞങ്ങള്‍ സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്റ് എന്‍വയോണ്‍മെന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്), ഡിആര്‍ഡിഒ, ബെംഗളൂരുവിലെ ഐഐഎസ്‌സി എന്നിവയില്‍ നിന്നുള്ള വിദഗ്ധരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഓരോ സംഭവത്തിലും ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് – ഗഡ്കരി വ്യക്തമാക്കി.

ഇവികള്‍ക്കും ബാറ്ററികള്‍ക്കും അനുമതി നല്‍കുന്നതിനുള്ള ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ ആഗോള നിലവാരം അനുസരിച്ചാണെന്നും അപകടങ്ങള്‍ക്ക് പിന്നിലെ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്തി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം അതിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മറ്റൊരു അനുബന്ധ ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു.

ദേശീയ പാതകളില്‍ 650 പാതയോര സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇതില്‍ 40 എണ്ണത്തിന്റെ പ്രവൃത്തി തുടങ്ങിയെന്നും ഗഡ്കരി ചോദ്യോത്തര വേളയില്‍ അറിയിച്ചു.

Latest