Connect with us

International

കൃത്രിമ കാലുകള്‍ സ്വന്തമായി; എട്ട് വയസ്സുകാരി മറ്റില്‍ഡക്ക് ഇനി നടക്കാം

പോളണ്ടിലെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ആണ് (കെ എസ് റിലീഫ്) കൃത്രിമ കാല്‍ ഘടിപ്പിച്ച് നല്‍കിയത്.

Published

|

Last Updated

വാര്‍സോ/റിയാദ് | യുക്രൈന്‍ യുദ്ധത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീല്‍ചെയറില്‍ ഒതുങ്ങി കഴിയുകയായിരുന്ന എട്ട് വയസ്സുകാരി മറ്റില്‍ഡയുടെ സ്വപ്നം യാഥാര്‍ഥ്യമായി. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മറ്റില്‍ഡക്ക് തുണയായി കൃത്രിമ കാലുകള്‍ സമ്മാനിച്ചു.

തന്റെ ഗ്രാമത്തിലെ ഇടവഴിയില്‍ കളിച്ചുകൊണ്ടിരുന്ന സമയത്താണ് മറ്റില്‍ഡ അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് കാലുകളും കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു. ചലനശേഷി നഷ്ടപ്പെട്ടതോടെ, നടക്കാനോ കളിക്കാനോ സുഖമായി ഇരിക്കാനോ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇത് കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കഠിനമായി ബാധിച്ചു. യുദ്ധം രൂക്ഷമായതോടെ പോളണ്ടില്‍ അഭയം തേടുകയായിരുന്നു മട്ടില്‍ഡയുടെ കുടുംബം.

യുദ്ധത്തിന്റെ ഇരകള്‍ക്ക് പുനരധിവാസ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയെ കുറിച്ച് മറ്റില്‍ഡയുടെ മാതാപിതാക്കള്‍ മനസ്സിലാക്കുകയും കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററുമായി അഫിലിയേറ്റ് ചെയ്ത പോളണ്ടിലെ പ്രോസ്‌തെറ്റിക് അവയവ കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്തു. പോളിഷ് ആരോഗ്യ മന്ത്രാലയം തങ്ങളുടെ മകളെ അംഗവൈകല്യമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ സാമ്പത്തിക ബാധ്യതകളും അനിശ്ചിതത്വവും മൂലം വലഞ്ഞുപോയ ആ കുടുംബത്തിന് പ്രതീക്ഷയുടെ തിളക്കം ലഭിക്കുകയായിരുന്നു

പോളണ്ടിലെ കൃത്രിമ അവയവ കേന്ദ്രത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നു. മറ്റില്‍ഡയുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ പരിഗണിച്ച് മെഡിക്കല്‍ റിപോര്‍ട്ട് തയ്യാറാക്കി. കൃത്രിമ അവയവങ്ങള്‍ ഘടിപ്പിക്കുന്നതിന് മുമ്പ് പേശികളെ ശക്തിപ്പെടുത്തുക, ബാലന്‍സ് മെച്ചപ്പെടുത്തുക, വേദന ലഘൂകരിക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള കര്‍ശനമായ പുനരധിവാസ പരിപാടിക്ക് മറ്റില്‍ഡ വിധേയയായി. ഓര്‍ത്തോപീഡിക്, വിദഗ്ദ ഡോക്ടര്‍മാര്‍, പ്രോസ്‌തെറ്റിക് അവയവ വിദഗ്ധര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രീ-ഇന്‍സ്റ്റാളേഷന് നേതൃത്വം നല്‍കിയത്. ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മറ്റില്‍ഡ കൃത്രിമ കാലുകളുടെ സഹായത്തോടെ എഴുന്നേറ്റു നടന്നു. ഇതിന്റെ സന്തോഷത്തിലാണ് മറ്റില്‍ഡയും മാതാപിതാക്കളും.

യെമന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ ഭൂകമ്പം ബാധിച്ചവര്‍, പോളണ്ടിലെ യുക്രൈന്‍ യുദ്ധബാധിതര്‍ എന്നിവരുള്‍പ്പെടെ ഗുരുതരമായ ആരോഗ്യ സഹായങ്ങള്‍ ആവശ്യമുള്ള രാജ്യങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ പ്രോഗ്രാം സൗജന്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ സേവനങ്ങളാണ് നല്‍കിവരുന്നത്.

 

Latest